കാറ്റിന്റെ വേഗമളക്കുവാനങ്ങേലെ
ചേട്ടൻ മുഴക്കോലുമായിവന്നു.
തേക്കിൽ കടഞ്ഞ മുഴക്കോലുമായയാൾ
കാറ്റിന്നുനേരെ തിരിഞ്ഞുനിന്നു.
പാട്ടിന്റെ ആഴമളക്കുവാൻ മറ്റൊരു
'ചോട്ടാ' മുഴക്കോലു നീട്ടിവച്ചു.
കേൾക്കാത്തപാതി മൊഴിഞ്ഞയാൾ "കാറ്റിന്നു
'തേർട്ടി' യിൽ താഴെയാണത്രെ താപം".
കാറ്റു ചിരിച്ചുപോയ്, താരകളമ്പര-
ന്നീറ്റ വനങ്ങൾ ചിരിയൊതുക്കി.
കാറ്റു മുളന്തണ്ടുമൂതി, ദിഗന്തങ്ങൾ
കേട്ടു പുളകിതരായി നിൽക്കെ,
ചേട്ടൻ മതിലകത്താവേശമോടിതാ
കാറ്റിനെക്കുറ്റം പറഞ്ഞിടുന്നു.
കോട്ട മതിലിൻ പുറത്താണു മാനവർ,
പാട്ടുകേട്ടാലവർ നൃത്തമാടും.
ചേട്ടന്റെ നീട്ടമളക്കുവാൻ പോലുമീ
കാട്ടിൻ കുറുവടി കൊണ്ടെത്രയോ
പാട്ടിനെ തല്ലിക്കൊഴിച്ചു നീ കാട്ടാളാ,
പാട്ടു കേട്ടിട്ടു കിടന്നുറങ്ങു.
-------------------
13.04.2020
പാട്ടിന്റെ നീട്ടവും ആഴവും
ReplyDeleteതിട്ടപ്പെടുത്തുവാൻ പറ്റാത്ത മുഴക്കോലുകൾ ...