Sunday, 19 April 2020

വിഷമവൃത്തം



പൂക്കാതിരിക്കാൻ നിനക്കാവതില്ലെങ്കിൽ
നോക്കാതിരിക്കാൻ എനിക്കെങ്ങനായിടും?
നോക്കാതിരിക്കാൻ എനിക്കാവതില്ലെങ്കി-
ലോർക്കാതിരിക്കാൻ എനിക്കാവതില്ലഹോ!
ഓർക്കാതിരിക്കാൻ എനിക്കാവതില്ലെങ്കിൽ
പാട്ടായി മാറാതിരിക്കില്ല നിർണ്ണയം!
പാട്ടായി വന്നതു നിന്നെത്തലോടുകിൽ
പൂക്കാതിരിക്കാൻ കഴിയുമോ ഓമനേ?

*അയ്യപ്പ പ്പണിക്കരുടെ 'പൂക്കാതിരിക്കാനെനിക്കാവതില്ലേ...' എന്ന കവിത സ്മരിക്കുന്നു.

----------------
19.04.2021

Tuesday, 14 April 2020

അനിശം



ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കൊറോണയോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്‌നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ 'അനിശം' സമർപ്പിക്കുന്നു.

നീ കണ്ട സ്വപ്നമെന്തായിരുന്നു - അതിൽ
രാഗാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ - അതിൽ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?

ഇന്നലെ സന്ധ്യയ്‌ക്കുദിച്ചിരുന്നു - ശോണ
ചന്ദ്രൻ കിഴക്കെ മലഞ്ചരിവിൽ.
ഇന്ദ്രനീലക്കല്ലുപാകിയ വിണ്ണിന്റെ
നെഞ്ചിലൂടഗ്നിച്ചിറകുവീശി,
ഒത്തിരിയുൽക്കകൾ പാഞ്ഞുപോയി - കാറ്റു
പൊട്ടിക്കരഞ്ഞു പറന്നു പോയി.
ഏതോ വിഷാദരാഗത്തിൽ നിലവിളി-
'ച്ചാമ്പുലൻസൊ'ന്നു കടന്നുപോയി.
നീയതിൽ യുദ്ധം കഴിഞ്ഞുമടങ്ങവേ
ചോരപ്പതക്കങ്ങൾ നിൻ നെഞ്ചിലും,
പ്രാണമരുത്തു പിണങ്ങിയ നിൻ ശ്വാസ-
നാളത്തിലായിരം സ്വപ്നങ്ങളും.
താരകൾ മാറി വിതുമ്പി നിന്നു രാവ-
നാദിയുഷസ്സിനെക്കാത്തുനിന്നു.   

കാണാരിയോടു പടവെട്ടി നീ - രക്ത
സാക്ഷിയായ് മാറി ഞങ്ങൾക്കു വേണ്ടി.
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പേടിച്ചരണ്ടു നിൽക്കെ?
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പാടെ തരിച്ചു നിൽക്കെ?

വാണിജ്യ യുദ്ധം നയിക്കെ മറന്നു ഞാൻ
മാനുഷ്യകത്തിൻ പൊരുളറിയാൻ.
കൂരിരുൾക്കോട്ടകൾ  കെട്ടിയുയർത്തവേ
കാണാൻ മറന്നുഞാനീവസന്തം.
ഈ മഹാസൗന്ദര്യധാമമെൻചാരത്തു
ചാരുതയാർന്നുല്ലസിച്ചുനിൽക്കെ,
കാണാമറയത്തു തേടിയലഞ്ഞു ഞാൻ
ചേതോഹരാംഗിയാം ജീവിതത്തെ.
ഞാനറിയുന്നു, തിരിച്ചുപോകാൻ മറ്റൊ-
രേടില്ല നിൻ ജീവപുസ്തകത്തിൽ,
മാപ്പു നൽകു സഖേ, നിന്റെ സ്വപ്നങ്ങളെ
കാറ്റിൽപ്പറത്തിയതെന്റെയുദ്ധം.

------------
13.04.2020

മുഴക്കോൽ



കാറ്റിന്റെ വേഗമളക്കുവാനങ്ങേലെ
ചേട്ടൻ മുഴക്കോലുമായിവന്നു.

തേക്കിൽ കടഞ്ഞ മുഴക്കോലുമായയാൾ
കാറ്റിന്നുനേരെ തിരിഞ്ഞുനിന്നു.

പാട്ടിന്റെ ആഴമളക്കുവാൻ മറ്റൊരു
'ചോട്ടാ' മുഴക്കോലു നീട്ടിവച്ചു.

കേൾക്കാത്തപാതി മൊഴിഞ്ഞയാൾ "കാറ്റിന്നു
'തേർട്ടി' യിൽ താഴെയാണത്രെ താപം".

കാറ്റു ചിരിച്ചുപോയ്, താരകളമ്പര-
ന്നീറ്റ വനങ്ങൾ ചിരിയൊതുക്കി.

കാറ്റു മുളന്തണ്ടുമൂതി, ദിഗന്തങ്ങൾ
കേട്ടു പുളകിതരായി നിൽക്കെ,

ചേട്ടൻ മതിലകത്താവേശമോടിതാ
കാറ്റിനെക്കുറ്റം പറഞ്ഞിടുന്നു.

കോട്ട മതിലിൻ പുറത്താണു മാനവർ,
പാട്ടുകേട്ടാലവർ  നൃത്തമാടും.

ചേട്ടന്റെ നീട്ടമളക്കുവാൻ പോലുമീ
കാട്ടിൻ കുറുവടി കൊണ്ടെത്രയോ
പാട്ടിനെ തല്ലിക്കൊഴിച്ചു നീ കാട്ടാളാ,
പാട്ടു കേട്ടിട്ടു കിടന്നുറങ്ങു.

-------------------
13.04.2020

കണിക്കൊന്ന



എന്തിനു മറ്റൊരു മേടപ്പുലർക്കാഴ്ച
നീ കണിക്കൊന്നയായന്തികത്തിൽ?
എന്തിനു മറ്റൊരുഷസ്സന്ധ്യ കാതരേ
നീ പുഞ്ചിരിപ്പു വിഭാതമായി?
എന്തിനു സായന്തനത്തിന്റെ സാന്ത്വനം
തെന്നലായ് നീ വന്നു പുൽകിടുമ്പോൾ?
എന്തിനു രാവിൻ പരിരംഭണങ്ങളും
നിൻ കരവല്ലി പടർന്നിടുമ്പോൾ?

---------------
14.04.2020

Friday, 3 April 2020

മാഗധം



തംബുരു മീട്ടും കരാംഗുലീസ്പർശന
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.

സുന്ദരസ്വപ്ന മഗധയിൽ ഞാനൊരു
വെൺമേഘമായിട്ടലഞ്ഞീടവെ,
തെന്നലായ് നീ കപോലങ്ങളിൽ ചുംബിച്ചു,
സംഗീതമായിഞാൻ പെയ്തിറങ്ങി.

ആരോഹണങ്ങളിലാരോ കുതൂഹലം
തേരുതെളിച്ചു കടന്നുപോയി;
പാതിരാപ്പുള്ളുകൾ, താരകങ്ങൾ, നീല
രാവിലേകാന്ത മൃഗാങ്കബിംബം,
പാതിയുറങ്ങിയുണർന്ന മുളംകാടു,
പാടലീപുത്രരണാങ്കണങ്ങൾ.
ഏതോ പുരാതന സംഘസ്ഥലികളിൽ
തേരുതെളിച്ചു കടന്നുപോയി.

---------
03.04.2020