Saturday 19 November 2016

സഖാന്ദ്ര


സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കും
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).
കന്നിന്റെ കുടമണിയിൽ ഉണരുന്ന നിന്റെ പ്രഭാതങ്ങൾ,
വേനലിന്റെ വറുതിയിൽ വരണ്ടു പോകുന്ന അരുവികൾ,
മഴ കളിപ്പിച്ച വിത്തുകൾ,
വൈക്കോൽമണംപേറുന്ന സന്ധ്യകൾ,
നാട്ടുകൂട്ടത്തിനു തണലേകുന്ന മുത്തച്ഛൻപേരാൽ,
ജാമുൻപഴങ്ങളുടെ വയലറ്റിൽചിരിക്കുന്ന കുട്ടികൾ,
നിലാവുപരത്തുന്ന കർഷകർ,
വിശാലമായ കുളം, മൺപാതകൾ,
നേരത്തെയുറങ്ങുന്ന രാത്രികൾ,
കാലത്തിന്റെ പരിച്ഛേദമായി ഓർമയിൽ നീ എന്റെ പ്രിയ സഖാന്ദ്ര
സഖാന്ദ്ര - എന്റെ വരണ്ട പകലുകളിലെ പച്ചയാണ് നീ.
സഖാന്ദ്ര - എന്റെ നനഞ്ഞ വർഷങ്ങളിലെ വെയിലിന്റെ ചൂടാണു നീ.
സഖാന്ദ്ര - എന്റെ ഇരുണ്ട രാത്രികളിലെ നിലാവിന്റെ സാന്ത്വനമാണു നീ.
സഖാന്ദ്ര - എന്റെ തീ പിടിച്ച നിമിഷങ്ങളിലെ ആലസ്യമാണു നീ.
പ്രിയ സഖാന്ദ്ര - നിന്നിലേക്ക്‌ മടങ്ങാൻ മാത്രം എനിക്കാവില്ലല്ലോ!
ചെറുപ്പം വിട്ടുമാറാത്ത ഓർമ്മകൾ;
അവയ്ക്കു മുകളിൽ നിന്റെ പുതിയ ചിത്രങ്ങൾ
എനിക്കു വേദനയാണല്ലോ!
ഉറങ്ങാത്ത രാത്രികളും, മലിനമായ വഴിയോരങ്ങളും,
കർഷകരൊഴിഞ്ഞ മണ്ണുമായി,
ജാമുൻ മരങ്ങളില്ലാത്ത നാഗരികതയിലേക്കു
നീയും ചേക്കേറിയിരിക്കും.
പരിണാമം, അതെന്നെപ്പോലെ നിനക്കും ഒഴിവാക്കാനാവില്ലല്ലോ!
ഓർമ്മയിലെ സഖാന്ദ്ര യാണ് എനിക്കിപ്പോഴുമിഷ്ടം.
എന്നോടു നീ പൊറുക്കുക!

സഖാന്ദ്ര - ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമം.
20.04.2016

Monday 17 October 2016

പച്ച



ചുവപ്പു വാരി വിതറിയ പോലെ മാമരങ്ങൾ.
നിശബ്ദമായി ഒഴുകുന്ന എന്റെ പുഴ.
പുഴയ്ക്കിരുപുറവുമായി
പരവതാനി വിരിച്ച പോലെ ചുവന്ന പുൽ മേടുകൾ.
കാറ്റിലൂടെ തെന്നി പറക്കുന്ന ചുവന്ന
പനം  തത്തകൾ.

സുഹൃത്തേ ചുവപ്പാണ് എന്റെ പച്ച
മഞ്ഞയാണ് മാത്യുവിന്റെ പച്ച
നീലയാണ് ഷംസുദീന്റെ പച്ച
കറുപ്പാണ് സീതയുടെ പച്ച
നിന്റെ പച്ച ഏതാണ്?

Saturday 15 October 2016

സ്യമന്തകം



ആരു കവർന്നു സ്യമന്തകം, ചൈത്രമെൻ
മാനസ വാതിൽ തുറന്ന നേരം?
ആരു വിമൂകം കടന്നുപോയീവഴി
ആരു കവർന്നു സ്യമന്തകം?

ആകാശഗംഗയിലേക്കു തുറക്കുമീ
ജാലകച്ചോട്ടിൽ തനിച്ചുനിൽക്കേ,
തൂമഞ്ഞുനീരിന്റെ കുഞ്ഞലച്ചാർത്തുകൾ
സ്നേഹമായെന്നെ തലോടിനിൽക്കെ,
ഏതോ നിശാഗന്ധി കാറ്റിനുനൽകിയ
ഭാവമരന്ദം കടന്നുപോകെ,
ഏതോ കടങ്കഥപോൽ വിരൽപ്പാടുകൾ
ആരുപേക്ഷിച്ചു മനസ്സിനുള്ളിൽ?

താമരത്താരിതൾ പാദങ്ങളർപ്പിച്ച-
താരോ മനസ്സിന്നകത്തളത്തിൽ.
ശാരദാകാശമോ, താരങ്ങളോ, കുളിർ
ചാമരംവീശും മണിത്തെന്നലോ?
ആരു പറഞ്ഞിടുമെൻമണിച്ചെപ്പിൽ നി -
ന്നാരു കവർന്നു സ്യമന്തകം?

ദൂരെ നിശീഥത്തിലേക്കു പറന്നുപോം
ചാരുപതംഗങ്ങൾ കൂടണയേ,
പേരറിയാത്തൊരു നൊമ്പരപ്പൂക്കളിൽ
ഞാനറിയാതെ മറന്നു നിൽക്കെ,
ആരു കവർന്നെടുത്തെൻ മണിച്ചെപ്പിൽ നി -
ന്നേഴഴകുള്ള സ്യമന്തകം?
ഏഴഴകുള്ള സ്യമന്തകം?

-------------
05.10.2016

Friday 29 July 2016

സമതലങ്ങളിലെ ശലഭങ്ങൾ




(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം മനോരഥമണ്ഡലമുലയ്ക്കുന്ന 
പനിനീർ പുഷ്പത്തിന്റെ താരുണ്യലഹരിയിൽ,
ചുടുനിശ്വാസത്തിന്റെ ധാരപോൽ വസന്തത്തിൻ 
നിറവും കടംവാങ്ങിയമരും ശലഭങ്ങൾ;
മറ്റൊരു വസന്തമായിളകിക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരുവേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതുപൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ ജീവന്റെസമസ്യയ്ക്കു പൊരുൾതേടി
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾകീറി നെയ്തമൗനത്തിൻ നേർത്ത
പുടവയ്ക്കുള്ളിൽനിന്നും വിണ്ണിലേയ്ക്കുയരവേ
നിറഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർമേനിയിൽപൂത്തു ഭാസുരവസന്തങ്ങൾ.

തളിർവെറ്റില കൂട്ടി മുറുക്കിച്ചുവപ്പിച്ച 
കനിവിൻകുടന്നകൾ മഞ്ചാടിമണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി- 
ച്ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹനപ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തു, പൂർണ്ണകുംഭങ്ങൾ തീരെ-
ത്തളരാതുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമമൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവിലുയരും വിശ്വതാളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്തപുഞ്ചിരി വിടരവേ,
അരിയപുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും 
തരളസൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരിശൃംഗത്തിൻ ശീതഗഹ്വരങ്ങളിൽ, ഘോര- 
തമസിന്നീറ്റില്ലമാം സാഗരഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ- 
കിരണം തിളപ്പിച്ച നിസ്തുലമണൽക്കാട്ടിൽ,
അണയാതിളകിത്തുടിക്കും ജീവനളിനം 
വിടർന്നേഴുനിറമായ് കാർമ്മുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചൊരിന്ദ്രജാലവുമായി.

18.05.2016 

Sunday 10 July 2016

അപരാഹ്നം


ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ, 
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ 
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു, 
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും 
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു- 
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ 
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര- 
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ, 
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ 
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും, 
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും, 
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക- 
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ 
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും, 
ഒരുപിടിയോർമ്മതൻ ചില്ലിട്ടചിത്രത്തി- 
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ 
കവിളിൽ തലോടിക്കടന്നുപോയീടുന്നു, 
അകലത്തിലെ നാദവീചിയായ് നീ ഏതു 
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

---------- 16.06.2016

Saturday 11 June 2016

മന്ദ സമീരണൻ

വെണ്മുകിലാട്ടിൻകിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതുദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാനൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
ഇത്തിരിവെട്ടം കൊളുത്തിക്കളിക്കുന്ന
കൊച്ചുകുമാരികൾ താരകങ്ങൾ,
ഇച്ചെറുമുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ-
ക്കെത്രമേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും, ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്രവനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവഗാനം.
പച്ചിലക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസമേളം മുഴക്കിടുന്നു.
ഇപ്പൊഴുമെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീനികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

-------------- 11.06.2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകിത്തിളച്ചു കലങ്ങിക്കലുഷിതം
ഇതു നിശായാമത്തിലെത്തിയ മാനസം.
ചലനംനിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിതമീപ്പന്തു നീട്ടിയടിച്ചതു
തിരകള്‍കടന്നു താരാഗണവീഥിയില്‍
എവിടെയോ ചെന്നുതറച്ചു മടങ്ങുന്നു,
ചിറകുള്ളൊരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക, മാത്രകള്‍-
ക്കിടയിലെ മൗനത്തിലൂർന്നനിനാദത്തി-
നലകളില്‍ നീരാടി, കാണാപ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാമൗനമായ് മാറുന്നു.

അതിരുകളില്ലാത്തലോകമേ എന്നശ്വ-
മിളകിക്കുതിയ്ക്കവേ നിന്റെതീരങ്ങളിൽ,
ഇടിമുഴക്കങ്ങളായ്മാറും കുളമ്പടി-
ക്കെതിരല്ല മാറാലകെട്ടിയോരോർമ്മകൾ.

പറവകൾക്കൊപ്പം പറന്നു വിഹായസ്സി-
നതിദൂര സൗരയൂഥങ്ങളിൽരാപാർത്തു
പതിയെ മടങ്ങുന്നൊരശ്വമേ, ആഴത്തി-
നൊടുവിലെ മൗക്തികാരാമത്തിലെത്തുക.

പവിഴപ്രസൂനങ്ങളായിപ്പിറക്കുന്ന
പകലിൻകിനാവുകൾ - ചന്ദ്രകാന്തപ്രഭാ-
വലയത്തിൽ, മാലേയഗന്ധം പൊഴിക്കുന്ന
മൃദുവേണുഗാനം - നിനക്കുള്ളതല്ലയൊ!

അനുപമ വിശ്വലാവണ്യമേ നിൻതുകിൽ
തഴുകിക്കടന്നുപോയീടവേ മൽപ്രാണ-
നൊഴുകിത്തുളുമ്പുന്നനല്പ സൗന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചുപോയീടുന്നു

02.06.2016

യാത്രികന്റെ നിലാവ്

അറിയപ്പെടാത്ത സഞ്ചാരി...
നിന്റെ സ്വപ്നങ്ങളിലെ ഭൂമിക്കു അതിരുകളുണ്ടോ?
നിലാവൊഴുകി വീഴുന്ന പുൽ മേടുകൾക്ക് അന്തമുണ്ടോ?
കോട വീഴുന്ന മകര സന്ധ്യകൾക്ക് അറുതിയുണ്ടോ?
ഉയർന്നു താഴുന്ന മലമടക്കുകൾക്ക് വിരാമമുണ്ടോ?
പൊടി പടർത്തി വീശുന്ന കാറ്റിനു മൗനമുണ്ടോ?
ഭൂമി തണുപ്പിക്കുന്ന വേനൽ മഴകൾക്ക്‌ ഇടർച്ചയുണ്ടോ?

അറിയാത്ത വഴിയിലൂടെ ,
അറിയാത്ത ജന പഥങ്ങളിലൂടെ,
അറിയാത്ത രുചിയും നുണഞ്ഞു,
അറിയാത്ത ഗാനത്തിൽ മുഴുകി
അലഞ്ഞു തിരിയുന്ന വസുക്കളുടെ കൂട്ടുകാരാ...
നിന്റെ ഭാണ്ഡത്തിലെ സ്വപ്‌നങ്ങൾ പങ്കിടുമോ?

(ഇല്ല!!!)

ഇലകൾ പറഞ്ഞത്

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു,
വേല ചെയ്തവർ ഒരുമിച്ചു പാടിയ പാട്ടുകളുണ്ടായിരുന്നു,
വഴി മുടന്തിപ്പോയവരുടെ തേങ്ങലുകൾ ഉണ്ടായിരുന്നു,
വിശന്നു തളർന്നവരുടെ കണ്ണുനീരുണ്ടായിരുന്നു,
നിറയ്ക്കാത്ത സമസ്യകളുമായി പലായനം ചെയ്തവരുടെ
നിശബ്ദ നിശ്വാസങ്ങൾ ഉണ്ടായിരുന്നു,
വഞ്ചിക്കപ്പെട്ട പ്രജകളുടെ അവിശ്വാസമുണ്ടായിരുന്നു,
നാട്ടുകൂട്ടങ്ങളുടെ നേരമ്പോക്കുകളിലെ പൊട്ടിച്ചിരി ഉണ്ടായിരുന്നു,
ഉറിയിൽ അവശേഷിച്ച വറ്റുകൾ കുഞ്ഞിനായി മാറ്റിവച്ച ഒരമ്മയുടെ
മന്ദഹാസവും ഉണ്ടായിരുന്നു.

പിന്നീടെപ്പൊഴോ സൂര്യ മുഖത്തേക്ക് ഒരില മടിച്ചു മടിച്ചു വിരിഞ്ഞു.
പിന്നെ പരശതം.
- അതൊരു വസന്തത്തിന്റെ തുടക്കമായിരുന്നു!!!

10.06.2016

Friday 10 June 2016

നമ്മൾ



പുഴകൾ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ചണിവിരൽ കൊണ്ടൊരു തൊടുകുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിടങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ-
നിതുഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറുതിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടിവിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടിയലഞ്ഞില്ലേ നാം?

ജനിമൃതി ഓളംതല്ലും ജീവിത
ജലനിധി ഓമൽക്കുമ്പിളിലാക്കി
മധുരിമയോടെ നുകർന്നില്ലേ നാം?
തരുനിര തണലുവിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലിനടന്നില്ലേ നാം?
കരിയില പാറിനടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?

പുലരിവെളിച്ചം കാണാത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെപടവുകളെണ്ണിക്കയറി
അരിയരഹസ്യം ചെറുനാണത്തി-
ന്നിതളുകൾകൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർക്കുമിളകൾപോലെ പകർന്നതു,-
മതുകേട്ടൊരു കടലായീ രാക്ഷസ
നലകളിലാഹ്ളാദത്തിൻ നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?



11.05.2016