ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കൊറോണയോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്‌നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ 'അനിശം' സമർപ്പിക്കുന്നു.
നീ കണ്ട സ്വപ്നമെന്തായിരുന്നു - അതിൽ
രാഗാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ - അതിൽ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?
ഇന്നലെ സന്ധ്യയ്‌ക്കുദിച്ചിരുന്നു - ശോണ
ചന്ദ്രൻ കിഴക്കെ മലഞ്ചരിവിൽ.
ഇന്ദ്രനീലക്കല്ലുപാകിയ വിണ്ണിന്റെ
നെഞ്ചിലൂടഗ്നിച്ചിറകുവീശി,
ഒത്തിരിയുൽക്കകൾ പാഞ്ഞുപോയി - കാറ്റു
പൊട്ടിക്കരഞ്ഞു പറന്നു പോയി.
ഏതോ വിഷാദരാഗത്തിൽ നിലവിളി-
'ച്ചാമ്പുലൻസൊ'ന്നു കടന്നുപോയി.
നീയതിൽ യുദ്ധം കഴിഞ്ഞുമടങ്ങവേ
ചോരപ്പതക്കങ്ങൾ നിൻ നെഞ്ചിലും,
പ്രാണമരുത്തു പിണങ്ങിയ നിൻ ശ്വാസ-
നാളത്തിലായിരം സ്വപ്നങ്ങളും.
താരകൾ മാറി വിതുമ്പി നിന്നു രാവ-
നാദിയുഷസ്സിനെക്കാത്തുനിന്നു.
കാണാരിയോടു പടവെട്ടി നീ - രക്ത
സാക്ഷിയായ് മാറി ഞങ്ങൾക്കു വേണ്ടി.
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പേടിച്ചരണ്ടു നിൽക്കെ?
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പാടെ തരിച്ചു നിൽക്കെ?
വാണിജ്യ യുദ്ധം നയിക്കെ മറന്നു ഞാൻ
മാനുഷ്യകത്തിൻ പൊരുളറിയാൻ.
കൂരിരുൾക്കോട്ടകൾ കെട്ടിയുയർത്തവേ
കാണാൻ മറന്നുഞാനീവസന്തം.
ഈ മഹാസൗന്ദര്യധാമമെൻചാരത്തു
ചാരുതയാർന്നുല്ലസിച്ചുനിൽക്കെ,
കാണാമറയത്തു തേടിയലഞ്ഞു ഞാൻ
ചേതോഹരാംഗിയാം ജീവിതത്തെ.
ഞാനറിയുന്നു, തിരിച്ചുപോകാൻ മറ്റൊ-
രേടില്ല നിൻ ജീവപുസ്തകത്തിൽ,
മാപ്പു നൽകു സഖേ, നിന്റെ സ്വപ്നങ്ങളെ
കാറ്റിൽപ്പറത്തിയതെന്റെയുദ്ധം.
------------
13.04.2020