Friday, 5 April 2019

ബാലപാഠം



ഭൗതിക ശാസ്ത്ര പ്പരീക്ഷയാണിന്നെനി-
ക്കൊന്നാമതെത്തണമല്ലോ.
കാണാ പഠിച്ചതും, കണ്ടെഴുതേണ്ടതും
കാഴ്ച വയ് ക്കേണമിന്നെല്ലാം.
പ്രാപഞ്ചികത്തിന്റെ ബാലപാഠങ്ങളിൽ
മുങ്ങി ക്കുളിച്ചു ഞാൻ മുന്നേ.
കാന്തിക-വൈദുത ബന്ധങ്ങൾ, വേഗത
ശബ്ദം, വെളിച്ചം, പ്രവേഗം,
ഒക്കെയും കാണാ പഠിച്ചു, ബലത്തിന്റെ
തത്വമെന്തെന്നും പഠിച്ചു. 
ഊർജാവതാരങ്ങൾ എത്രയുണ്ടെങ്കിലും
ഒന്നാണതെന്നും പഠിച്ചു.
ക്വാണ്ടാം ഫിസിക്സ് എടുത്തമ്മാനമാടിഞാൻ
കാണാ തരംഗ മറിഞ്ഞു.
ദ്രവ്യവും, ഊർജവും ചങ്ങാതി മാരെന്നു
സാക്ഷ്യം പറഞ്ഞു ഞാൻ നിന്നു.
ന്യൂട്ടനെ, ഫ്രാങ്ക്‌ളിനെ, ഹോക്കിങ്ങിനെ, പിന്നെ
ചാൾസ് ബബേജങ്കിളെപ്പോലും,
ഹൃത്തിൽ നമിച്ചു പരീക്ഷയ്ക്കിറങ്ങവേ
ഇറ്റു ഭയത്തിൽ ഞാനാണ്ടു.
പിന്നോട്ടു നോക്കാതെ, പിൻവിളി കേൾക്കാതെ
നൽക്കണി കാണാൻ കൊതിച്ചു.
ഒക്കെ പരിഹരിക്കാനായി ഞാൻ രണ്ടു
കത്തും മെഴുതിരി നേർന്നു.
ഏതോ പുരാണം ഖബറിടത്തിൽ രണ്ടു
സൈക്കിൾ അഗർബത്തി നേർന്നു.
രാഹുകാലം കഴിഞ്ഞേറെ  വൈകാതെ ഞാൻ
രാശികൾ നോക്കിനടന്നു.
എല്ലാം ശുഭത്തിൽ കലാശിക്കുവാൻ ശിരോ
മുണ്ഡനം ഞാനങ്ങു നേർന്നു.
തെല്ലു സമാധാനമായി, സിദ്ധാന്തങ്ങൾ
മുറ്റുമാവർത്തിച്ചു, പക്ഷെ.
പൂച്ച നിരത്തിൽ കുറുക്കു നടക്കുന്നു
ഷ്രോഡിങ്കറെ, നിന്റെ പൂച്ച!



Saturday, 16 March 2019

ഹോമോ പ്ലാസ്റ്റിയൻ



ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു
ചന്ദ്രികാലംകൃതയായി വസുന്ധരയും.
പരിണാമ തരുവിന്റെ നെറുകയിൽ  നവ ശാഖ
പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി.
നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ
നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ
പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും
പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി.
പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി
പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി.
ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന
ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ,
പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ്
പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു.
ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി
പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം,
വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ
വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി.
ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും
സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്.

പഞ്ചബാണൻ തോൽക്കും  രൂപം,  സുന്ദരാസ്യനവജാതൻ
ചുണ്ടു കോട്ടിച്ചിരിക്കവേ  മുഴങ്ങി വാനിൽ.
"നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ
നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ,
ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ
ഇന്ദ്രസമൻ പിറന്നല്ലോ  ഹോമോ പ്ലാസ്റ്റിയൻ."
പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം
പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ.

വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി
വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്,
പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ്
പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല.
തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ
പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല.
മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു
മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു.


------------
16.03.2019

*ഹോമോ സെപിയൻസ് ഇവോൾവ് ചെയ്തു ഹോമോ പ്ലാസ്റ്റിയൻസ് ഉണ്ടാകുന്ന ഭാവി സന്ദർഭമാണ് പ്രമേയം.

Friday, 1 March 2019

പ്ലാറ്റുഫോം 97



കൈയെത്തും ദൂരെ നിന്നും
തെന്നിയകന്നു പോകുന്ന
ചുവന്ന വെളിച്ചത്തിൽ 
പ്ലാറ്റുഫോം  97.
സമർപ്പിക്കേണ്ട അവസാന ദിനം പോലെ
പിടി തരാതെ
അകന്നു പോകുന്ന തീവണ്ടി.
ചിലപ്പോൾ രതിയുടെ ചുവപ്പു നിറം പൂശി
മറ്റു ചിലപ്പോൾ മരണത്തിന്റെ കറുത്ത നിറം പൂശി
തോട്ടിലെ വരാലുപോലെ
വഴുതിപ്പോകുന്ന തീവണ്ടി.

ഇനിയെന്ത്?

മഴ പെയ്താലും ഇല്ലങ്കിലും,
അതു ചിത്രമാക്കി
ചുവരിൽ  തൂക്കുന്ന ഗാലറിയിലേക്ക്.

ചിത്രത്തിലെ തീന്മേശയിൽ നിന്നും
മൊരിച്ചെടുത്ത റൊട്ടി,
പഴക്കൂടയിൽ നിന്നും ആപ്പിൾ,
പിന്നെ
ലാൻഡ് സ്‌കേപ്പിലെ അരുവിയിൽ നിന്നും
അൽപ്പം വെള്ളം,
പതിനെട്ടാം നൂറ്റാണ്ടിലെ
എണ്ണച്ചിത്രത്തിലെ മരക്കുരിശിൽ
അല്ലെങ്കിൽ
അപ്പോൾ കമിതാക്കളുപേക്ഷിച്ച ചുളിഞ്ഞ മെത്തയിൽ
ചെറിയ മയക്കം.
പുലരിയിലുടെ മഞ്ഞ വരകളിലൂടെ
വീണ്ടും
പ്ലാറ്റുഫോം  97 ലേക്ക്.
---------------
18.02.2019

ലൈൻ ഓഫ് കൺട്രോൾ


പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
"പൂഞ്ചിലെ" സ്വന്തം വീട്ടിൽ വെടിയുണ്ട ഏറ്റു മരിച്ച നിന്റെ മുത്തശ്ശിയെക്കുറിച്ചു നീ പറഞ്ഞു.
വിദേശത്തു നിന്നും തിരികെ വന്നു ഭയന്നു ജീവിക്കുന്ന
അമ്മാവനെപ്പറ്റി നീ പറഞ്ഞു.
അമ്മവീടു കാണാൻ പോയ നിന്റെ സാഹസിക യാത്രയെപ്പറ്റി പറഞ്ഞു.
തലയെടുപ്പുള്ള മലനിരകളും,
തണുപ്പു വീണ താഴ് വാരങ്ങളും,
എവിടെയൊക്കെയോ പതിയിരിക്കുന്ന ആപത്തുകളും നിറഞ്ഞ
ഭൂമിയിലെ സ്വർഗ്ഗത്തെപ്പറ്റി നീ പറഞ്ഞു.
മൂളി ക്കേൾക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നൊള്ളു.

ആരെയും പോലെ എന്റെ ജനനത്തിൽ എനിക്കൊരു പങ്കുമില്ലായിരുന്നു.
അതു കൊണ്ടു മാത്രം ആരോ തീരുമാനിച്ച അതിരിനപ്പുറമുള്ള നീ എന്റെ ശത്രു വാകുന്നതെങ്ങനെ?
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
നിന്റെ ദൈവത്തെപ്പോലെ എന്റെ ദൈവവും യുദ്ധക്കൊതിയനാണ്.
പ്രാർത്ഥിച്ചിട്ടു തന്നെയാണ് അവർ യുദ്ധത്തിനു പോയത്.
പ്രാർത്ഥിക്കുമ്പോഴായിരുന്നല്ലോ നിന്റെ മുത്തശ്ശിക്കു വെടിയേറ്റത്.
"ആരുടെ തോക്കിൽ നിന്ന് " എന്നു ഞാൻ ചോദിച്ചില്ല.
തോക്കിനു അപ്പുറം ആരായിരുന്നെങ്കിലും
ഇപ്പുറം നമ്മുടെ മുത്തശ്ശി ആയിരുന്നല്ലോ!
നിനക്കു ദു:ഖവും അമർഷവും ഉണ്ടെന്നറിയാം.
പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
എങ്കിലും അതെനിക്കു ആവർത്തിക്കേണ്ടിയിരിക്കുന്നു.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
------------------
28.02.2019

ഏണസ്റ്റു പറഞ്ഞത്


വണ്ടിക്കു കല്ലെറിയുമ്പോൾ
ചില്ലിൽ മാത്രം എറിയുക.
കൊള്ളുമ്പോൾ മാത്രം കിട്ടുന്ന
ശ്രവണ സുഖം നുകരുക.
നാണിച്ചു വീഴുന്ന വജ്രക്കല്ലുകളിൽ
ഒരു കാമുകനെപ്പോലെ നോക്കുക.
ശ്യാമ മാർഗ്ഗത്തിൽ കാത്തു കിടക്കുന്ന
ചില്ലുകളിൽ നിണ ശോണിമ പകരുക.
ഉയരുന്ന ആർത്തനാദങ്ങളിൽ
ഒരു യതിയെപ്പോലെ നിസ്സംഗനാവുക.
ചൂണ്ടു വിരലുകൾക്കു മുന്നിൽ
തല ഉയർത്തി നടക്കുക.
കാറ്റു കയറിയിറങ്ങുന്ന ജാലകത്തിൽ
അലസമായി തിരിഞ്ഞു നോക്കുക.

നര വരും കാലത്തുള്ളിൽ കുരുക്കുന്ന
കാട്ടകാരയെ കണ്ടില്ലെന്നു നടിക്കുക.
സ്വസ്ഥമായി ഉറങ്ങുന്നു എന്നു നടിക്കുക.
അസ്വസ്ഥമായ സ്വപ്നങ്ങളിൽ
ആകുലപ്പെടാതിരിക്കുക.

വണ്ടിക്കു കല്ലെറിയുമ്പോൾ
നെഞ്ചു പിളർക്കുക.
(അതെന്തിന്റെ ആണെങ്കിലും)

--------------
25.02.2019

Tuesday, 19 February 2019

കഷായം


പോയ നൂറ്റാണ്ടിൻ ശ്മശാനത്തിൽ നിന്നുയിർ
പോകാതെ ചോര മണക്കുവാനെത്തിയോർ,
വാളോങ്ങി നിൽക്കുന്ന തത്വശാസ്ത്രങ്ങളെ
സ്നേഹിക്കുവാൻ കഴിയുന്നില്ല നിങ്ങളെ!

തീരെ നവീകരിക്കാത്തൊരാത്മാവുമായ് 
പാതിരാ കഞ്ചുകം ചാർത്തി, ശോണാധരം
പാരം ചുവപ്പിച്ചു മാടി വിളിക്കുന്നു
ഈ ശതാബ്ദത്തെ ചികിൽസിച്ചു മാറ്റുവാൻ.

ആഴക്കടലിൻ കിടങ്ങിലിറങ്ങിയും,
സൂര്യ ഗോളങ്ങളിൽ 'പ്രോബ്' എയ്തു വീഴ്ത്തിയും,
കോശാന്തരത്തിലിറങ്ങി 'ഡിയെന്നയെ'
കീറി മുറിച്ചും മനുഷ്യൻ കുതിക്കവെ -

എന്തേ ശിലായുഗ ഭാണ്ഡത്തിൽ നിന്നു നീ
കണ്ടെടുത്തോരൊറ്റമൂലി  വിധിക്കുന്നു?
അന്യനെ കാണെ സഹിഷ്ണുത പോകുന്നൊ-
രർണ്ണോജനേത്രന്നൊരായുധം നൽകുന്നു?

പൊട്ടാസു പൊട്ടന്നു നൽകുന്നു, ചാവേറു
പൊട്ടിത്തെറിച്ചെട്ടു ദിക്കിലെത്തീടുന്നു.
തിട്ട മില്ലാതെ കബന്ധങ്ങളാമുരുൾ
പൊട്ടി പ്രളയക്കെടുതി വിതയ്ക്കുന്നു.

സ്നേഹം വിതയ്ക്കാൻ മറന്ന മതങ്ങളെ,
സ്നേഹം പൊലിക്കാത്ത തത്വശാസ്ത്രങ്ങളെ,
ആഹുതി കൊണ്ടു കഷായമുണ്ടാക്കുന്ന
നീതി ശാസ്ത്രങ്ങളെ സ്നേഹിക്കയില്ല ഞാൻ.

Thursday, 14 February 2019

പ്രണയ ഗോളം കറങ്ങുന്നു



പ്രണയമായിരുന്നില്ല അതെങ്കിലും
വ്രണിത ശോണിത മാനസം മാമകം
പ്രിയതരം തവ ലാസ്യ ഭാവങ്ങളിൽ
തരളമായതെന്തെന്നു  നീ ചൊല്ലുമോ?

പ്രണയമായിരുന്നെന്നോടെനിക്കെത്ര
വിരഹപൂരിതം നീ വരും നാൾ വരെ.
തിരകൾ പോലെ നിലയ്ക്കാത്ത നിൻ രാഗ
ലഹരിയിൽ സ്വയമെന്നെ മറന്നു പോയ്.

പ്രണയമാനസേ നിൻ മിഴിക്കോണിലെ
ജലകണത്തിലലിഞ്ഞു ഞാൻ ചേരവേ
പ്രണയ വള്ളികൾ പുഷ്പിച്ചതിൻ ഗന്ധ
സുരപഥത്തിലീ ഗോളം കറങ്ങുന്നു.  

Monday, 14 January 2019

മറ്റൊരിടം


മരവിച്ച വിളക്കു കാൽ.
ചുവട്ടിൽ ഇടറി വീഴുന്ന പീത വർണ്ണം.
നിഴലിനു മുകളിൽ ഇഴയുന്ന നിഴലുകൾ.
കുപ്പായങ്ങളുടെ അടരുകളിലൂടെ അരിച്ചെത്തുന്ന ശൈത്യം.
കാറ്റിനു ലഹരിയുടെ ഗന്ധം.

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.
ചുവന്ന നിറം ചാർത്തിയ ശകടങ്ങൾ.
ആലിംഗനം ചെയ്തു യാത്ര പിരിയുന്നവർ.
മൂകരായി ബസിറങ്ങുന്നവർ. 
ഒന്നുകൂടി പുകയെടുത്തിട്ട് കയറുന്ന മറ്റൊരാൾ.
വശ്യമായി ചിരിച്ചു കടന്നു പോകുന്ന പെൺകുട്ടി.
ഒരിക്കലും വരാത്ത ബസിനായി കാത്തിരിക്കുന്ന ഒരു യാത്രക്കാരൻ.

ഇവിടം മറ്റൊരിടം പോലെ മാത്രം.
അപരിചിതത്വത്തിന്റെ സൗകര്യമുളള ഏതോ ഒരിടം.



------------------
14.01.2019

Friday, 9 November 2018

വചനം


വചനത്തിനില്ലിഹ കർത്താവും,
മതഭോഷ്ക്കും, കാലസമസ്യയും
കലഹിപ്പു മനുഷ്യരെന്തിനെ -
ന്നറിയുന്നീലതിനില്ല രാജ്യവും.

പരമാണു പിളർന്നു തേജസിൻ
ചിരസ്വത്വമറിഞ്ഞ ദേഹികൾ
പരമാര്‍ത്ഥ മുരച്ചതാർക്കുമേ
പരിതാപമൊഴിഞ്ഞു വാഴുവാൻ.

ഭുവനേ മോഹപടുക്കളെന്നും
അവനീപതിയായി മാറുവാൻ
ഭവസാഗര യാനവാചനം
അവികല്പം നിശ്ചലമാക്കിടും.

--------
09.11.2018

Sunday, 21 October 2018

തീർത്ഥാടനം


കാത്തിരിക്കാൻ കഴിയില്ലനാരതം
കൂത്തരങ്ങൊഴിഞ്ഞീടുന്നു സാമ്പ്രതം
ആർത്തനാദം മുഴക്കും മിഴാവിന്റെ
ഊർധ്വനെത്തിടും മുമ്പണഞ്ഞീടണം.

പണ്ടു പാണനാർ പാടിയ പാട്ടിലും
ചെണ്ടകൊട്ടിയ തോറ്റത്തിലും യഥാ
സംക്രമിപ്പിച്ച ഭാവനാ തന്തുക്കൾ
ബന്ധുരം, വൃഥാ ഭാരമായ് മാറൊലാ.

രണ്ടതില്ലാത്ത സംസ്‌കൃത ചര്യയിൽ
ഇണ്ടലേറ്റുന്നു രണ്ടെന്ന ചിന്തകൾ.
കീർത്തനാലാപ ബാഹ്യമേളങ്ങളിൽ
ചേർത്തു വയ്‍ക്കൊലാ അന്തരാത്മാവിനെ.

പിന്തിരിഞ്ഞു നടക്കാനെളുതല്ല
സന്തതം സഹചാരി തിരിഞ്ഞിലും
ബന്ധമോചന തീർത്ഥയാത്രക്കുള്ള
പന്തമാണെന്നനിശം മറന്നിടാ.

ചാരമാക്കും പുരീഷ മൊരുപിടി
വാരി നെറ്റിയിൽ തേയ്ക്കുന്നതിൽ  അനാ-
ചാരമില്ലതാചാരവു മല്ലഹം
ചാരമാകേണ്ടതെന്ന പൊരുളത്രെ.

ചാരമായിടും മുൻപുണർന്നേറ്റിടാം
പാരിൽ ക്ലിഷ്ടമാം രാവെഴുന്നെള്ളവെ
സാരസമ്പുഷ്ട ജീവിതാകാശത്തിൽ
താരമായി പ്രകാശം പരത്തിടാം.


-----------
20.10.2018