Sunday, 29 May 2016

തിരകൾ എണ്ണുമ്പോൾ



ഉയരെ മധ്യാഹ്നസൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ
തരള മോഹന മൗക്തികമാക്കിയും
ചുഴികളിൽ നൃത്തമാടിത്തിമർക്കുന്ന
മകരമത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നിൻ കണ്ണുകൾ
തിരകളെണ്ണവേ പാതി അടഞ്ഞതിൽ
കനവനല്പമായൊഴുകിയെത്തീടുന്നു,
മണലിലൂഷ്മാവു തേടുന്നു നിൻ വിരൽ.

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകതരേണുക്കൾ
പദനഖങ്ങൾ തൊടുമ്പോൾ ചിരിച്ചുകൊ -
ണ്ടൊഴുകിമാറുന്ന സൗന്ദര്യധാമങ്ങൾ.

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ
പ്രണവനാദ പ്രസൂനം വിടർന്നതിൽ
മധു തുളുമ്പുന്നു, വാൽക്കണ്ണെഴുതിയ
നറുനിലാവായി മാറുന്നു നിന്നകം.

തിരകളെണ്ണുന്നു, നീല വിരിയിട്ട
കടലു തരിവളക്കൈകളാൽ തിരയുന്നു
സമയവാതായനത്തിലൂടാവിയായ്
പുലരിതേടിയ നീർമണിത്തുള്ളിയെ.

തിരകളെണ്ണുന്നു, സാന്ദ്രമൗനത്തിന്റെ
ഇരുളുഭേദിച്ചു കടലിരമ്പീടുന്നു,
തിരികെയെത്താത്ത ജൈവനാളങ്ങളൊ
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകളെണ്ണുന്നു, നിൻ നഗ്നമേനിയിൽ
കടലുതേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ ചുംബിച്ചു
ലഹരിപുഷ്പിച്ച കർമ്മകാണ്ഡങ്ങളെ.

---------------
14.04.2016

1 comment:

  1. തിരകൾ എണ്ണുന്നു, സാന്ദ്ര മൗനത്തിന്റെ
    ഇരുളു ഭേദിച്ചു കടലിരമ്പീടുന്നു,
    തിരികെ എത്താത്ത ജൈവ നാളങ്ങളോ
    മരുവിടങ്ങളിൽ തിരകളെ തേടുന്നു..

    എണ്ണ്യാലും എണ്ണ്യാലും തീരാത്ത തിരകളുള്ളിടത്തോളം
    കാലം വരെ നമുക്ക് എന്നുമെന്നും തിരകൾ എണ്ണികൊണ്ടിരിക്കാം

    ReplyDelete

Hope your comments help me improve.