വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ,
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.
വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം, മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.
(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)
----------------
30.01.2020
ആഴക്കടലിലെ
ReplyDeleteആമകൾക്കൊക്കെ
ആശയുണ്ടെന്നും ക്യാമറക്കണ്ണിൽ
ആവേശമായി വന്നൊന്നെത്തി നോക്കുവാൻ ...