Wednesday, 26 May 2021

വേരുകൾ


പാതയോരത്തെ മരത്തണലിൽ
പാതിയുറക്കത്തിൽ ഞാനിരിക്കെ 

ആരുനീ വാകമരക്കാമ്പിലേ-
ക്കൂളിയിട്ടമ്പോ കടന്നുകേറി.

ജീവോദകത്തിലലിഞ്ഞു ചേർന്നു
നാരായ വേരിലെക്കാണ്ടിറങ്ങി.

ജീവൽച്ചിരാതുതെളിച്ചു മണ്ണിൽ
ആയിരം കോടികൾ കാത്തു നിൽക്കെ,

വേരുകൾ, വേരുകൾ തേടി മണ്ണിൽ 
ഭൂതകാലത്തിലേക്കാണ്ടുപോയി.


ആറടി മണ്ണിന്റെ ശ്രീകരത്തിൽ
കീടങ്ങളായിപ്പരിണമിച്ചോർ 

ചാരെ ലവംഗസുഗന്ധമേകി
സ്വാഗതഗീതങ്ങളാലപിക്കെ

പൊട്ടിപ്പിളർന്നസ്ഥിവാരങ്ങളിൽ, 
മുറ്റിയ ചെങ്കല്ലു കോട്ടകളിൽ

പട്ടിൽ പൊതിഞ്ഞ സംസ്കാരദേഹം
മൃത്യുഞ്ജയത്തിനു കാത്തുനിന്നു.


എണ്ണിയാൽത്തീരാത്ത ചെങ്കോലുകൾ,
സ്വർണ്ണാഭ തീർത്ത സിംഹാസനങ്ങൾ, 

കാരാഗൃഹങ്ങൾ,  കഴുമരങ്ങൾ,
പ്രേതാലയങ്ങളന്തപ്പുരങ്ങൾ, 

മന്വന്തരങ്ങളിൽ പൂത്തുലഞ്ഞ
സഞ്ചിത സംസ്കാര ഛത്രപങ്ങൾ

വേദനതൻ വേർപ്പുപാടങ്ങളിൽ
ആരെയോ കാത്തു കിടന്നിരുന്നു. 


നോവിന്റെ വിത്തു വിതച്ചു മണ്ണിൽ
നാവുനീർതൂകി ഉണർത്തി മെല്ലെ 

മോഹസമൃദ്ധക പോഷണത്താൽ
മേനി നൂറായിക്കതിരു കൊയ്യാൻ 

പോകുമോ നീ പോയ കാലങ്ങളിൽ
ക്രൂരത ചിന്തിയ പാടങ്ങളിൽ?

മാടിവിളിക്കുന്നു വാഗ്ദാനമായ്
മായിക സ്വർണ്ണ സിംഹാസനങ്ങൾ!


പോരുക മാമകസ്വപ്നങ്ങളെ
മാറാലവിട്ടു തിരിച്ചുപോകു

നേരിൻ തടി കടന്നാർജ്ജവത്തിൽ
ഭാവിയിലേക്കു കുതിച്ചുകേറൂ. 

ഏഴായ് പിരിഞ്ഞ ശിഖരങ്ങളിൽ
നൂറല്ലിലകൾ  ചിരിച്ചു നിൽപ്പു 

നീയതിൻ നാഡീ ഞരമ്പുകളിൽ
ധൂസരമായിട്ടലിഞ്ഞുചേരു.

-------------

08.02.2021

കഞ്ഞി കുടിക്കാനെത്തിയപ്പോൾ



ഒരിക്കൽ കഞ്ഞി കുടിക്കനെത്തിയപ്പോൾ  
മേശയ്ക്കു ചുറ്റും കസേരകളില്ലായിരുന്നു.
മറ്റൊരിക്കൽ, കസേരകൾ ഒഴിവില്ലായിരുന്നു.
വേറൊരിക്കൽ കോരിക്കുടിക്കാൻ 
കരണ്ടിയില്ലായിരുന്നു.
ഇനിയുമൊരിക്കൽ കൂട്ടുകറി തിളയ്ക്കുകയായിരുന്നു.
ഒരിക്കൽ ഉപ്പിലിട്ടവ തീർന്നുപോയിരുന്നു.
പിന്നൊരിക്കൽ അതിഥികൾ പുറത്തു നിൽക്കുകയായിരുന്നു.
പിന്നീടൊരിക്കൽ പുറത്തു മഴ പെയ്യുകയായിരുന്നു.
മറ്റൊരിക്കൽ കഠിനമായ വേനലായിരുന്നു.
ഇനിയൊരിക്കൽ സൂര്യഗ്രഹണമായിരുന്നു.

പക്ഷെ എല്ലാത്തവണയും കഞ്ഞിയുണ്ടായിരുന്നു.
എന്നിട്ടും!

-------------
05.07.2020

Saturday, 15 May 2021

{ശൂന്യഗണം}


മരിച്ചു! 

അവനു ജാതിയില്ലായിരുന്നു, 

അതുകൊണ്ടു മതവും. 

അവൻ വിശ്വാസി അല്ലായിരുന്നു, 

അതുകൊണ്ടു പാർട്ടികൾക്കു പുറത്തായിരുന്നു.

സിരകളിൽ രാഷ്ട്രീയമുണ്ടായിരുന്നു, 

അതുകൊണ്ടവൻ 'അരാഷ്ട്രീയവാദി' ആയിരുന്നു (ചില വിശ്വാസികൾക്ക്).

പൂക്കളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'ദുർബലനായിരുന്നു'.

പുഴകളെ സ്നേഹിച്ചിരുന്നു,

അതുകൊണ്ടവൻ 'അസ്ഥിരനായിരുന്നു'.

മേഘങ്ങളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'പൊങ്ങച്ചക്കാരനായിരുന്നു'.

എങ്കിലും അവൻ ഒരു പരിസ്ഥിതിവാദി ആയിരുന്നില്ല.

താലികെട്ടിപ്പോയ അപരാധത്താൽ  

ഫെമിനിസ്റ്റുമല്ലായിരുന്നു.

കുറച്ചുപേർക്കു തൊഴിൽ കൊടുത്തതിനാൽ 

ഒരു മുതലാളിയും, 

സ്വന്തമായി വീടുള്ളതിനാൽ 

ഒരു ബൂർഷ്വായും, 

ഭരണകൂടത്തെ വിമർശിച്ചതിനാൽ 

ഒരു ഭീകരവാദിയും,

കൊല്ലരുതെന്നു പറഞ്ഞതിനാൽ 

ഒരു പിന്തിരിപ്പനും, 

പട്ടാളത്തെ പിരിച്ചുവിടണമെന്നു പറഞ്ഞതിനാൽ 

ഒരു മണ്ടനുമായിരുന്നു.


സ്വന്തം ശവം ചുമന്നവൻ പട്ടടയിൽ വച്ചപ്പോൾ 

തീപ്പെട്ടിക്കൊള്ളിയുമായി 

അവരൊക്കെ ഉണ്ടായിരുന്നു.

(കൂട്ടത്തിൽ ഈ ഞാനും)