മഹിത ചത്വര മദ്ധ്യപീഠത്തിന്റെ
നെറുകയിൽ പ്രതിഷ്ഠിക്കാതെ പോയൊരു
ചരിതമാണു നീ, കാലാതിവർത്തിയായ്
കനക ചട്ടങ്ങൾ കാത്തുസൂക്ഷിക്കുന്ന
സുഭഗശീലയിൽ കാലം മറവികൊ-
ണ്ടെഴുതിയിട്ട മഹദ് ചിത്രമാണു നീ.
കവിതയാണു നീ, പൊന്മണൽത്താളിന്റെ
ഹൃദയഭിത്തിയിൽ സൂര്യൻ കുറിച്ചിട്ട
തരള സാന്ത്വന കാരുണ്യ പീയൂഷ
മധുരമാണു, മരുപ്പച്ചയാണു നീ.
അമൃതധാരയെൻ കർണ്ണപുടങ്ങൾക്കു
ലഹരിതന്നനുസ്യൂത പ്രവാഹമായ്
ത്വരിത വേഗത്തിൽ കാറ്റു പകർന്നുനിൻ
മഹിത മോഹന വാക്കുകൾ സാന്ദ്രമായ്.
കരുണ താരകേ, കാനനശ്രീ നേർത്ത
വിരലിനാൽ മുകിൽത്താളിൽ ജ്വലിപ്പിച്ച
ക്ഷണിക വിദ്യുത് പ്രവാഹമേ, താവക
പ്രഭയിലെൻ പാത നിത്യംതെളിച്ചിടു.
------------
31.03.2021