ആരുറങ്ങുന്നു നിതാന്തം, ഈ സന്ധ്യയിൽ
ചാരെ പോകുംവെയിൽ ചിത്രം വരയ്ക്കവേ,
നീളും നിഴലുകൾക്കൊപ്പമിരുൾ നീണ്ട-
കോലായിലേയ്ക്കു പതുങ്ങിക്കയറവെ,
കൂട്ടിനിടങ്ങളിൽ യാത്രചോദിക്കാതെ
വീട്ടിന്റെ താപം പടിയിറങ്ങീടവേ.
ചോരയൊഴിച്ചു കെടുത്തിയ സൂര്യന്റെ
ശോണസ്വരൂപം നിമജ്ജനം ചെയ്യവേ,
ഓടിയൊളിച്ചു ചേക്കേറും വിഷാദാർദ്ര-
മൂകഖഗങ്ങൾ പരിക്ഷീണരാകവെ,
പാതിരാവിൻ കൊടിക്കൂറയായിക്കട-
വാവലുകൾ ജ്വരഭീതിയുണർത്തവേ,
ആരുറങ്ങുന്നനുസ്യൂതമൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?
ശ്രാദ്ധം കഴിഞ്ഞു മടങ്ങിയ കാറ്റിന്റെ
ഊർധ്വനിൽ ജീർണപത്രങ്ങൾ വിറയ്ക്കവേ,
താഴികഹേമകുടങ്ങൾ നിലംപതി-
ച്ചൂഴിയിലേക്കു മരിച്ചടങ്ങീടവേ,
ഭീതിയുണർത്തുമക്ഷങ്ങളിരുട്ടിന്റെ
ഗൂഢമാർഗ്ഗങ്ങളിൽ തേരുവലിക്കവെ,
ലോഹമുരഞ്ഞുണർത്തുന്ന സീൽക്കാരത്തി-
നാരോഹണങ്ങളിലാരോ രസിക്കവെ,
രാത്രിതൻ നീല ഞരമ്പിലൊടുങ്ങാത്ത
സ്വാർത്ഥമോഹങ്ങൾ ത്രസിക്കവെ, പിന്നെയും
ആരുറങ്ങുന്നഭിശപ്ത മൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?
പാതികടന്നെത്രകാലം കഴിഞ്ഞുപോയ്!
പാതിരാവിന്നിരുൾ പോകാതെ തങ്ങവേ,
നേരിനെക്കാത്തു പുനർജ്ജനിക്കാതർക്ക-
ചേതോഹരാംഗൻ കിഴക്കലഞ്ഞീടവെ,
പേടിച്ചരണ്ടതാരങ്ങളൊളിപ്പിച്ച-
ധൂസരബിന്ദുക്കളക്കരെ നിൽക്കവെ,
ആരുറങ്ങുന്നു നിതാന്തമൗനത്തിന്റെ
ശാപം പുതച്ചുകൊണ്ടീച്ചെറുതിണ്ണയിൽ?
-----------
22.07.2020