ചെറുതായിരുന്നോരനാദിയിൽ സന്ധ്യക്കു
തണുവേറെയുണ്ടായിരുന്ന നാളിൽ
തൊലിപൊളിച്ചുള്ളിൽക്കടന്നസ്ഥിയിൽ ശൈത്യ-
മുഴുതു നോവിന്റെ വിളവിറക്കി.
പെരുമാരിയിൽ, കൂർത്ത മുള്ളുകളായിരം
മുളപൊട്ടി കണ്ണുനീർപ്പാടങ്ങളിൽ.
അതുവളർന്നെത്രയോ നൊമ്പരപ്പൂവുകൾ
അകതാരിലൊക്കെ ചിനച്ചുപൊട്ടി.
പരിതപിച്ചതുവഴിയെത്തിയ തെക്കൻകാ-
റ്റവിടൊരു നാരുപേക്ഷിച്ചു പോയി.
ബലമില്ല, ഭാരമില്ലൊന്നിനും കൊള്ളാതെ
തിരപോലെ നാരു തളർന്നുവീഴെ
അതുവരെയില്ലാത്തൊരനുഭൂതിയിൽ മനം
അകതാരിലെന്തോ കുറിച്ചുവച്ചു.
നെടുകയും, കുറുകയും പായിച്ചു, നാരുകൊ-
ണ്ടനവദ്യമായൊരുടുപ്പു നെയ്തു.
കതിരവൻ സപ്തഹയങ്ങളെ പൂട്ടിയ
മരതകത്തേരിലെഴുന്നെള്ളവേ
നിറമേഴു ചാലിച്ചുഷ:സ്സന്ധ്യകൾ വിണ്ണി
ലണയാ വിളക്കുകൾ തൂക്കിയിട്ടു.
കവചമായെത്തിയ വസനത്തിനപ്പുറം
ശിശിരം മടിച്ചു പതുങ്ങി നിന്നു.
ചെറുതായിരുന്നു ഉടുപ്പെങ്കിലും ശൈത്യ
മതിനുള്ളിലെത്താതെ മാറിനിന്നു.
പഴയ കുപ്പായങ്ങൾ മാറാതെ നാമതിൽ
ലഹരിപൂണ്ടിന്നും കഴിഞ്ഞിടുന്നു.
നിറമറ്റു, പിഞ്ചിപ്പൊളിഞ്ഞിഷ്ടവസനമൃതുക്കളെ-
ത്തടയാതെ നാണം കെടുത്തിടുന്നു.
17.03.2020