Friday, 24 May 2019

പിൻ ദർശിനി



മൂടുപടത്തിൻ ജനാലതന്നുള്ളിൽ നി  -
ന്നാരെയോ തേടിവരുന്നിന്ദ്രജാലമായ് 
ചേതോഹരം മിഴിപ്പൂക്കൾ, കിനാവുകൾ
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയിൽ.

ചാരെ ചരിക്കുമീ പിൻദർശിനിക്കുള്ളി-
ലാരോ കുലച്ചൊരീ ഇന്ദ്രധനുസ്സുകൾ
തേടുവതേതൊരു മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കും മരാള സ്വപ്നങ്ങളെ.

ദീപനാളങ്ങൾ പദങ്ങളാടുന്നൊരീ
ചാരു ശിലാ മണ്ഡപത്തിൽ നിശീഥിനി
കീറി മുറിക്കുന്ന നീലോല്പലങ്ങളെ-
ന്തോതുന്നു, കൂടണയാൻ തിടുക്കമോ? 

അവസാനത്തെ വണ്ടി



അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.


അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ 
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.

----------
27.09.2018

Wednesday, 22 May 2019

മൗനമേഘങ്ങൾ



പെയ്യാതെ നിൽക്കും ഘനശ്യാമമൗനമേ
ചൊല്ലീടുമോ നിൻ പരിഭവങ്ങൾ?
ചൊല്ലാൻ മടിക്കുന്ന മൗനാധരങ്ങളെ
പെയ്യുമോ നിങ്ങൾ ഋതുവർഷമായ്

രാവു ചേക്കേറും ചികുരഭാരത്തിലെൻ
പാതി മുഖമൊളിപ്പിച്ചുനിൽക്കെ,
പാടാൻമറന്നൊരീറക്കുഴൽ ചാരത്തു
പ്രാണ മരുത്തിനെ കാത്തിരിക്കെ,
കാറ്റായുഴിഞ്ഞിടാം, മൗനം മറന്നെന്റെ
നീറ്റലിൽ നീ പെയ്തിറങ്ങീടുമോ?

പാതിമറഞ്ഞ പനിമതിതൻ നിഴൽ
വീണൊരീ മൗനസരോവരത്തിൽ,
തോണി തുഴഞ്ഞിരുൾ കീറി മറയുന്ന
പാതിരാഗ്രീഷ്മനിശ്വാസങ്ങളിൽ,
മൗനമുടഞ്ഞൊരാമന്ത്രണം സാഫല്യ-
പങ്കേരുഹമായ്‌ വിരിഞ്ഞിടട്ടെ.

എൻവിരൽകൊണ്ടൊന്നു തൊട്ടാലുടയുന്ന
മൺകുടം നിൻ മൗന മേഘങ്ങളിൽ
ഒന്നു ചുംബിക്കട്ടെ, നീ തുലാവർഷമായ്
എൻ നൊമ്പരങ്ങളിൽ പെയ്തിറങ്ങു.

------------
22.05.2019

Thursday, 9 May 2019

ജന്മദിനം



പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു  ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"

താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"

കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?" 
-----------------
09.05.2019