പാതയോരത്തെ മരത്തണലിൽ
പാതിയുറക്കത്തിൽ ഞാനിരിക്കെ
ആരുനീ വാകമരക്കാമ്പിലേ-
ക്കൂളിയിട്ടമ്പോ കടന്നുകേറി.
ജീവോദകത്തിലലിഞ്ഞു ചേർന്നു
നാരായ വേരിലെക്കാണ്ടിറങ്ങി.
ജീവൽച്ചിരാതുതെളിച്ചു മണ്ണിൽ
ആയിരം കോടികൾ കാത്തു നിൽക്കെ,
വേരുകൾ, വേരുകൾ തേടി മണ്ണിൽ
ഭൂതകാലത്തിലേക്കാണ്ടുപോയി.
ആറടി മണ്ണിന്റെ ശ്രീകരത്തിൽ
കീടങ്ങളായിപ്പരിണമിച്ചോർ
ചാരെ ലവംഗസുഗന്ധമേകി
സ്വാഗതഗീതങ്ങളാലപിക്കെ
പൊട്ടിപ്പിളർന്നസ്ഥിവാരങ്ങളിൽ,
മുറ്റിയ ചെങ്കല്ലു കോട്ടകളിൽ
പട്ടിൽ പൊതിഞ്ഞ സംസ്കാരദേഹം
മൃത്യുഞ്ജയത്തിനു കാത്തുനിന്നു.
എണ്ണിയാൽത്തീരാത്ത ചെങ്കോലുകൾ,
സ്വർണ്ണാഭ തീർത്ത സിംഹാസനങ്ങൾ,
കാരാഗൃഹങ്ങൾ, കഴുമരങ്ങൾ,
പ്രേതാലയങ്ങളന്തപ്പുരങ്ങൾ,
മന്വന്തരങ്ങളിൽ പൂത്തുലഞ്ഞ
സഞ്ചിത സംസ്കാര ഛത്രപങ്ങൾ
വേദനതൻ വേർപ്പുപാടങ്ങളിൽ
ആരെയോ കാത്തു കിടന്നിരുന്നു.
നോവിന്റെ വിത്തു വിതച്ചു മണ്ണിൽ
നാവുനീർതൂകി ഉണർത്തി മെല്ലെ
മോഹസമൃദ്ധക പോഷണത്താൽ
മേനി നൂറായിക്കതിരു കൊയ്യാൻ
പോകുമോ നീ പോയ കാലങ്ങളിൽ
ക്രൂരത ചിന്തിയ പാടങ്ങളിൽ?
മാടിവിളിക്കുന്നു വാഗ്ദാനമായ്
മായിക സ്വർണ്ണ സിംഹാസനങ്ങൾ!
പോരുക മാമകസ്വപ്നങ്ങളെ
മാറാലവിട്ടു തിരിച്ചുപോകു
നേരിൻ തടി കടന്നാർജ്ജവത്തിൽ
ഭാവിയിലേക്കു കുതിച്ചുകേറൂ.
ഏഴായ് പിരിഞ്ഞ ശിഖരങ്ങളിൽ
നൂറല്ലിലകൾ ചിരിച്ചു നിൽപ്പു
നീയതിൻ നാഡീ ഞരമ്പുകളിൽ
ധൂസരമായിട്ടലിഞ്ഞുചേരു.
-------------
08.02.2021
No comments:
Post a Comment
Hope your comments help me improve.