Friday 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.



1 comment:

  1. നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
    മുഗ്ദ്ധ വസന്തമേ, സ്വച്ഛ പ്രണയമേ;
    നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്ന
    മന്ദാരസൂനമേ, നീ രമിക്കു...

    ReplyDelete

Hope your comments help me improve.