എത്രയോ പരിചിതമിപ്പാലം, ഋതുഭാര
ദുർബ്ബലം, വയോധികമെങ്കിലും സമാരാദ്ധ്യം.
ഉത്തുംഗശോഭിതം ശിലാസ്തംഭയുഗളങ്ങൾ,
മുക്തിതേടുമൂഞ്ഞാൽപോലത്ഭുതം തൂക്കുപാലം.
സന്ധ്യയിൽ നിന്നും നീണ്ട പാതിരാവഴി താണ്ടി
ബന്ധുരം പുലരിയിലണയും യാമങ്ങൾ പോൽ,
അക്കരെനിന്നും സ്നേഹദൂതുമായ് അലമുറി -
ച്ചിക്കരെയെത്തി മുന്നം പ്രോജ്ജ്വലശരീരിയായ്.
പണ്ടൊരശ്വത്ഥം* പോലും തളിർത്തതു നിൻ ശിലാ-
ഖണ്ഡങ്ങളൊരുക്കിയ ഗേഹത്തിൽ നിന്നാണല്ലോ!
ഇന്നു ഞാൻ തിരയുന്നു പേടിച്ചു വിറപൂണ്ടൊ-
രുണ്ണിതൻ കാൽപ്പാടുകൾ പതിഞ്ഞ പലകകൾ.
മാത്രകൾ പിറകോട്ടു യാത്രയാകുമ്പോൾ മുന്നിൽ
മൂർത്തമായ് തെളിയുന്നു വിസ്‌മൃതനിമേഷങ്ങൾ
കാറ്റു വീശുന്നു, യക്ഷിപ്പാല പൂത്തുലയുന്നു**
തോറ്റമായെത്തിടുന്നു ദാവണിക്കിനാവുകൾ***
വിദ്രുമസന്ധ്യാമ്പരരാഗലേപം നീ തൊട്ടു
നെറ്റിയിലണിഞ്ഞന്നു സേതുവിലുലാത്തവേ
മുഗ്‌ദ്ധകാമനയുടെ ചിറ്റോളമുകുളങ്ങൾ
ചുറ്റിലും വിരിഞ്ഞിഷ്ടഗന്ധങ്ങളണഞ്ഞെന്നിൽ.
അന്നൊരു സായന്തന സുന്ദരലഹരിയിൽ
നിന്നെ നേടുവാൻ പാലം കടന്നു വന്നേൻ സഖീ.
നീട്ടിയെൻ കരങ്ങളിൽ പുളകം വിതച്ചു നീ
നീട്ടിയ കരാംഗുലിസ്പർശനവസന്തങ്ങൾ.
സാക്ഷിയായ് പാലം, രമ്യതീരങ്ങളുണർന്നല്ലോ
തീക്ഷ്ണാനുരാഗത്തിന്റെ ഓളങ്ങളുഴിഞ്ഞപ്പോൾ.
ഉന്നതകമാനങ്ങൾക്കരികിൽ കരംകോർത്തു
പിന്നെ നാം നിരന്തരം നടന്നീ വഴികളിൽ.
പിഞ്ചു കൈവിരലുകൾ കവർന്നു നടന്നു നാം
സഞ്ചിതവേഗത്തോടെ കാലം കുതിച്ചീടവേ
പിന്നെ സൗഹൃദത്തിന്റെ പാലങ്ങൾ പണിഞ്ഞേറെ-
ക്കണ്ണുനീർക്കയങ്ങൾക്കു കുറുകെ നിരന്തരം.
എത്ര ജീവനമൊഴുകിക്കടന്നുപോയ്, മീതെ
എത്ര കാലടിപ്പാടിൻ ചിത്രങ്ങൾ പതിഞ്ഞുപോയ്,
എത്ര നീരദപാളികൾ വർഷഹാരം ചാർത്തി,
എത്ര കപോതമിഥുനങ്ങൾ ചേക്കേറി രാവിൽ!
സ്പർദ്ധതൻ, വൈരാഗ്യത്തിൻ മാലിന്യക്കിടങ്ങുകൾ
വ്യർത്ഥമായൊഴുകിപ്പോം വെറുപ്പിൻ തടിനികൾ,
എത്രയോ കണ്ടു നമ്മൾ തപ്തരായെത്തി വീണ്ടും
എത്രമേലറിയുമീ സൗഹൃദപുളിനത്തിൽ.
വിണ്ടുകീറിയപാളം, നീണ്ട കണ്ണികൾ, താഴെ
തണ്ടുലഞ്ഞൊഴുകുന്ന കാമിനി കല്ലോലിനി.
ഒട്ടുമേ അറിയാത്ത ദേവഗംഗയെക്കാളും
തൊട്ടുഴിഞ്ഞൊഴുകും നീ എത്രയും മനസ്വിനി.
കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി,
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?
-------
* പാലത്തിന്റെ ഒരു കമാനത്തിനു മുകളിൽ ചെറിയ ഒരു ആൽ വൃക്ഷം കുറെ നാൾ ഉണ്ടായിരുന്നു.
** പാലത്തോടു ചേർന്നു, KSRTC ഗാരേജിനരികിൽ സന്ധ്യകളിൽ സുഗന്ധം വിതറിയിരുന്ന ഏഴിലംപാല.
*** ദേവീക്ഷേത്രത്തിലെ തോറ്റംപാട്ട്
No comments:
Post a Comment
Hope your comments help me improve.