Tuesday 12 December 2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

1 comment:


  1. ഭൂതോം വർത്താനോം കൂട്ടി എത്ര കൂട്ട്യാലും ,കിഴിച്ചാലും
    പ്രവാസീടെ പ്രയാസം മുഴച്ചു വികൃതമായ വർത്താനത്തിലങ്ങിനെ
    പ്രതീക്ഷയോടെ ഭവീനെ നോക്കീട്ട് കൈയ്യും കാലും പുറത്തിട്ട് മിണ്ടാട്ടം മുട്ടി തൂങ്ങി കിടക്കും ...!

    ReplyDelete

Hope your comments help me improve.