Sunday, 21 February 2016

പന്തയക്കുതിരകൾ



ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.


ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"

ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.

----------------
17.02.2016

Thursday, 18 February 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്തമൗനത്തിന്റെ
ചിറകിൽ വിമൂകം, ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വനഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്രയെങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴിയടയ്ക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലുപാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളിനീരു നൽകിടാം, സാന്ത്വനമോതിടാം
സമരഗാനങ്ങളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവനമാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്തമടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമരഗാനങ്ങളുതിർത്ത മുളംതണ്ടി-
ലിനിയുതിരില്ല നിശാഗന്ധി ഗീതികൾ.

ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ പാടട്ടെ
വസുധയെ പാടിയുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016

Wednesday, 27 January 2016

പാൽമിറാ* യിലെ കമാനങ്ങൾ


പിന്നെയും ചരിത്രത്തിൻ താളുകൾ മറിക്കുകിൽ
ചെന്നു നാമെത്തിച്ചേരും പാൽമിറാ ദേശങ്ങളിൽ.
വെണ്‍കല്ലു വിരിച്ചിട്ട ചത്വരങ്ങളും മഹാ-
മണ്ഡപം, അരികത്തായ് ദന്തഗോപുരങ്ങളും.
ഗന്ധവാഹനൻ ചെന്നു ചുംബിച്ചുവലംവച്ച
സുന്ദരകമാനങ്ങൾ, തുംഗമാംധ്വജസ്തംഭം.
തേരുകളുരുളുന്നു റോമിന്റെഗരിമാവിൻ
തോരണമണിയുന്ന രാജവീഥികൾ തോറും.
പ്രാക്തനകാലത്തിന്റെ പോക്കുവേൽ നാളത്തിങ്കൽ
പ്രോജ്ജ്വലമായിത്തീർന്നു സാമ്രാജ്യചരിതങ്ങൾ.

പിന്നെയും ചരിത്രത്തിൻ വേലിയേറ്റത്തിൻ ശക്തി-
സഞ്ചയമുടച്ചിട്ടു താഴികക്കുടങ്ങളെ.
എണ്ണിയാലൊടുങ്ങാത്ത ജൈത്രയാത്രകൾ നിണം-
ചിന്നിയ മണൽക്കാടിൻ വീരഗാഥകളാകെ,
ഒന്നു മറ്റൊന്നിൻമീതെ ഉയർത്തി സംസ്ക്കാരങ്ങൾ
മിന്നുന്നു കോടിക്കൂറ മർത്ത്യരക്തത്തിൻ മീതെ.
പിന്നെയും നൂറ്റാണ്ടുകൾ കടക്കെ പൗരാണിക
മണ്ണിന്റെ മഹിമാവായ് പാൽമിറാ കമാനങ്ങൾ.
കാറ്റിനെ തടഞ്ഞിട്ട വാസ്തുശിഷ്ടങ്ങൾ കാണാൻ
കൂട്ടമായെത്തിച്ചേർന്നു ആളുകളെവിടുന്നും.

ഇന്നിതാ ചരിത്രത്തിന്നേടൊന്നു മറിഞ്ഞപ്പോൾ
സുന്ദരകമാനങ്ങളുടച്ചു തകർത്താരോ.
മത്തേഭസമാനമാം സ്തൂപങ്ങൾ ബൃഹത്തായ
അസ്തിവാരത്തിൻ ചാരെ ധൂളിയായ് കിടക്കുന്നു.
ബന്ധുര മനോജ്ഞമാം ചിത്രഗേഹങ്ങൾ, ശിലാ
ഖണ്ഡത്തിൽ വിരിയിച്ച ചൈത്രവിസ്മയങ്ങളും
ഗന്ധകം പുകയുന്ന രാവിന്റെകോട്ടക്കുള്ളിൽ
ബന്ധങ്ങളഴിഞ്ഞിതാ ചിതറിക്കിടക്കുന്നു.

എന്തിനു ചരിത്രത്തിൻ കണ്ണിലെ കരടായി
മന്നിലെ വിചിത്രമാം കാഴ്ച നീ മായിക്കുന്നു?
നാളെകൾ കെട്ടിപ്പൊക്കാൻ വേരുകൾ മുറിക്കുന്നോ?
നാൾവഴിചരിതത്തിൻ നാവു നീ കണ്ടിക്കുന്നോ?
കൊല്ലുവാൻ കുലച്ചൊരു വില്ലുമായ്‌ നിൽക്കുന്നു നീ
മെല്ലവേ ശ്രവിചാലും മേഘഗർജ്ജനങ്ങളെ.
"നാളെ നീ പുതിയൊരു താഴികക്കുടം തീർക്കാം
ചാരുത പുരളാത്ത വന്ധ്യമേഘത്തിൻ ചോട്ടിൽ.
നിന്റെ താഴികക്കുടങ്ങളുമുടയ്ക്കും ഒരു കാലം
മണ്ണിന്റെ സമസ്യയാണിതു നീ മറക്കേണ്ട."

-------------
An ancient city in Syria, a world heritage centre, famous for Roman monumental ruins;  destroyed recently. 

Monday, 21 December 2015

മതം മടുക്കുമ്പോൾ


അതു നീ ആണെന്ന് അറിയാൻ കഴിയാതെ വരുമ്പോൾ
പകൽ വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുക;
അവിടെ ഒരു സൂര്യനായി നീ എരിയുന്നുണ്ടാവും.

നീ അതുതന്നെ എന്ന് ഇനിയും അറിഞ്ഞില്ലെങ്കിൽ
നദിയോരത്തേക്കു പോവുക;
അവിടെ ഒരായിരം മീനുകൾക്കൊപ്പം
നീ കൂത്താടുന്നുണ്ടായിരിക്കും.

നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയാതെവരുമ്പോൾ
അറവുശാലയുടെ പടികടന്നു ചെല്ലുക;
കാരുണ്യത്തിനായി ദാഹിക്കുന്ന നിന്നെ
അവിടെ കാണേണ്ടി വരും.

ആചാരങ്ങൾ നിന്നെ ബന്ധനസ്ഥനാക്കുമ്പോൾ
പർവതങ്ങളുടെ ഉയരങ്ങൾ തേടുക;
അവിടെ ശുദ്ധസ്വാതന്ത്ര്യത്തിൽ നിനക്കു വിലയം പ്രാപിക്കാം.

ഇല്ലാത്ത സ്വർഗം നിന്നെ ഇനിയും പ്രലോഭിപ്പിക്കുമ്പോൾ
മണ്ണിരയുടെ മാളത്തിലേക്ക് ഇഴഞ്ഞുചെല്ലുക;
പാതാളത്തിലെ സ്വർഗത്തിൽ നിനക്കും ഒരു രാത്രി കഴിയാം.

കുരുടനായ പുരോഹിതൻ നിൻറെ പണത്തെ അമിതമായി സ്നേഹിക്കുമ്പോൾ
വൻ മരങ്ങൾക്ക് ചോട്ടിലൂടെ സാവധാനം നടക്കുക;
കൊഴിഞ്ഞു വീഴുന്ന ഇലകൾ നിനക്കു മംഗളം അരുളുന്നുണ്ടാവും.

നവഗ്രഹങ്ങളും നക്ഷത്രങ്ങളും നിന്നെ തോൽപ്പിക്കുമ്പോൾ
നിലാവിലേക്ക് ഇറങ്ങിപ്പോവുക;
നീല കിരണങ്ങളിൽ നിനക്കൊരു പാട്ടായി അലിഞ്ഞു ചേരാം.

പുണ്യപാപങ്ങളുടെ കുമ്പസാരക്കൂടുകൾ മാടിവിളിക്കുമ്പോൾ
മഴയിലേക്ക്‌ ഇറങ്ങിപ്പോവുക;
പ്രകൃതിയുടെ കണ്ണീരിൽ നീ വിശുദ്ധനായിത്തീരും.

മതം മടുക്കുമ്പോൾ സോദരാ
കവിതയിലേക്ക് നീ ഇറങ്ങി വരിക;
അവിടെ നീ ദൈവം മാത്രമായിരിക്കും.

---------------
21.12.2015


Saturday, 21 November 2015

ഉറങ്ങിപ്പോയ തൂലിക


എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ
രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ
മാദ്ധ്യമ  ത്തമ്പുരാൻ  വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ
അതോ അവാർഡിനു പിൻപേ നടന്നു ക്ഷീണിച്ചതുകൊണ്ടാണോ

എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
രണ്ടാം ലോക മഹാ യുദ്ധം ഭൂമിയിലെ യുദ്ധങ്ങളുടെ ഒടുക്ക മായിരുന്നില്ല.
ജനാധിപത്യം ഭരണ നിർവഹണത്തിന്റെ അവസാന വാക്കല്ല.
സ്വന്തം ജനതയെ എഴുപത്തി അഞ്ചു ശതമാന മാക്കിയ പോൾ പൊട്ട്
അവസാന സ്വേഛാധിപതി ആയിരുന്നില്ല.
ബംഗാൾ ക്ഷാമം അവസാന ക്ഷാമ മായിരുന്നില്ല.
U N O  സമാധാനത്തിന്റെ പരമമായ കാവൽ ഭടനുമല്ല.
മാർച്ച് 8 കൊണ്ട് സ്ത്രീ തുല്യ ആയതുമില്ല.
ഒരു ലിങ്കൻ കൊണ്ട് അടിമത്തം തീർന്നതു മില്ല.

ആമസോണുകൾ പാമോയിലായി കുപ്പിയിൽ വരുമ്പോൾ
പൊക്കഹറാമുകൾ ദൈവത്തിനായി സമർപ്പിക്കപ്പെടുമ്പോൾ
ചിക്കൻ ഫ്രൈ കോളയിൽ കുഴച്ചു വെട്ടി വിഴുങ്ങിയിട്ട്
എന്തേ നീ ഉറങ്ങിപ്പോയി?

Friday, 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

Monday, 14 September 2015

നിഴലുകൾ



ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"

തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും'  നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?

എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം'  ആലയിലുണ്ടായി.
നിന്റെ  'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ  'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ  'ചട്ടുകം'  കലഹമുണ്ടാക്കി.

ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ  നേർ രേഖയിലൂടെ  വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ  പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ  വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത  ആയിരമായിരം നിഴലുകൾ.


Sunday, 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015

Wednesday, 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

Thursday, 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015