(നീണ്ട കവിതകൾ ഞാനും വായിക്കില്ല. എന്നുകരുതി എഴുതാതിരിക്കാൻ കഴിയില്ലല്ലോ! തുടർച്ചയായ ആഭ്യന്തര കലാപത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോ, ദുരിതത്തിലേക്കു കൂപ്പുകുത്തി. ഭൂരിപക്ഷം പട്ടിണിയിൽ ആണെങ്കിലും സമ്പന്ന ഭവനങ്ങളിലെ ചരമങ്ങൾക്കു വിലപിക്കാൻ സ്ത്രീകളെ കൂലിക്കെടുക്കുന്നു. ഈ ഒരു പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ്. കൂലിയ്ക്കു വിലപിക്കുന്ന സുന്ദരി ഒരിക്കൽ തന്റെ ഗ്രാമത്തിൽ വച്ച് അപരിചിതനായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. അവളുടെ മനസ്സു കവർന്നുകൊണ്ടാണ് അവൻ അന്നു പോയത്. അടുത്ത ദിവസം ശവത്തിനു മുന്നിൽ വിലപിക്കാൻ പോയ അവൾക്ക് എന്തു സംഭവിച്ചു?)
ഇന്നും പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ
പോയവർക്കായിട്ടൊരുക്കും വിലാപത്തി-
ലാമോദമോടവൾ പങ്കുചേരും.
കാലം കഴിഞ്ഞ കളേബരത്തിന്നപ-
ദാനങ്ങൾ ചൊല്ലി ക്കരഞ്ഞീടുകിൽ
കൂലി അന്തിക്കു ലഭിക്കും, അതുകൊണ്ടു
പാതയോരത്തെ കുടിൽ പുകയും.
കാതരയാണവൾ, ഏകാവലംബമ-
ക്കൂരയിൽ പാർക്കും വയോധികർക്കും
കൂടപ്പിറപ്പായ കാലിച്ചെറുക്കനും,
കോലമായ് മാറിയ മാർജാരനും.
പണ്ടൊരു നാളിൽ, സമൃദ്ധിതൻ തീരത്തു
ചെമ്പനീർ പൂക്കൾ വിരിഞ്ഞ നാളിൽ,
വന്നു ഭവിച്ചോരശിനിപാതം പോക്കി
എല്ലാ സുരക്ഷയും ഗ്രാമങ്ങളിൽ.
സ്വാർഥ മോഹങ്ങൾക്കു കൂട്ടായിരിക്കുവാൻ
രാജ്യാഭിമാനം ഹനിച്ചീടുവോർ,
രാഷ്ട്ര വിധ്വംസനം ചെയ്തു സമ്പത്തിന്റെ
ശാശ്വത ഗേഹം പണിഞ്ഞിടുവോർ,
രാഷ്ട്രീയമെന്തെന്നറിയാത്തവർ, കക്ഷി
രാഷ്ട്രീയ ചേരിപ്പടയാളികൾ,
രാഷ്ട്രീയ ചേരിപ്പടയാളികൾ,
തീർത്തോരരക്ഷിത ദേശത്തിൽ നിത്യവും
കൂട്ടക്കുരുതിയും, പോർവിളിയും.
കർഷകരില്ലാനിലങ്ങൾ, ഉപേക്ഷിച്ച
നർത്തനശാലകൾ, ഫാക്ടറികൾ,
നട്ടം തിരിക്കും കവർച്ചകൾ, മാഫിയ
തട്ടിപ്പറിക്കും സ്വകാര്യതയും.
ചേരിതിരിഞ്ഞൊരാഭ്യന്തരയുദ്ധത്തിൽ
ചേരിയായ് മാറി ഗ്രാമാന്തരങ്ങൾ.
പട്ടിണി കൊണ്ടു പൊരിഞ്ഞീടവെ വയർ
കത്തിപ്പുകഞ്ഞുടൽ വാടിയനാൾ
കിട്ടിയവൾക്കൊരു ലാവണം, ഭാഗ്യമോ,
നിത്യം കരഞ്ഞിടാൻ ചാവുകളിൽ.
ദുഃഖം വിലയിട്ടെടുക്കും ധനാഢ്യർതൻ
സ്വപ്ന സമാനമാം സൗധങ്ങളിൽ
പട്ടിൽ പൊതിഞ്ഞു കിടത്തുന്നറിയാത്ത
നിശ്ചേഷ്ട ദേഹത്തെ നോക്കി നോക്കി
ഒട്ടും മടിക്കാതെ കേഴും, കരയുവാൻ
എത്രയോ കാരണം ഉണ്ടവൾക്ക്.
ജീവിച്ചിരിക്കെ പരിഗണിക്കപ്പെടാ
തൂഴിയിൽ സർവ്വം സഹിച്ചെങ്കിലും
പോയിക്കഴിഞ്ഞാലൊരുക്കും ചടങ്ങിനു
പോയിക്കരഞ്ഞവൾ മോദമോടെ.
ദുഷ്ടനെ സൽഗുണ സമ്പന്നനാക്കിടും
ലുബ്ധനെ ശിഷ്ടനായ് വാഴ്ത്തുമവൾ
ഇല്ലാ മഹത്വങ്ങൾ എണ്ണിപ്പറഞ്ഞിടും
പൊള്ള വചനങ്ങളർപ്പിച്ചിടും.
ഇന്നലെ സന്ധ്യക്കു പോകും വഴിക്കവൾ
കണ്ടു കവലയ്ക്കരികിലായി,
കോമള ഗാത്രനൊരുവൻ വഴി തെറ്റി
ദാഹ നീരിന്നു വലഞ്ഞിടുന്നു.
മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.
പാതിരാവായിക്കഴിഞ്ഞിട്ടുമോമലാൾ-
ക്കായില്ലുറങ്ങാൻ കഴിഞ്ഞതില്ല.
ആരെറിഞ്ഞീ മലർ ചെണ്ടു നിൻ മാനസ
നീല സരസ്സിന്റെ ആഴങ്ങളിൽ?
പ്രേമാഭിലാഷത്തിനോമൽ തരംഗങ്ങൾ
ഓളങ്ങൾ നിന്നെ പ്പൊതിഞ്ഞിടുമ്പോൾ
പേരറിയാത്തൊരു നൊമ്പരത്തിൻ മുഗ്ധ
ഭാവ ലയത്തിൽ മറന്നു പോയി.
ആരോ കിനാവിലെ രാജ മാർഗ്ഗങ്ങളിൽ
തേരു തെളിച്ചു കടന്നു പോയി?
ഇന്നും പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ.
തോഴികൾ വാവിട്ടു കേഴുന്നു, കാണികൾ
കേഴാതിരിക്കുവാൻ പാടുപെട്ടു.
ആദ്യമായായന്നവൾ കേഴുവാനാവാതെ
ആത്മഹർഷത്തിൽ കുരുങ്ങി നിന്നു.
ഉള്ളിൽ രമിക്കുമനുരാഗവീചികൾ
ചെല്ലച്ചെറു മന്ദഹാസമായി
മെല്ലെ പുറപ്പെട്ടു പോകവേ തോഴികൾ
തെല്ലമ്പരപ്പോടെ നോക്കിയപ്പോൾ,
ചുറ്റു മിരുന്നവർ, പൊട്ടിക്കരഞ്ഞവർ
ഇറ്റു കോപത്തോടെ നോക്കിയപ്പോൾ,
പട്ടിൽ പൊതിഞ്ഞു കിടത്തിയ ദാനവൻ
പെട്ടെന്നിമകൾ തുറന്നു നോക്കി!