അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?
ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!
അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.
വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.
അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?
തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.
24.05.2017
അടർന്നു വീഴുന്ന ദലങ്ങളായ് ദിനം
ReplyDeleteപ്രപഞ്ച കല്ലോല തരംഗ ലീലയിൽ
ഉയർന്നു താഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞു നോക്കാതെ പ്രഹേളിയിൽ ദ്രുതം?
തിരിഞ്ഞു നോക്കില്ല, തകർന്നു വീഴുന്ന
തരുക്കളിൽ, ശാദ്വല ഭംഗിയിൽ, നിലാ
വൊഴിഞ്ഞു പോകുന്ന വിഹായ വീഥിയിൽ
ഉദിച്ചു പൊന്തുന്ന പ്രഭാത രശ്‌മിയെ.
അനന്തരം ...