Monday 8 March 2021

രാവിനെ തളർത്തുവാൻ!



എന്തു നീ തിരിച്ചെത്തി ഇത്തുരുത്തിലെചിര-
സ്പന്ദനം കേൾക്കാൻ മാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽ സൗഭഗോപാന്തം തേടി
അന്നൊരു രാവിൻ കേവുവള്ളം നീ തുഴഞ്ഞുപോയ്. 

ചിന്നിയവർഷാശ്രുക്കൾ, വിച്‌ഛിന്നനിനവുകൾ,
ഛിന്നഭിന്നമായിപ്പോയെൻ സ്വാസ്ഥ്യശാരദചിത്തം.
ഒന്നണഞ്ഞിരുന്നെങ്കി, ലൊന്നണച്ചിരുന്നെങ്കി- 
ലെന്നു ഞാനുൾത്താപത്തിലെത്രയോ കൊതിച്ചുപോയ്. 

പിന്നെയുൾക്കരുത്തിന്റെ ചുരികയുമെടുത്തുകൊ-
ണ്ടിന്നലെപ്പോലും  യുദ്ധം ചെയ്തു ഞാനശ്വാരൂഢ.
കണ്ണിമയ്ക്കുവാനൊരു തണൽ തേടീലൊരുവട്ടം
കൺകുളിർക്കുവാൻ വർണ്ണരാജികൾ തേടീലൊട്ടും.

സ്വർണ്ണമാകന്ദഫല സൗരഭം വിതറുന്ന
പൊന്മണിത്തെന്നൽ കാതിൽ പുന്നാരം പറഞ്ഞിട്ടും
ഒന്നു നിന്നീല, തിരിഞ്ഞൊന്നു നോക്കീലാ ചുറ്റും
പൊൻപ്രഭാതല്പം തീർത്തു ഭാനുമാൻ ക്ഷണിക്കിലും. 

പർജ്ജന്യഭേരീനാദ വിസ്മയ മൊരുക്കിക്കൊ
ണ്ടശ്യാമവർണ്ണൻ വർഷകാർമുകം കുലച്ചിട്ടും
പുൽക്കൊടിത്തുമ്പിൽ നിഴൽ വീഴ്ത്തിയെൻ ശ്യാമാശ്വങ്ങൾ
ഇക്ഷിതി വലംവച്ചു മേൽപ്പോട്ടു കുതിച്ചുപോയ്. 

പണ്ടൊരുനാളിൻ ശപ്തശാന്തിയിലുപേക്ഷിച്ച
സുന്ദരതാരാങ്കിത   മാദക രജനിയെ
എന്തിനു തിരഞ്ഞു നീ പിന്നെയുമണയുന്നു
ഇന്ദുഗോപങ്ങൾ  പോലെ രാവിനെ തളർത്തുവാൻ! 

----------------

07.03.2021

വനിതാദിന സ്മരണകളോടെ (March 8) 

No comments:

Post a Comment

Hope your comments help me improve.