Sunday, 21 February 2021

സിംഹവും, അതല്ലാത്തവരും


"നിങ്ങൾക്ക് അതാണാവശ്യമെങ്കിൽ, എടുത്തുകൊള്ളൂ"
അനന്തരം സിംഹം വായ പൊളിച്ചു കൊടുത്തു
ജനത്തിനു ഭ്രാന്തായിരുന്നു.
കുന്തവും, കൂടവുമായി അവർ അകത്തു കയറി
വജ്രം പോലെ തിളങ്ങുന്ന പല്ലുകൾ കണ്ടവർ ഭേരികൾ മുഴക്കി
പച്ചമാംസത്തിൽ കുന്തം തുളച്ചു കയറിയപ്പോൾ
സിംഹം വേദനകൊണ്ടു പുളഞ്ഞു.
അനിവാര്യമായ വേദനകൾ മാറ്റങ്ങളുടെ നാന്ദിയാണെന്ന് സിംഹം ഓർത്തു.
കോമ്പല്ലുകൾ പറിച്ചെടുത്തു ജനം അട്ടഹസിച്ചു.

"ഇനി എന്റെ നഖങ്ങൾ കൂടി പറിച്ചെടുത്തുകൊള്ളൂ"
സിംഹം കൈ കാലുകൾ നീട്ടിക്കൊടുത്തു.
അക്ഷമരായ ജനം ആവേശത്താൽ ഇളകിമറിഞ്ഞു.
ഓരോ നഖവും പറിച്ചെടുത്തപ്പോൾ
സിംഹം  വേദന സഹിക്കവയ്യാത്തെ പൊട്ടിക്കരഞ്ഞു.
ജനം അതു കണ്ടു പൊട്ടിപ്പൊട്ടിച്ചിരിച്ചു.
"ഒരു മാറ്റത്തിനായി എത്രനാളായി കാത്തിരിക്കുന്നു.

ഈ വേദന അതിനൊരു കാരണം മാത്രം.";
സിംഹം തന്നോടു തന്നെ പറഞ്ഞു. 

ഇളക്കിയെടുത്ത പല്ലുകളും നഖങ്ങളുമായി
മ്യൂസിയത്തിലേക്കു കൊട്ടും കുരവയുമായി ജാഥ ഒഴുകി.
സിംഹം സ്വച്ഛമായ പർവ്വത ശിഖരത്തിലേക്കും. 

------------

12.06.2020

Saturday, 13 February 2021

സിനിമയിലെ ഭാര്യ



"സിൽമേലെ ഭാര്യയ്ക്കു ജോലിവേണം,
ജോലിക്കു ഭാരിച്ച കൂലിവേണം,
കൂലിയിടാൻ  സ്വന്തം ബാങ്ക് വേണം,
ബാങ്കിലെത്താൻ സ്വന്തം കാറുവേണം,
കാറുരുട്ടാൻ സ്വന്തം ID വേണം,
ID ഇല്ലാത്തവർ കൂടെവേണം,
കൂടണയുന്നേരം ചായ വേണം,
ചായയിടാൻ സ്വന്തം പാത്രം വേണം,
പാത്രം മോറാൻ സ്വന്തം ചേട്ടൻ വേണം,
ചേട്ടനു സ്വന്തമായ്  ജോലിവേണം,
ജോലിവിട്ടാൽ നേരെ വീട്ടിൽ വേണം,
വാട്ടീസടിക്കാതെ  വന്നിടേണം,
വന്നാൽക്കരിമീൻ വറുത്തിടേണം,
ഉണ്ണുമ്പോൾ കായം കരുതിടേണം,
കായകല്പത്തിനു ജിമ്മിൽ പോണം,
ജിമ്മിയെ  എന്നും കുളിപ്പിക്കണം,
പിള്ളേരെ നല്ലോണം നോക്കിടേണം,
നോക്കിലും നല്ലവനായിടേണം,
വാക്കിലോ പഞ്ചാരപ്പാലുവേണം,
ടേക്കെവേ  ഫുഡ് പറഞ്ഞിടേണം,
വീക്കെൻഡ് ഡിന്നർ പുറത്തുവേണം,
നാത്തൂനേ എല്ലാം പുറത്താക്കണം,
നുക്ലീയർ ഫാമിലി കാത്തിടേണം,
ഇൻലാസ് പൊല്ലാപ്പു കാട്ടിയെന്നാൽ,
'തിന്തകതോം' എന്നു ചൊല്ലിടേണം,
മുല്ലപ്പെരിയാറു പോലെവേണം,
പൊട്ടാതെയെല്ലാരേം ഞെട്ടിക്കണം." 

ചർച്ചയിൽ ചേട്ടൻ പറന്നുകേറി
കോട്ടമൈതാനത്തു കൈയടിയായ്.    
അല്ലെൻറെ ചേട്ടാ പൊറുത്തിടേണം
വീട്ടിലെ ഭാര്യേടെ കാര്യമെന്താ?

(സ്വന്തം ഭാര്യ പറഞ്ഞത് 'ഈ സാധനം പബ്ലിഷ് ചെയ്യരുതേ' എന്നാണ്. പ്രിയതമേ, നീ പറഞ്ഞത് ജീവിതത്തിൽ ആദ്യമായി ഇതാ ഞാൻ ലംഘിക്കാൻ പോകുന്നു. എന്നോട് ക്ഷമിക്കുക!) 

------------------

09.02.2021

Saturday, 30 January 2021

അകൃത്രിമം

അകൃത്രിമം


ഇല്ലാത്ത മേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.

ഗ്രാവിറ്റിയില്ലാത്ത വാക്കുകൾ ഭൂമിവി-
ട്ടാകാശമാർഗ്ഗേ ചരിക്കുന്നതിൽനിന്നു
തൂമഞ്ഞമൃതകുംഭം വീണുടയുന്നു,
ആവൃതമാലിന്യജാലം മറയുന്നു.

നീയതിൽ തോണിയിറക്കുന്നമരത്തു
കാവലില്ലൂന്നുകഴയില്ല, പായില്ല,
പോകേണ്ടദിക്കറിയിക്കുമുഡുക്കളി
ല്ലാരതി കാട്ടുന്ന സൗരതേജസ്സില്ല.

വാഹിനി ചില്ലുപാത്രത്തിൽ തുളുമ്പുന്നു,
തോണിയിൽ നീ വീണുറങ്ങുന്നു, നിൻ മൃദു
വേണീതിരകളിൽ, വേലിയേറ്റങ്ങളിൽ
ഞാനലിഞ്ഞില്ലാതെയാകുന്നകൃത്രിമം. 

------------

30.01.2021

Tuesday, 12 January 2021

രിക്തസാക്ഷി


ചായം പൂശാത്ത ചുവരുകൾ 
മദ്ധ്യേ ആരെയോ കാത്തുകിടക്കുന്ന ചാരുകസേര.
അലമാരയിൽ ഉപയോഗിക്കാതെ
ഒരൂണു  പാത്രം.
പേയം നിറയാൻ കാത്തിരിക്കുന്ന
ഒരുപാനപാത്രം.
പെൻഹോൾഡറിൽ, എഴുതപ്പെടാതെ
ഒരുപേന.
മുറ്റത്തു വീണുകിടക്കുന്ന 
ഒരുമുല്ലവള്ളി.
തൊടിയിൽ ദാഹിച്ചുണങ്ങിയ
ഒരുതെങ്ങിൻതൈ. 
കുടുംബസദസ്സിലെ നിർദ്ദോഷ ഫലിതങ്ങൾക്കിടയിൽ
മൗനത്തിന്റെ ഒരു പാരഗ്രാഫ്.
ചുളിവുവീണ കൺതടങ്ങളിൽ
ഇനിയും ഉദിക്കാത്ത പകലോൻ.
മേശപ്പുറത്തെ ഫ്രെയിമിനുള്ളിൽ
രിക്തമായ നീ.

കടുവയുടെ വഴിയിൽ, നിന്നെ കെട്ടിയിട്ടതാരാണ്?

----

12.01.2021

Monday, 11 January 2021

ചരക്കുവണ്ടി കടത്തിവിടുന്നവർ


സ്നേഹിതാ എനിക്കു നിന്നെ ഭയമാണ്.
പുഞ്ചിരിക്കുന്ന വാക്കുകൾക്കപ്പുറം
നിന്നെ ഭരിക്കുന്നത്,
ചോരസാക്ഷിയാക്കി
നീ കുടിച്ചിറക്കിയ  അന്ധവിശ്വാസങ്ങളാണ്.

ആ വിശ്വാസം ആജ്ഞാപിക്കുന്നു
അന്യരെ, സുഹൃത്തുക്കളാക്കാൻ.
അയൽവാസിയെ, സഹപാഠിയെ, സഹയാത്രികനെ
നല്ല വാക്കുകൾകൊണ്ട് മോഷ്ടിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
സൗഹൃദത്തിന്റെ പാലത്തിലൂടെ
വിശ്വാസത്തിന്റെ ചരക്കുവണ്ടി കടത്തിവിടാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കു ചുമക്കാത്തവനെ അധമനായി വർണ്ണിക്കാൻ.
അവനെ ചതിയനായി പാടിപ്പുകഴ്ത്താൻ,
പിന്നോട്ടു നടക്കുന്ന അവന്റെ ചിത്രം
മാധ്യമഭിത്തികളിൽ വരച്ചു തൂക്കിയിടാൻ,
കവലമദ്ധ്യത്തിൽ വർഗ്ഗശത്രുവാക്കി
അവന്റെ കോലം കത്തിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കിറക്കാത്തവന്റെ കഴുത്തറക്കാൻ.
അനുഷ്ഠാനങ്ങൾ കഴിഞ്ഞു നീ കൈ കഴുകുമ്പോൾ
ആരാണു മൗനമന്ദഹാസം ചൊരിഞ്ഞത്?

സുഹൃത്തേ എനിക്കു നിന്നെ ഭയമാണ്.
നിന്റെ കണ്ണുകളിലൂടെ എന്നെ നോക്കുന്നത്
മറ്റാരോ ആണ്.
നിന്റെ കാതുകളിലൂടെ എന്നെ കേൾക്കുന്നത്
നിന്റെ ചുണ്ടുകളിലൂടെ എന്നിലേക്കു പുഞ്ചിരി പകരുന്നത്
നിന്റെ നാവിലൂടെ എന്റെ ക്ഷേമമന്വേഷിക്കുന്നത്
നിന്റെ മസ്തിഷ്ക്കത്തിന്റെ ഊടുവഴികളിൽ
പെരുകിയ സമഗ്രാധിപത്യത്തിന്റെ നീരാളിയാണ്.
അതു തിരിച്ചറിഞ്ഞതാണല്ലോ എന്റെയും തെറ്റ്?


സമഗ്രാധിപത്യത്തിന്റെ സ്വർഗ്ഗരാജ്യത്തിലെത്താൻ
വിധേയത്വത്തിന്റെ ഭക്തിമാർഗം സ്വീകരിച്ച സുഹൃത്തേ,
ഞാൻ നിന്റെ സ്നേഹിതനല്ലെങ്കിലും,
നീ എന്റെ സ്നേഹിതനായിപ്പോയല്ലോ!

Thursday, 24 December 2020

നക്ഷത്രമില്ലാതെ


നക്ഷത്രമില്ലീ ധനുമാസരാവിൽ
പ്രക്ഷാളനം ചെയ്തു മനക്കരുത്തും, 
"രക്ഷിക്കുവാനെത്തിടുമാരു", ചിന്തി-
ച്ചിക്ഷോണി തന്നെയുമധീരയായി. 

പക്ഷങ്ങൾ രണ്ടും വിരിച്ചു ക്ഷോണീ 
പക്ഷത്തുനിന്നും അവനീശ്വരന്മാർ  
ക്ഷിപ്രം പ്രസാദിച്ചു തമസ്സിൽനിന്നും
രക്ഷിക്കുവാനെത്തുകയില്ല മേലിൽ. 

രക്ഷോവരാഹുതി വരുത്തി ഭൂവിൽ
സക്ഷേമചന്ദ്രിക നിറച്ചവീരൻ 
ഇക്ഷ്വാകുവംശതനയാഗ്രജനും
രക്ഷിക്കുവാനെത്തുകയില്ലയല്ലോ!

നക്ഷത്രമില്ലാശിഖരത്തിലേവം  
പ്രത്യക്ഷമാക്കി മുഖാവരണങ്ങൾ
വൃക്ഷച്ചുവട്ടിൽ തനിയെ ഇരുന്നു
ശിക്ഷിക്കയോ പ്രേഷിത ധന്യരൂപൻ!   

നക്ഷത്രമില്ലാത്തൊരു ക്രിസ്തുമസ്സേ
പക്ഷങ്ങളില്ലാത്ത കപോതമോ നീ?
പ്രക്ഷീണയെങ്കിലുമതീവഹൃദ്യം, 
സാക്ഷാ കടന്നെത്തി "നിശബ്ദ രാവിൽ*"

-------------

* Silent night എന്ന ക്രിസ്തുമസ് ഗാനം

24.12.2020

Tuesday, 17 November 2020

വിപര്യയം


മുഗ്ദ്ധഭാവങ്ങൾ മുടിയഴിച്ചിട്ടെത്ര
നർത്തനം ചെയ്തുമടങ്ങി. 
നൃത്തവേഗത്തിൽ സചഞ്ചല നൂപുര
ശബ്ദ കുമാരികൾ കാതിൻ
സ്നിഗ്ധപുടങ്ങളിൽ മുട്ടിവിളിച്ചിട്ടു 
മൊട്ടുമേ ഞാനറിഞ്ഞില്ല.
കള്ളയുറക്കം നടിച്ചന്തചക്ഷുക്ക-
ളെന്തിതുകാണാതെപോയി!
പള്ളിയുറക്കം നടിച്ചന്തകർണ്ണങ്ങ
ളെന്തിതു കേൾക്കാതെപോയി!

മുന്നിലെച്ചിത്രങ്ങൾ കാണാതിരുന്നതെൻ
കണ്ണുകൊണ്ടായിരുന്നില്ല.
കേൾക്കാതെപോയെത്രെ നാദങ്ങൾ, ഒന്നുമെൻ
കാതിലെത്താതിരുന്നില്ല.
തൊട്ടുഴിഞ്ഞെന്നെക്കടന്നെങ്കിലും, മേനി-
ഒട്ടുമറിഞ്ഞതുമില്ല. 
എത്ര ഗന്ധങ്ങൾ, രുചികൾ സ്മ്രിതികളിൽ
ചിത്രങ്ങൾ കോറിയിട്ടില്ല.
മിത്രമായെത്തുന്ന നിന്നെക്കിനാവുക-
ണ്ടെത്രരാവെണ്ണിക്കഴിഞ്ഞു, 
വാതിൽ തുറന്നിട്ടു കാത്തിരുന്നെങ്കിലും
നീ വന്നതുമറിഞ്ഞില്ല.

കൊട്ടിത്തുറക്കാത്ത വാതായനങ്ങളിൽ
മുറ്റുമേ മാറാല കെട്ടി,
പറ്റിപ്പിടിച്ച പൊടിയട്ടിയട്ടിയാ
യെത്രെയുഗങ്ങൾ കഴിഞ്ഞു. 
ഉള്ളിന്റെ വാതായനങ്ങൾ തുറക്കട്ടെ
മെല്ലെക്കടന്നു പോകട്ടെ, 
വർണ്ണജാലങ്ങൾ കുടപിടിക്കും നാദ
മണ്ഡിത ശ്രേണിയനന്തം.


------

17.11.2020

Sunday, 15 November 2020

വാഗയിലെ പുൽക്കൊടികൾ


പരിഷ്‌കൃതമാണു കാലഘട്ടം എന്നു തെറ്റിദ്ധരിച്ച ചില ഉറുമ്പുകൾ 
ആഭാസക്കാഴ്ചയിൽ പുളകിതരായി നിന്നു.
അതിൽ ചിലർ അദ്വൈതികളും
മറ്റുള്ളവർ  സമാധാനികളും ആയിരുന്നു.

കരവാളുപോലെ ഉയർന്ന പുൽനാമ്പുകൾ,
തുമ്പിലെ തുള്ളിക്കുടങ്ങളിൽ 
അവർക്ക് ആകാശത്തെ കാട്ടിക്കൊടുത്തു.
അതിനൊരേ നിറമായിരുന്നു.
അതിൽ സൂര്യനൊന്നായിരുന്നു.
മേഘങ്ങൾ ഒന്നായിരുന്നു.
കിളികളുമൊന്നായിരുന്നു. 

തരുക്കളെഴുതിയ പ്രണയപത്രങ്ങളുമായി
ആർപ്പുവിളിക്കിടയിലൂടെ
ഒരുതെന്നൽ അതിരുകടന്നുപോയി.
അതുകണ്ട തുകൽബൂട്ടുകൾ
വാനോളമുയർന്നുതാണു.
അപരിഷ്‌കൃതമായ ആഭാസം കണ്ട പുൽക്കൊടികൾ
ഇങ്ങനെ ചോദിച്ചു
"ഹൃത്തിലാകാശമുള്ള കവികളെ...
ഇനി എന്നാണു നിങ്ങൾ
ആലിംഗനം ചെയ്യാൻ
അതിർത്തിയിൽ  പോവുക.?"

-----------

15.11.2020

Friday, 16 October 2020

ഉരുക്കു പ്ലാവിലെ വരിക്കച്ചക്ക



ഉരുക്കിന്റെ പ്ലാവിൽ വരിക്കച്ചക്ക,
ചക്കവീണപ്പോൾ മുയലുചത്തു,
മുയലിന്റെ കൊമ്പു മുറിച്ചെടുത്തു,
അതുചെർത്തു നീലഗ്ഗുളിക തീർത്തു,
ഗുളിക വിഴുങ്ങി ഉരുക്കുപോലായ്,
ഔരസജന്യരോ ക്ലോണുകളും. 
കസവുനൂൽകൊണ്ടു മുടിയിഴകൾ,
ഇന്ദ്രനീലംകൊണ്ടു കണ്ണിണകൾ,
പുലരി നിറഞ്ഞ ശിരസ്സിനുള്ളിൽ
'എംബെഡ്' ചെയ്ത രഹസ്യങ്ങളും,
വെങ്കലത്തിന്റെ നഖരങ്ങളും,
ചക്രം പിടിപ്പിച്ച പാദങ്ങളും,
എത്രയോകാതം പറന്നുപോകാൻ
പക്ഷമായ് മാറുന്ന ബാഹുക്കളും,
സപ്തവർണ്ണാഞ്ചിത പേശികളിൽ
പത്തശ്വശക്തി കുതിച്ചുനിന്നു.
പകലിലുമിരവിലും ജോലിചെയ്യും
പതിവായി 'റീച്ചാർജ്ജു' ചെയ്തിടേണ്ട.
കരയിലും, കടലിലും വേലചെയ്യും
പകരമായൊന്നുമേ നൽകിടേണ്ട.
അനുസരിച്ചീടുവാൻ മാത്രമായി
അറിയുന്നവാനരസേനയത്രേ.
അസുഖമുണ്ടാകില്ല, രോഗമില്ല
കനവുകൾ കാണുന്ന ചിത്തമില്ല.
പരിഭവമില്ല, പരാതിയില്ല
പരികർമ്മി പോലുമേ വേണ്ടതില്ല.

ഒരുനാളു 'ട്രോജൻ' കുതിരയെങ്ങാ-
നറിയാതെയുള്ളിൽക്കടന്നുപോയാൽ
ഏകശൂന്യങ്ങൾ പിഴച്ചുപോകും
കൂഴപ്പഴംപോലെ വീണുപോകും.

-------------

14.05.2016 - refurbished :) on 16.10.2020

Thursday, 16 July 2020

എങ്കിലും



എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.

ഞെട്ടറ്റുവീഴും മഴത്തുള്ളികൾ വൃഥാ  
തെറ്റെന്നു പേമാരിയായെങ്കിലും,
ചിട്ടവിട്ടൻപകന്നാർത്തലച്ചുഗ്രയായ്
മുറ്റും തടിനിനിറഞ്ഞെങ്കിലും,
ക്ഷിപ്രകോപിഷ്ടയീ ഭ്രാന്തി തൻതീരങ്ങൾ
തട്ടിയെടുത്തു ഭുജിച്ചെങ്കിലും,
എത്രയോ ഖാണ്ഡവം കത്തിച്ചു പാവക-
ചിത്തം മരുഭൂമി തീർത്തെങ്കിലും,
പൊട്ടിത്തെറിച്ചഗ്നികൂടം വിലപ്പെട്ട
തൊക്കെയും തട്ടിയെടുത്തെങ്കിലും,
വെട്ടിനിരത്തി മഹാവ്യാധികൾ മുദാ
പൊട്ടിച്ചിരിച്ചുല്ലസിച്ചെങ്കിലും,
ഹസ്തിപോൽ വന്നു കുലുക്കിക്കുടഞ്ഞെട്ടു
ദിക്കും തകകർത്തു കടന്നെങ്കിലും,
മുഗ്ദ്ധമിജ്ജീവിതം കജ്ജളത്തിൽ നിന്നു
പൊട്ടിച്ചിനയ്ക്കുന്ന പങ്കേരുഹം.

എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.



------------------
03.03.2020