Thursday, 18 April 2019

ഡിജിറ്റലിലേക്ക്*





കവിത വന്നെന്റെ ജാലകപ്പാളിതൻ
വെളിയിടത്തിലായ് നിൽക്കുന്നു, ശാന്തമീ
പുലരിയിൽ ചെറു വാകകൾ പൂക്കുന്ന
നറു സുഗന്ധത്തി ലെന്തോ മറന്നപോൽ.

കരുണയോലും മിഴിപ്പൂക്കൾ തേടുന്ന 
പുതു സമീക്ഷയീ ജാലകപ്പാളിക്കു
പുറകിലുത്സവ മേളം മുഴക്കുന്നു.
വരിക ധന്യ നീ സൗന്ദര്യധാമമെ!

പതിയെ ഞാൻ തുറന്നീടട്ടെ ജാലകം
പുളകമേകിയെൻ കൈകൾ കവർന്നിടു.
തരള കോമള കാമ്യ പാദങ്ങൾ വ-
ച്ചകമലരിൽ കടന്നു വന്നീടു നീ.

കണിശമായ് 'ഏക,ശൂന്യ'ങ്ങൾ മീട്ടുന്ന
മധുര മായാവിപഞ്ചികാ ഗാനത്തിൽ
കവന കന്യകേ കാൽച്ചിലമ്പിട്ടു നീ
 മഹിത, ലാസ്യ പദങ്ങളാടീടുക.

പഴമ മാറാല കെട്ടിയ താളിന്റെ
പടിയിറങ്ങിത്തിരിഞ്ഞു നോക്കാതെ നീ
മഷിപുരണ്ടിഷ്ടവസനമുപേക്ഷിച്ചു
ശമ്പള വാഗ്ദത്ത ഭൂമിക തേടുന്നു.

ഇവിടമാണു നീ തേടുന്നനശ്വര
പ്രണയ സാന്ത്വന ശ്രീരംഗമണ്ഡപം.
ഇവിടമാണു നീ തേടും വിപഞ്ചികാ
മധുര നാദം മുഴങ്ങും സഭാതലം.

കനക നൂപുരം ചാർത്തി, സുസ്മേരത്തി-
നൊളി പരത്തി നീ നർത്തനമാടവെ
മരണ സ്വപ്‌നങ്ങൾ കാണാ മരങ്ങളെ-
ത്തഴുകി തെന്നലെൻ കാതിൽ മന്ത്രിക്കുന്നു.

"തിരകൾ മാടി വിളിക്കുന്നു, പിന്നിൽ നി-
ന്നടവി 'കാത്തുനിൽക്കെന്നു' ചൊല്ലീടുന്നു,
ഇനി വിളംബമില്ലെത്രയോ ദൂരങ്ങൾ
കരുതി നിൽക്കുന്നു കാലാതിവർത്തിയായ്"


 ---------------------------
* 18.04.2019

2 comments:

  1. 💪😘👏👏ഇതുപോൽ ലാസ്യ പദങ്ങളാടീടുവാൻ
    ഒരു കവിതയും എന്റെ ജാലകപ്പുറത്ത് വരുന്നില്ലല്ലോ
    എന്നുള്ള കുശുമ്പ് മാത്രം... 😅

    ReplyDelete
  2. എത്ര മേടങ്ങൾ മാറിമാറി വന്ന് പോയിട്ടും
    ഇപ്പോഴും എൻ ഭാമിനിക്ക് വേണ്ടി തോളിൽ
    ഗർവ്വിന്റെ ഗദയും ചുമന്നു കണിക്കൊന്ന- തേടി
    അലഞ്ഞു മടുത്തു ചുമ്മാ നടക്കുന്നവരല്ലയോ നാം ..!

    ReplyDelete

Hope your comments help me improve.