കൂത്തരങ്ങൊഴിഞ്ഞീടുന്നു സാമ്പ്രതം
ആർത്തനാദം മുഴക്കും മിഴാവിന്റെ
ഊർധ്വനെത്തിടും മുമ്പണഞ്ഞീടണം.
പണ്ടു പാണനാർ പാടിയ പാട്ടിലും
ചെണ്ടകൊട്ടിയ തോറ്റത്തിലും യഥാ
സംക്രമിപ്പിച്ച ഭാവനാ തന്തുക്കൾ
ബന്ധുരം, വൃഥാ ഭാരമായ് മാറൊലാ.
രണ്ടതില്ലാത്ത സംസ്‌കൃത ചര്യയിൽ
ഇണ്ടലേറ്റുന്നു രണ്ടെന്ന ചിന്തകൾ.
കീർത്തനാലാപ ബാഹ്യമേളങ്ങളിൽ
ചേർത്തു വയ്‍ക്കൊലാ അന്തരാത്മാവിനെ.
പിന്തിരിഞ്ഞു നടക്കാനെളുതല്ല
സന്തതം സഹചാരി തിരിഞ്ഞിലും
ബന്ധമോചന തീർത്ഥയാത്രക്കുള്ള
പന്തമാണെന്നനിശം മറന്നിടാ.
ചാരമാക്കും പുരീഷ മൊരുപിടി
വാരി നെറ്റിയിൽ തേയ്ക്കുന്നതിൽ അനാ-
ചാരമില്ലതാചാരവു മല്ലഹം
ചാരമാകേണ്ടതെന്ന പൊരുളത്രെ.
ചാരമായിടും മുൻപുണർന്നേറ്റിടാം
പാരിൽ ക്ലിഷ്ടമാം രാവെഴുന്നെള്ളവെ
സാരസമ്പുഷ്ട ജീവിതാകാശത്തിൽ
താരമായി പ്രകാശം പരത്തിടാം.
-----------
20.10.2018
രണ്ടതില്ലാത്ത സംസ്‌കൃത ചര്യയിൽ
ReplyDeleteഇണ്ടലേറ്റുന്നു രണ്ടെന്ന ചിന്തകൾ.
കീർത്തനാലാപ ബാഹ്യമേളങ്ങളിൽ
ചേർത്തു വയ്‍ക്കൊലാ അന്തരാത്മാവിനെ.
പിന്തിരിഞ്ഞു നടക്കാനെളുതല്ല
സന്തതം സഹചാരി തിരിഞ്ഞിലും
ബന്ധമോചന തീർത്ഥയാത്രക്കുള്ള
പന്തമാണെന്നനിശം മറന്നിടാ...