Friday, 16 September 2022

ആകാശവിദ്യാലയം

//ഇനി ഞാനായിട്ട് അതു മുടക്കുന്നില്ല. ഇതാ എന്റെ നെല്ലിപ്പള്ളിക്കൂടം.// 

(ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ   
അരഭിത്തി ചാടിക്കടന്നു ശീലിച്ചവൻ
അലയാഴി താണ്ടിക്കടന്നെങ്കിലും, )

പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.   

ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കുടച്ചെറുതിണ്ണയിൽ നഗ്ന
പദമൂന്നി നിൽക്കുവാനുരിയമോഹം.

കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു
ത്തകവും പുറവും തിരിച്ച വാതിൽ,
ചുവരുകളാകാശചിത്രങ്ങൾ, നരവീണ 
ഫലകത്തിലക്ഷരപ്പടയാളികൾ.

പകലിലും താരകൾ മേൽക്കൂരയിൽ വന്നു 
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.  
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കൊഴിഞ്ഞുവീഴും.

മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങി നിൽക്കെ,  
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.

പെരുചേമ്പിലക്കുട ചൂടിത്തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.    

മറയില്ല, മുറികളായ് തിരിവില്ല, കാറ്റിന്നു     
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും കഥകളും പാട്ടും കരച്ചിലും 
ഒഴുകുന്നതെന്നലോടൊട്ടിനിൽക്കും.

കടുവറക്കുമ്പോൾ കടന്നുവരും കാറ്റു
'കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.

കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!

നിറമുള്ള സ്വപ്‌നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്രമഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം? 

-----------

* CARE www.care.org

15.09.2022

Sunday, 4 September 2022

ജലദേവത


കനവിന്റെ തോണി തുഴഞ്ഞിരുൾക്കടലിലെ
പവിഴവും മുത്തും കൊതിച്ചുപോകെ,
അനുകൂല മാരുതാശ്ലേഷത്തിലമരത്തു 
തിരകളുണർന്നു ചുംബിച്ചു പോയി.

തിരയുടെ ആരോഹണത്തിലൂടവിരാമ
കമനീയ കാന്തിയാളെത്തി നോക്കെ,
തുഴയുടെ തുമ്പിലൂടൊരു ജലമർമ്മര
സ്വരരാഗ വീചി വിരിഞ്ഞു നിന്നു.  

പവിഴാധരങ്ങൾക്കു പുറകിലെ മുത്തുകൾ
പ്രണയ  മയൂഖം പകർന്നു നിൽക്കെ,
ഇടതൂർന്ന ചക്രവാളത്തിന്റെ തിരുമുറ്റ-
മരുണോദയത്തിനു കാത്തുനിന്നു. 

----------

03.09.2022


Wednesday, 17 August 2022

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019




പഴയ ഉടുപ്പുകൾ



ചെറുതായിരുന്നോരനാദിയിൽ സന്ധ്യക്കു
തണുവേറെയുണ്ടായിരുന്ന നാളിൽ
തൊലിപൊളിച്ചുള്ളിൽക്കടന്നസ്ഥിയിൽ ശൈത്യ-
മുഴുതു നോവിന്റെ വിളവിറക്കി.
പെരുമാരിയിൽ, കൂർത്ത മുള്ളുകളായിരം
മുളപൊട്ടി കണ്ണുനീർപ്പാടങ്ങളിൽ.
അതുവളർന്നെത്രയോ നൊമ്പരപ്പൂവുകൾ
അകതാരിലൊക്കെ ചിനച്ചുപൊട്ടി.
പരിതപിച്ചതുവഴിയെത്തിയ തെക്കൻകാ-
റ്റവിടൊരു നാരുപേക്ഷിച്ചു പോയി.
ബലമില്ല, ഭാരമില്ലൊന്നിനും കൊള്ളാതെ
തിരപോലെ നാരു തളർന്നുവീഴെ
അതുവരെയില്ലാത്തൊരനുഭൂതിയിൽ മനം
അകതാരിലെന്തോ കുറിച്ചുവച്ചു.
നെടുകയും, കുറുകയും പായിച്ചു, നാരുകൊ-
ണ്ടനവദ്യമായൊരുടുപ്പു നെയ്തു.

കതിരവൻ സപ്തഹയങ്ങളെ പൂട്ടിയ
മരതകത്തേരിലെഴുന്നെള്ളവേ
നിറമേഴു ചാലിച്ചുഷ:സ്സന്ധ്യകൾ വിണ്ണി
ലണയാ വിളക്കുകൾ തൂക്കിയിട്ടു.

കവചമായെത്തിയ വസനത്തിനപ്പുറം
ശിശിരം മടിച്ചു പതുങ്ങി നിന്നു.
ചെറുതായിരുന്നു ഉടുപ്പെങ്കിലും ശൈത്യ
മതിനുള്ളിലെത്താതെ മാറിനിന്നു.

പഴയ കുപ്പായങ്ങൾ മാറാതെ നാമതിൽ
ലഹരിപൂണ്ടിന്നും കഴിഞ്ഞിടുന്നു.
നിറമറ്റു, പിഞ്ചിപ്പൊളിഞ്ഞിഷ്ടവസനമൃതുക്കളെ-
ത്തടയാതെ നാണം കെടുത്തിടുന്നു.
------------------

17.03.2020

Thursday, 11 August 2022

മാർജ്ജാരം




തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.
വായനയിൽ മുഴുകിയ
അയാളുടെ കാലുകളിൽ 
വളരെ മൃദുലമായി
നനുത്ത രോമക്കുപ്പായം ഉരച്ചുകൊണ്ടു
പൂച്ച എത്തിയതുമില്ല.
വസന്തത്തിന്റെ
വരവു നോക്കിക്കൊണ്ടു
ജനൽപ്പടിയിൽ പൂച്ച ഇല്ലായിരുന്നു.
പ്രതിമപോലെ
അനങ്ങാത്ത
ശരീരത്തിനു താഴെ
ഇടയ്ക്കിടെ
അങ്ങോട്ടുമിങ്ങോട്ടും
നിബിഡമായ വാൽ ചലിപ്പിക്കുന്ന 
പൂച്ച ഇല്ലായിരുന്നു.
വിശക്കുമ്പോൾ
മന്ദ്രസ്ഥായിയിൽ 'മ്യാവു' വിളിക്കുന്ന
വെളുത്ത മീശയുള്ള
പൂച്ച ഇല്ലായിരുന്നു.
തടവുമ്പോൾ
അനുകൂലമായി നിന്നുതരുന്ന,
ലാളിച്ച വിരലുകളെ
സ്നേഹപൂർവ്വം നക്കുന്ന, 
'ടോമി' എന്നോ 'ലില്ലി' എന്നോ പേരിടാവുന്ന
പൂച്ച ഇല്ലായിരുന്നു.
ഇന്ദ്രജാലം പോലെ
അപ്രത്യക്ഷമാവുന്ന
നരച്ച നഖരങ്ങളുള്ള പൂച്ച,
തലയിണയിൽ ചുരുണ്ടു കൂടി
കിടപ്പില്ലായിരുന്നു.
അങ്ങനെ സുന്ദരിയായ ഒരു പൂച്ച
അയാളുടെ വീട്ടിൽ
ഒരിക്കലുമില്ലായിരുന്നു.
അങ്ങനെ ഒരു പൂച്ച അയാളുടെ വീട്ടിൽ നിന്നും
പുറപ്പെട്ടു പോയിരുന്നില്ല.
അതിനെ തിരഞ്ഞയാൾ
തെരുവിലൂടെ അലഞ്ഞു നടന്നില്ല.
റയിൽപാതയ്ക്കരികിലുള്ള പൊന്തക്കാട്ടിൽ
എലികളുമായി ഒളിച്ചുകളിക്കുന്ന പൂച്ചയെ
അയാൾ കണ്ടിരുന്നില്ല. 

നിങ്ങൾ കേട്ടുവോ
മന്ദ്രസ്ഥായിയിൽ ഒരു മദ്ധ്യമം?

-------

10.12.2021

Sunday, 5 June 2022

Raw raw raw Putin

മറന്നുപോകുന്നു, പറമ്പിനപ്പുറ-
ത്തമിട്ടു പൊട്ടുന്നതു ശീലമായിതോ?
അലഞ്ഞു ക്ഷീണിച്ചവരെത്തി വേലിയിൽ
പിടിച്ചു കേഴുന്നതു കേട്ടതില്ലയോ?

പൊരിഞ്ഞ യുദ്ധക്കളമാണതിർത്തിയിൽ
മരിച്ചു വീഴുന്നതു കാണ്മതില്ലയോ?
പടച്ചു വച്ചോരു പടക്കമൊക്കെയും
നികൃഷ്ടരൊന്നിച്ചു കൊളുത്തിടുന്നിതേ!

പരിസ്ഥിതിക്കമ്പള മോട്ടവീണുപോയ്
പൊരിഞ്ഞ യുദ്ധക്കളമിത്ര നഗ്നമോ?
തകർന്നു വീണെത്രപുരങ്ങൾ, കൂരകൾ   
പൊടിഞ്ഞു, തീർന്നെത്രയുമാതുരാലയം! 

മറന്നു പോകുന്നിതു  നമ്മളപ്പുറ-
ത്തനിഷ്ട സത്യങ്ങൾ തുടർച്ചയാകവേ.
കരണ്ടു പോകാത്തൊരു ഗ്രാമഫോണിൽ നി
ന്നുയർന്നു പൊങ്ങുന്നിതു നാം മറക്കൊലാ.

Raw raw raw Putin
Lover of a Russian gun
It is a shame how he carried on
Raw raw raw Putin
Russia's greatest war machine   
It is a shame how he carried on.



Wednesday, 20 April 2022

മഴക്കാടുകൾ



വന്യപുഷ്പങ്ങളെ നിങ്ങളൊരുക്കിയ
കന്യാവങ്ങളിലെൻപ്രണയം
സിന്ദൂര, ശോണ, പീതങ്ങൾ നുകർന്നതി-
രമ്യമോഹത്തിൻ നിറത്തിലെത്തി. 

ആരുമേ ചെമ്മെയൊരുക്കാത്ത മൺതട്ടി-
ലാരും വിതയ്ക്കാതെയെത്തിനിങ്ങൾ.
ആരും പകർന്നില്ല സ്വർണ്ണകുംഭങ്ങളിൽ
നേരിന്റെ ജീവനം തുള്ളിപോലും.
ആരുമേ  ചൊല്ലിയില്ലാരോമലാകുവാൻ,
ആരാമശീലങ്ങളൊന്നുപോലും
പേരിനുപോലുമറിഞ്ഞില്ലയെങ്കിലും
ചാരുത നിങ്ങൾ കഴിഞ്ഞു മാത്രം.   
ആരിലും പുഞ്ചിരിപ്പൂക്കൾ വിടർത്തുവാ-
നാരെയുമാഹ്ളാദചിത്തരാക്കാൻ   
നേരെ വിടർന്നീ വനാന്തര പീഢത്തി
ലാലോചനാമൃതഭംഗിയായി.

ഇന്നീ വനത്തിൻ നവാഗത ഭംഗിയിൽ
സുന്ദര വാസന്തസേനയെത്തി.
കൊമ്പും കുഴലും വിളിച്ചു മധുകര
വൃന്ദം തിടമ്പു വഹിച്ചുപോകെ,
എന്നിലെ ഞാനറിയാതെയുണർന്നുവോ
വന്യമോഹത്തിൻ മഴക്കാടുകൾ?
ഇന്നലെപെയ്ത മഴിയിൽ കുരുത്തത-
ല്ലിന്നിൻ വികാര പ്രപഞ്ചമേതും.

------------

20.04.2022

Monday, 21 March 2022

ക്യൂപ്പിഡിന്റെ റിക്രൂട്ട്മെൻറ്റ്



കാട്ടുപൂക്കളെ എങ്ങോട്ടു പോകുന്നു
തോറ്റുപോകാത്ത മേധയും, സന്ധ്യയിൽ 
നേർത്തു ചാലിച്ച ഗന്ധവും പേറിയീ 
കാറ്റു കൊണ്ടുപോം തേരിൻ പുറത്തേറി?

"കാമ്യസായകം നവ്യമായ്‌ തേടിടും 
കാമദേവന്റെ തൂണീരമേറുവാൻ,
പോവതിന്നു വസന്താഗമങ്ങളിൽ 
ലോലമാനസമെയ്തു മുറിച്ചിടാൻ. 

എത്ര നാളായി പഞ്ചപുഷ്പങ്ങളാൽ
കൃത്യമായി  മുറിച്ചിരുന്നു മനം!
എത്ര കൗമാര മോഹകണങ്ങളെ
മുഗ്ദ്ധകാമനയാക്കിപ്പെരുപ്പിച്ചു. 

ചൂതമല്ലികാനീലോല്പലങ്ങളിൽ
ചായ്‌വു വറ്റി രതീശ്വരനിന്നലെ.
ആവതില്ലീ സുമങ്ങൾക്കു പാരിലെ
ആശതൻ കടിഞ്ഞാണു മുറിക്കുവാൻ.

കൃത്രിമം വളം ചേർത്തു മുളപ്പിച്ചു,
പേസ്റ്റിസൈഡിൽ കുളിച്ച സൂനങ്ങൾക്കു
പറ്റുമോ പ്രേമോതീർത്ഥത്തിരകൊണ്ടു
പ്രജ്ഞയറ്റ മനം കുളിർപ്പിക്കുവാൻ?

പെട്ടുപോയി മനങ്ങൾ ലഹരിയിൽ,
കെട്ടു കാഴ്ചയ്‌ക്കൊരുങ്ങി കളേബരം.
വച്ചുകെട്ടി, നിറംചാർത്തിയെത്തിയാൽ
പറ്റുകില്ലതിൽ  പ്രേമമുണർത്തുവാൻ."

"കാട്ടുസൂനങ്ങൾ ഞങ്ങൾ വനാന്തര
ഭാഗ്യതാരങ്ങൾ, ജൈവം, അകൃത്രിമം.
നോട്ടമെത്തുന്ന നേരത്തു 'ക്യൂപ്പിഡിൻ'
ചാട്ടുളിയായി മാറേണ്ട സാഹസം."

----------

15 March 2020


Friday, 10 December 2021

മധുരോപഹാരം


നറു നിശാഗന്ധി പൂത്തുതിരും സുഗന്ധമീ
പടികടന്നെത്തുന്ന പാതിരാവിൽ,
വിജനമീ വഴികളിലറിയാരഹസ്യങ്ങൾ
തിരയുന്ന തൈജസകീടങ്ങളെ,   
കരുതുവാനെന്തു കാലടികളെ ചുംബിച്ച
കറുകദലങ്ങൾക്കു മേൽക്കുമേലിൽ?

പുലരിമഞ്ഞെത്തുന്ന യാമങ്ങളിൽ നേർത്ത
തിരി തെളിച്ചെത്തുന്ന താരജാലം
കരുതും വെളിച്ചത്തിനിഴകൾ പ്രഭാതത്തി-
ലറിയാതെ പിഞ്ചിപ്പിരിഞ്ഞു പോകും.

നിറമുള്ള സ്വപ്‌നങ്ങൾ നെയ്തു നെയ്തിരവിലേ
ക്കറിയാതെ നീന്തും സുമങ്ങളെല്ലാം,
ഇളയുടെ നിസ്സംഗ നിബിഡ നിലത്തിൽ വീ-
ണറിയപ്പെടാത്തതായ് മാറിയേക്കാം.

കരുതുവാനെന്തുള്ളൂ മാറാപ്പിലോർമ്മതൻ
മധുരോപഹാരങ്ങൾ മാത്രമല്ലോ
വിലമതിക്കാത്തതായപരാഹ്ന ജീവിത-
ച്ചരുവിലെ ഏകാന്ത യാത്രകളിൽ!

----------

09.10.2021

Wednesday, 8 December 2021

പൊങ്ങച്ചന്റെ സോഷ്യൽ ഉണ്ണി


ചൊല്ലാമൊരുകഥ പണ്ടൊരു നാട്ടിൽ
മുല്ലപ്പൂക്കൾ വിരിഞ്ഞൊരു രാവിൽ
ഉണ്ണി പിറന്നൊരു സന്തോഷംകൊ-
ണ്ടുണ്ണീടച്ഛൻ ലഡു പൊട്ടിച്ചു. 

ഉണ്ണി കരഞ്ഞതു ഫോട്ടോയാക്കി
ഉണ്ണീടപ്പൻ 'എഫ്‌ബി' യിലിട്ടു
ഉണ്ണി ചിരിച്ചു, ഫോട്ടോ ഇട്ടു
ഉണ്ണി കമഴ്ന്നു,  ഫോട്ടോ ഇട്ടു
ഉണ്ണിക്കുടവയറൊഴിയെ വേഗം
ഉണ്ണീടപ്പൻ സ്റ്റാറ്റസിലിട്ടു.
പിന്നതിനടിയിൽ കോറി താതൻ
"അഭിമാനിക്കുന്നല്ലോ ഡാഡി"

ഉത്തമ പുത്രൻ കിന്റർ ഗാർട്ടനി-
ലെത്തിയ ഫോട്ടോ ട്വിറ്ററിലിട്ടു. 

ഉത്തമനക്ഷരമൊന്നു കുറിക്കെ
ഇൻസ്റ്റാഗ്രാമിൽ സിനിമായിട്ടു.

പത്തിൽ പത്തും വാങ്ങിയ പുത്രനു
പുത്തൻ ഗാഡ് ജറ്റേകി താതൻ;
പിന്നതു ഫോട്ടോയാക്കിപിതാജി
മിന്നലുപോലെ വാളിൽ ചാർത്തി. 

ഉത്തമ പുത്രന്നോരോ നേട്ടവു
മെത്തിച്ചപ്പൻ സോഷ്യൽ പേജിൽ.
പത്തു കിലോയുടെ രോമാഞ്ചംകൊ
ണ്ടത്തിരുമേനി പുളകം കൊണ്ടു.

എഫ്‌ബി താരം പുത്രന്നൊരുനാൾ
പെട്ടെന്നുയരാൻ മോഹമുദിച്ചു. 
കിട്ടിയ ലൈക്കുകൾ പോരാഞ്ഞിട്ടവ-
നട്ടിമറിച്ചു സോഷ്യൽ നെറ്റിൽ.

പിന്നൊരു നാളിൽ അരിശം മൂത്തി
ട്ടന്യപ്രദേശം പുൽകി പുത്രൻ.
പോയൊരു പോക്കിൽ ഫ്രോഡു നടത്തി
ചെന്നു പതിച്ചതു പോലീസ് നെറ്റിൽ. 

മുങ്ങിയ പുത്രന്നപദാനങ്ങൾ
പക്ഷെ താതൻ മുക്കി വാളിൽ.
എന്നാലതു പല പത്രത്താളിൽ
വന്നു ഭവിച്ചു ചിത്രത്തോടെ.

കണ്ണു കടിച്ചു നടന്നൊരു നാട്ടാ
രന്നൊരു ഫെസ്റ്റിവലാഘോഷിച്ചു.
കിട്ടിയ വാർത്തകളപ്പോൾത്തന്നെ
തങ്ങടെ പേജിൽ കൊണ്ടു നിറച്ചു. 

പേജു വിളഞ്ഞു നിറഞ്ഞു തുളുമ്പി
നാറിയ വാർത്തകൾ കൊണ്ടു നിറഞ്ഞു.
ആധി നിറഞ്ഞൊരു സുക്കർ ചേട്ടൻ
ആറു മണിക്കൂർ എഫ്ബി പൂട്ടി.

പൊങ്ങച്ചന്മാരുള്ളൊരു നാട്ടിൽ
പൊങ്ങമ്മച്ചികളുള്ളൊരു നാട്ടിൽ
പൊങ്ങിനടക്കുന്നവരുടെ ഇടയിൽ
മുങ്ങിനടക്കുകയമ്പേ കഷ്ടം. 

---------------

04.10.2021