"സിൽമേലെ ഭാര്യയ്ക്കു ജോലിവേണം,
ജോലിക്കു ഭാരിച്ച കൂലിവേണം,
കൂലിയിടാൻ സ്വന്തം ബാങ്ക് വേണം,
ബാങ്കിലെത്താൻ സ്വന്തം കാറുവേണം,
കാറുരുട്ടാൻ സ്വന്തം ID വേണം,
ID ഇല്ലാത്തവർ കൂടെവേണം,
കൂടണയുന്നേരം ചായ വേണം,
ചായയിടാൻ സ്വന്തം പാത്രം വേണം,
പാത്രം മോറാൻ സ്വന്തം ചേട്ടൻ വേണം,
ചേട്ടനു സ്വന്തമായ് ജോലിവേണം,
ജോലിവിട്ടാൽ നേരെ വീട്ടിൽ വേണം,
വാട്ടീസടിക്കാതെ വന്നിടേണം,
വന്നാൽക്കരിമീൻ വറുത്തിടേണം,
ഉണ്ണുമ്പോൾ കായം കരുതിടേണം,
കായകല്പത്തിനു ജിമ്മിൽ പോണം,
ജിമ്മിയെ എന്നും കുളിപ്പിക്കണം,
പിള്ളേരെ നല്ലോണം നോക്കിടേണം,
നോക്കിലും നല്ലവനായിടേണം,
വാക്കിലോ പഞ്ചാരപ്പാലുവേണം,
ടേക്കെവേ ഫുഡ് പറഞ്ഞിടേണം,
വീക്കെൻഡ് ഡിന്നർ പുറത്തുവേണം,
നാത്തൂനേ എല്ലാം പുറത്താക്കണം,
നുക്ലീയർ ഫാമിലി കാത്തിടേണം,
ഇൻലാസ് പൊല്ലാപ്പു കാട്ടിയെന്നാൽ,
'തിന്തകതോം' എന്നു ചൊല്ലിടേണം,
മുല്ലപ്പെരിയാറു പോലെവേണം,
പൊട്ടാതെയെല്ലാരേം ഞെട്ടിക്കണം."
ചർച്ചയിൽ ചേട്ടൻ പറന്നുകേറി
കോട്ടമൈതാനത്തു കൈയടിയായ്.
അല്ലെൻറെ ചേട്ടാ പൊറുത്തിടേണം
വീട്ടിലെ ഭാര്യേടെ കാര്യമെന്താ?
(സ്വന്തം ഭാര്യ പറഞ്ഞത് 'ഈ സാധനം പബ്ലിഷ് ചെയ്യരുതേ' എന്നാണ്. പ്രിയതമേ, നീ പറഞ്ഞത് ജീവിതത്തിൽ ആദ്യമായി ഇതാ ഞാൻ ലംഘിക്കാൻ പോകുന്നു. എന്നോട് ക്ഷമിക്കുക!)
------------------
09.02.2021
No comments:
Post a Comment
Hope your comments help me improve.