Tuesday, 12 December 2017

അനന്തരം




അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;
അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.

വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.

അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.




24.05.2017

ഷെല്ലിയിലേക്കുള്ള വഴി


വീടിനുപുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
'കാതറിൻറോഡി'ൽനിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെദൂരം.
കെ ജി അങ്കിളിന്റെ വീടുകഴിഞ്ഞാൽ
ഇടതുതിരിഞ്ഞു, വളവുകഴിഞ്ഞു
വീണ്ടും ഇടതുതിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പൊളേക്കും
'ഷെല്ലി അവന്യൂ' വിൽ എത്തിയിരിക്കും.
സ്വന്തംഏകാന്തതയ്ക്കു കൂട്ടായി
ഇരുളിൽനിന്നും പാടുന്ന വാനമ്പാടി...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

-------------------
31.05.2017
   

നദി മുതൽ


ഹേ യാത്രക്കാരാ...
നിന്റെ കാഴ്ചകൾക്കപ്പുറവും
നദി ഒഴുകുന്നു.

നീ കേൾക്കാതെയും നദി ഒഴുകുന്നു.
നീ കാണുന്ന പരപ്പിനടിയിൽ
നദി മറ്റൊരു നദിയായി ഒഴുകുന്നു.
വളവുകൾക്കപ്പുറവും നദി ഒഴുകുന്നു.
മഴയണിഞ്ഞ നദിയല്ല
വെയിലേറ്റ നദി.
മണലൂറ്റുകാരന്റെ നദിയല്ല
ഈ കടത്തുകാരന്റെ നദി.
അതല്ല ഈ അലക്കുകാരിയുടെ നദി.
മറ്റൊന്നാണ് ഗ്രാമത്തിലെ മുക്കുവന്റെ നദി.
മറ്റെന്തോ ആണ് ഇടവത്തിൽ
വീടൊഴുകിപ്പോയവന്റെ നദി.

ഹേ യാത്രക്കാരാ..
നദി യാവുക നീ നദിയെ അറിയാൻ.
-----------------
22.08.2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

Wednesday, 6 December 2017

മിഖായേൽ

നീഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറംതിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു,
ഇപ്പോൾ ... അമ്മ വഴക്കു പറയുന്നതു എനിക്കു കേൾക്കാം
"കുട്ടികളെ... ഒന്നടങ്ങു..."
നാം ചിരിക്കും, നീ കണ്ടെത്താത്തഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്...
പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചുകളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം എപ്പോഴും കണ്ണീരിൽ ഒടുങ്ങുന്നു.

ആഗസ്തിലെ ആ രാത്രിയിൽ ആരുംതന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കാൻപോയി, നേരം ഏറെക്കഴിഞ്ഞു
പുലരാറായിരിക്കുന്നു.
നിന്നെ ഒരിക്കലുംകണ്ടെത്താനാവാതെ
നിന്റെസോദരൻ തിരിച്ചെത്തിയിരിക്കുന്നു.
അവനുചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ... വേഗമാവട്ടെ,
നീ പ്രത്യക്ഷപ്പെടുമോ? അമ്മയ്ക്കിതു വിഷമം മാത്രമായിത്തീരും.

Miguel BY CÉSAR VALLEJO, TRANSLATED BY DON PATERSON

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell
"Boys! Calm down!" We'd laugh, and off I'd go
to hide where you'd never look. . . under the stairs,
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.
Everything would always end in tears.

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry
and show yourself? Mama will only worry.

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മഴ' എന്ന കവിതയെ തുടർന്ന് 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിതയിൽ എത്തിച്ചേർന്നു. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത് നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരുനിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ പ്രത്യക്ഷപ്പെടുമോ?"

06.12.2017