Wednesday, 7 June 2017

ഏണിയും പാമ്പും


കലണ്ടറിനിരുപുറം നാമിരുപേർ,
പൊട്ടുകൾ തൊട്ട ചതുരക്കട്ട,
യാദൃശ്ചികതയുടെ വാതായനങ്ങൾ,
ചാഞ്ഞുപെയ്യുന്ന മഴയിൽ അടർന്നുവീഴുന്ന ഇലകൾ പോലെ
ദിനരാത്രങ്ങൾ,
ഏണിയിലേറി ഭാവിയിലേക്ക്,
കാഴ്ചവറ്റിയ ഫണിയിലേറി ഭൂതത്തിലേക്ക്.
സഖീ... ഇത് ഏണിയും പാമ്പും.

നാട്ടുമാങ്ങയ്ക്കു നീ കൊതിക്കുന്നുവോ?
അഹിയിലേറി നമുക്കു പിന്നോട്ടു പോകാം.
ദിനരാത്രങ്ങളുടെ തിരകൾ മുറിച്ചു
മഴയിൽ കുതിർന്ന ഉർവ്വിയിൽ
ഒരു തൈ നടാം.
വേനലിന്റെ വറുതിയിൽ വെള്ളമൊഴിക്കാം,
ഏണിയിലേറി മുന്നോട്ടു പോയി
ആദ്യകനിയിൽ വാത്സല്യത്തിന്റെ നിലാവു പൊഴിക്കാം,
വീണ്ടും മുന്നോട്ടു പോയി
പടർന്ന ചൂതശാഖയിൽ ഊഞ്ഞാലാടാം.
ചാഞ്ഞുപെയ്യുന്ന മഴയിൽ
ഉതിർന്നു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുക്കാം.

കണ്ണടക്കാരൻ സുഹൃത്തു പറഞ്ഞതുപോലെ,
(ഏണിയിലേറി ) നൂറ്റാണ്ടു കഴിഞ്ഞു നമുക്കു ജനിക്കാം.
ചൊവ്വയിലെ അങ്കക* കുടീരങ്ങളിൽ ഉറങ്ങിയുണരാം,
ദൂരദർശിനിയിലൂടെ ഉർവ്വിയെ നോക്കിക്കാണാം,
ചാഞ്ഞു പെയ്യുന്ന അമ്ലമഴയിൽ അലിഞ്ഞില്ലാതാകുന്ന
ജൈവരൂപങ്ങളെ ഓർത്തു നെടുവീർപ്പിടാം.

സഖീ... യാദൃശ്ചികതയുടെ മറ്റൊരു വാതിൽ തുറക്കുന്നു.
നമുക്കു വർത്തമാനത്തിന്റെ ആകുലതകളിലേക്കു മടങ്ങാം.
കലണ്ടറിലെ അക്കങ്ങളിൽ നിസ്സംഗരാകാം.
ചാഞ്ഞു പെയ്യുന്ന ഈ മഴയുടെ കുസൃതിയിൽ
നമുക്കൊരു കുടക്കീഴിൽ നനയാം.
ചെളിവെള്ളം തെറ്റിച്ചു പൊട്ടിച്ചിരിക്കാം.
വെറുതെ വെറുതെ പൊട്ടിച്ചിരിക്കാം...

-------------------
07.06.2017

2 comments:

  1. കലണ്ടറിനിരുപുറം നമ്മൾ ഇരുപേർ,
    പൊട്ടു തൊട്ട ചതുരക്കട്ട,
    യാദൃശ്ചികതയുടെ വാതായനങ്ങൾ,
    ചാഞ്ഞു പെയ്യുന്ന മഴയിൽ അടർന്നു വീഴുന്ന ഇലകൾ പോലെ
    ദിനരാത്രങ്ങൾ,
    ഏണിയിലേറി ഭാവിയിലേക്ക്,
    കാഴ്ച വറ്റിയ ഫണിയിലേറി ഭൂതത്തിലേക്ക്.
    സഖീ... ഇത് ഏണിയും പാമ്പും...ഇതൊരു ദാമ്പത്യ ജീവിതം ..!

    ReplyDelete
  2. വായിച്ചു നിറഞ്ഞത്‌ എത്രയോ തുച്ഛം.. വയിയ്ക്കാനുള്ളത് എത്രയോ ഏറെ...

    ReplyDelete

Hope your comments help me improve.