Tuesday 14 April 2020

അനിശം



ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കൊറോണയോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്‌നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ 'അനിശം' സമർപ്പിക്കുന്നു.

നീ കണ്ട സ്വപ്നമെന്തായിരുന്നു - അതിൽ
രാഗാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ - അതിൽ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?

ഇന്നലെ സന്ധ്യയ്‌ക്കുദിച്ചിരുന്നു - ശോണ
ചന്ദ്രൻ കിഴക്കെ മലഞ്ചരിവിൽ.
ഇന്ദ്രനീലക്കല്ലുപാകിയ വിണ്ണിന്റെ
നെഞ്ചിലൂടഗ്നിച്ചിറകുവീശി,
ഒത്തിരിയുൽക്കകൾ പാഞ്ഞുപോയി - കാറ്റു
പൊട്ടിക്കരഞ്ഞു പറന്നു പോയി.
ഏതോ വിഷാദരാഗത്തിൽ നിലവിളി-
'ച്ചാമ്പുലൻസൊ'ന്നു കടന്നുപോയി.
നീയതിൽ യുദ്ധം കഴിഞ്ഞുമടങ്ങവേ
ചോരപ്പതക്കങ്ങൾ നിൻ നെഞ്ചിലും,
പ്രാണമരുത്തു പിണങ്ങിയ നിൻ ശ്വാസ-
നാളത്തിലായിരം സ്വപ്നങ്ങളും.
താരകൾ മാറി വിതുമ്പി നിന്നു രാവ-
നാദിയുഷസ്സിനെക്കാത്തുനിന്നു.   

കാണാരിയോടു പടവെട്ടി നീ - രക്ത
സാക്ഷിയായ് മാറി ഞങ്ങൾക്കു വേണ്ടി.
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പേടിച്ചരണ്ടു നിൽക്കെ?
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പാടെ തരിച്ചു നിൽക്കെ?

വാണിജ്യ യുദ്ധം നയിക്കെ മറന്നു ഞാൻ
മാനുഷ്യകത്തിൻ പൊരുളറിയാൻ.
കൂരിരുൾക്കോട്ടകൾ  കെട്ടിയുയർത്തവേ
കാണാൻ മറന്നുഞാനീവസന്തം.
ഈ മഹാസൗന്ദര്യധാമമെൻചാരത്തു
ചാരുതയാർന്നുല്ലസിച്ചുനിൽക്കെ,
കാണാമറയത്തു തേടിയലഞ്ഞു ഞാൻ
ചേതോഹരാംഗിയാം ജീവിതത്തെ.
ഞാനറിയുന്നു, തിരിച്ചുപോകാൻ മറ്റൊ-
രേടില്ല നിൻ ജീവപുസ്തകത്തിൽ,
മാപ്പു നൽകു സഖേ, നിന്റെ സ്വപ്നങ്ങളെ
കാറ്റിൽപ്പറത്തിയതെന്റെയുദ്ധം.

------------
13.04.2020

1 comment:

  1. കൊറോണയോടു പടവെട്ടി സ്വപ്‌നങ്ങൾ കണ്ടു തീരാതെ
    നമ്മെ വിട്ടുപോയ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി സമർപ്പിച്ച
    നൊമ്പരമുണർത്തുന്ന വരികൾ ....

    ReplyDelete

Hope your comments help me improve.