Thursday 9 May 2019

ജന്മദിനം



പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു  ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"

താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"

കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?" 
-----------------
09.05.2019

1 comment:


  1. മനോഹരം ....

    'താമരത്താരിളം പാദങ്ങളിൽ നോവൊ-
    രോമന മൂത്ത മണച്ചൊരാദ്യത്തെ നാൾ,
    ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
    കാതോർത്തു നിന്ന മനോഹര സന്ധ്യയും,
    പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
    കാറ്റേ, കടലേ, നിലാവേ മറന്നുവോ?"

    ReplyDelete

Hope your comments help me improve.