Friday, 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

Monday, 14 September 2015

നിഴലുകൾ



ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"

തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും'  നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?

എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം'  ആലയിലുണ്ടായി.
നിന്റെ  'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ  'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ  'ചട്ടുകം'  കലഹമുണ്ടാക്കി.

ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ  നേർ രേഖയിലൂടെ  വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ  പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ  വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത  ആയിരമായിരം നിഴലുകൾ.


Sunday, 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015

Wednesday, 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

Thursday, 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015

Saturday, 10 January 2015

പാടുക നീ മേഘമേ


പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
പാടുക മേഘമേ നാദ ലാവണ്യമേ
പാടുക വീണ്ടു മൊരായിരം പൂർണേന്ദു
വാടാമലർ കണ്ടു പാടിമറക്കുക.

വാഹിനികൾ തീർത്ത തീരങ്ങളിൽ,
മഹാ കാല മുയർത്തിയ ശയ്യാഗരങ്ങളിൽ
നീ പെയ്തിറങ്ങു സ്വരങ്ങളായ്, സാമന്ദ്ര
താളലയത്തിന്റെ മേഘനാദങ്ങളായ്.

നീ പെയ്തിറങ്ങു ഹിമാദ്രിയിൽ, മണ്ണിന്റെ
സാന്ദ്ര നിലങ്ങളിൽ, ഈ കൊച്ചു വാടിയിൽ.
നീ പെയ്തിറങ്ങു ലഹരിയായ് വിണ്ണിന്റെ
കാതുകൾ ക്കിമ്പമായ് മോദാനുകമ്പയായ്.

പാടുക നീ രാജ ഹംസമേ സാഗര
വീചികൾ സാദരം കാതോർത്തു നില്ക്കുന്നു.
ആരോഹണങ്ങളാൽ പുൽകി ഉണർത്തുകീ
രാവിൻ കലികകൾ താരകുമാരികൾ.

ആചന്ദ്രതാര മുദിച്ചസ്തമിക്കട്ടെ,
നീഹാര ചന്ദ്രിക പോയ്‌മറഞ്ഞീടട്ടെ
ഓരോ ഋതുവിനും നൃത്തമാടാൻ നിന്റെ
മേഘഗീതത്തിന്നലകളുണ്ടാവട്ടെ.

---------------
03.01.2015

Thursday, 20 November 2014

വഴിയും കാല്പാടും

ഇനിഒളിക്കേണ്ടതെങ്ങുഞാൻ കാലമേ?
പകൽവെളിച്ചത്തിനുണർവ്വിലോ സ്വച്ഛന്ദ-
മിരുൾവിരിച്ചിട്ട ജ്യേഷ്ഠയാമത്തിലെ
സുഖസുഷുപ്തിതൻ നീലവിരിപ്പിലോ?
നിലകൾതെറ്റി ഉന്മാദം വിളമ്പിയ
നിറനിലാവിന്റെ താഴ്വരക്കാട്ടിലോ?

ഇനിഒളിക്കുവാൻ മാളങ്ങളില്ല വ-
ന്നടവിയും, ഗിരിശൃംഗവും, ആഴിയും
സകലതും കടന്നെത്തുന്നിതാ എന്റെ
നിലവറത്താഴു താനേതുറക്കുന്നു.

സുഖസമൃദ്ധിയും, ആഡംബരങ്ങളും
പെരുമയും, മഹാശക്തിയും, ധാടിയും
തനുവിനേകിയ സ്വാസ്ഥ്യത്തിലേക്കിതാ
വഴിയിലുപേക്ഷിച്ച കാല്പാടുകൾ വളർ -
ന്നഖിലവൈരിയായ് പിൻതുടർന്നീടുന്നു.
അഹികളാകുന്നു, ചിഹ്നം വിളിക്കുന്ന
മദനമോഹിത മത്തേഭമാകുന്നു.
നിമിഷജാലകച്ചില്ലിലെ സൗഖ്യത്തി-
ലൊടുവിലൂറിയ തുള്ളിയും നക്കുന്ന
കൊടിയ വഹ്നിയായ് ഭ്രാന്തമായാളുന്നു.

നിണമണിഞ്ഞ കാല്പാടുകളോർമ്മത-
ന്നകലതീരത്തിൽ നിന്നുമെത്തീടുന്നു.
അകതലത്തിലെ സൂക്ഷ്മതന്തുക്കളിൽ
വലവിരിക്കുന്നു, കാവലിരിക്കുന്നു.

സ്മ്യതിയുപേക്ഷിച്ച പൂർവകാണ്ഡങ്ങൾ വി-
ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
പുതിയ താവളം - താളുകൾക്കുള്ളിലെ
മുദിതവാക്കിന്റെ മുക്തിയിൽ - പോലുമേ
തണുവിറപ്പിച്ച വിരലുമായെത്തുന്നു,
വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.
-------------
20.11.2014

ഇതു പ്രളയകാലം!



നീ എന്റ ആരുമല്ല;
എങ്കിലും നിന്നെ ശത്രുവായിക്കാണാൻ ആരോ പഠിപ്പിച്ചു.
നീ ഒരു ദ്രോഹവും ചെയ്തില്ല;
എങ്കിലും നിന്നെ കൊന്നൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റ പേരിൽ മുറിച്ചു മാറ്റപ്പെട്ട സഹോദരാ,
നിന്റെയും എന്റെയും പൊക്കിൾക്കൊടിയുടെ വേരുകൾ
ഉറച്ചിരുന്ന മണ്ണിനൊരേ നിറമായിരുന്നു.
അതിലുടെ മദിച്ചുല്ലസിചൊഴുകിയ നദികൾ
പാടിയത് ഒരേ ഗാനമായിരുന്നു.
ഉഴുതു മറിച്ച മണ്ണിൽ മുളച്ചു പൊന്തിയ
നാമ്പുകൾക്കൊരേ വീര്യമായിരുന്നു,
അതിൽ വിരിഞ്ഞാടിയ ഹരിത ദലങ്ങൾ
നുകർന്നത്‌ ഒരേ സൂര്യനെ ആയിരുന്നു,
പൊട്ടി വിടർന്ന പൂക്കൾക്കൊരേ ഗന്ധമായിരുന്നു.
ഋതുഭേദങ്ങളിലൂടെ ചിറകു വിരിച്ചു കടന്നു പോയ
കിളികൾക്കൊരേ ലക്ഷ്യമായിരുന്നു.
എങ്കിലും നീ ശത്രുവായി മാറി; ഞാൻ പോലുമറിയാതെ!
ഓർക്കുക, എനിക്കും നിനക്കും കിട്ടിയ സ്വാതന്ത്ര്യത്തിനു പകരം നൽകിയത്‌
നമ്മുടെ ശാന്തിയായിരുന്നു; സാഹോദര്യമായിരുന്നു.
തിരിച്ചറിവുകൾ ഇല്ലാതെപോയ കാലത്തിന്റെ ജ്വരസന്ധികളിൽ
മൂഢ സ്വപ്‌നങ്ങൾ നല്കി നമ്മുടെ സമാധാനം കവർന്നെടുത്തവരെ തിരിച്ചറിയുക.
ഇതു പ്രളയമാണ്; മനുഷ്യൻ തീർത്ത അതിർ വരമ്പുകളെ
പ്രകൃതി ധിക്കരിക്കുന്ന വിനോദകാലം;
ഒഴുകിയെത്തുന്ന ജഡങ്ങൾ അതിരുകൾ മാനിക്കാത്ത ദുരന്തകാലം.
ഈ പ്രളയത്തിന്റ എകതയിലൂടെ,
ആരൊക്കെയോ കവർന്നെടുത്ത
നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാം,
പണയം വെച്ച സമാധാനം തിരിച്ചെടുക്കാം.
ത്രസിക്കുന്ന മണ്ണിന്റ വ്രണിത സ്വപ്നങ്ങളിലൂടെ
നമുക്കു കൈ കോർത്തു നടക്കാം.
അവിടെ ഇറ്റു വീഴുന്ന സ്വേത ബിന്ദുക്കൾ
മണ്ണിന്റെ ശപ്തമായ മുറിവുകളിൽ സഞ്ജീവനി ആവട്ടെ.
ഗന്ധകം മണക്കാത്ത പകൽ വെളിച്ചത്തിൽ,
നിന്റെയും എന്റെയും കുഞ്ഞുങ്ങൾ
കൈ കോർത്തു നടക്കുമാറാകട്ടെ.
സഹോദരാ; എന്റെയും നിന്റെയും സ്വാതന്ത്ര്യം ഒടുങ്ങുന്നിടത്തു മാത്രമാണ്
നമ്മുടെ സ്വാതന്ത്ര്യം ഉറവ പൊട്ടുന്നത്.

22.09.2014

Monday, 23 June 2014

ഫാദേഴ്സ് ഡേ


അച്ഛനോടിന്നു ഞാൻ മിണ്ടില്ല
കെട്ടിപ്പിടിച്ചൊരു മുത്തവും നൽകില്ല.
പിച്ചനടത്തിയ കൈവിരൽത്തുമ്പിലെ
കൊച്ചു നഖങ്ങളിറുത്തു കൊടുക്കില്ല.
കേരളകൗമുദിത്താളിൽ രണ്ടീർക്കിലും
വാലും പിടിപ്പിച്ചു പട്ടമായ് മാറ്റിയ
താവക വേർപ്പു മണികളുമൊപ്പില്ല.
സർക്കാരു ശമ്പളാഘോഷപ്പുലരിയിൽ
അല്പമഹങ്കാരമായി നീ വാങ്ങിയ
മുച്ചാടുവാഹനത്തിന്നു പകരമായ്
കൊച്ചു സന്തോഷങ്ങളൊന്നുമേ നൽകില്ല.
ഒപ്പം നടത്തിത്തളർന്ന കാൽപാദത്തി-
ലല്പവും മുക്കൂട്ടു തേക്കില്ല, ചെയ്യില്ല.
ഉത്സവത്തിന്നു തിടമ്പായി നിൻ തോളി-
ലെത്രയോ നേരമിരുന്നോരിടങ്ങളിൽ
പറ്റു കുഴമ്പിന്റ സ്നേഹവും പിന്നെയോ -
രിറ്റു കരുണതൻ ചൂടും പകരില്ല.
ചൊല്ലു, പഴഞ്ചൊല്ലു, മുക്തകം, നാടോടി-
ഗാഥകൾ പിന്നെപ്പുരാണം, കടംകഥ
ഒക്കെക്കടങ്ങളാണൊന്നും മടക്കില്ല.
താതനു പത്രാസു മംഗള വാക്യങ്ങൾ
'ടെസ്കോ' യിൽ നിന്നു ഞാൻ വാങ്ങി ക്കൊടുക്കട്ടെ.
'ഫേസ് ബുക്ക് ' താളിൽ 'ഫിലോസഫി ' ചൊല്ലട്ടെ.
ചൂരലു ചുംബിച്ചുണർത്തിയ മേനിയിൽ
ഞാനറിയാതെൻ കരങ്ങളലഞ്ഞുവോ!!!
തേടുവതെന്തോ തിണർപ്പോ ഒരൊർമ്മതൻ
ചാരുതയാർന്ന മനോഹര ബാല്യമോ?

Friday, 25 April 2014

നളന്ദയിലെ മിന്നാമിനുങ്ങുകൾ


അഗ്നി വിഴുങ്ങിയ താളിയോലകളിൽ നിന്നും
ഇന്ദുഗോപങ്ങളുയരുകയായി.
അധിനിവേശമൗഢ്യത്തിൽ വെണ്ണീറായ അറിവിന്റ ശാരികങ്ങളെ,
അഗ്നിരജസ്സുകളായി നിങ്ങളുയരുക.
ശാസ്ത്രവും വ്യാകരണവും മാറ്റൊലിക്കൊണ്ട കൽമണ്ഡപങ്ങളിൽ,
കരണവും കാരണവും ചർച്ചചെയ്യപ്പെട്ട ഇടനാഴികകളിൽ,
കർമനാൾവഴിയിൽ വ്യാകുലപ്പെടാത്ത കളിത്തട്ടുകളിൽ,
ചന്ദ്ര-താരങ്ങൾ തൊഴുതുമടങ്ങിയ ഗോപുരങ്ങളിൽ,
ഇന്ദ്രഗോപങ്ങളെ നിങ്ങൾ വെളിച്ചമായിരുന്നു.
നഭസ്സിനെ പുളകമണിയിച്ച ഇന്ദ്രിയനൈർമ്മല്യമായിരുന്നു.

നീറിപ്പുകഞ്ഞു വെണ്ണീറായ താളിയോലകളും
ഇടിച്ചുനിരത്തിയ മഹാഗ്രന്ഥശാലയും
വെട്ടിനിരത്തിയ രസാലവനവും
മുറിവേറ്റു നിശബ്ദമാക്കപ്പെട്ട ആയിരംഗളങ്ങളും
നിന്റെ ഊർജ്ജമാണ്.
തമസ്സിന്റ മാറുപിളർന്നു നിങ്ങളുയരുമ്പോൾ
അറിവിന്റ രാജസൂയംനടത്തിയ നൂറ്റാണ്ടുകൾ
പുനർജ്ജനിക്കുന്നു.
അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
രസാലപക്വങ്ങളുണ്ണുവാൻ വിദൂരമേഘങ്ങൾ താണ്ടി
വാനമ്പാടികളെത്തിയിരുന്നു.
മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾചൊല്ലി
ദൂരങ്ങളെ പുല്കിയിരുന്നു.
അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
ആരോ പടപുറപ്പെടുകയായിരുന്നു.

അധിനിവേശത്തിന്റ വാളുകൾ അറിവിന്റെ ആയിരം ഗളങ്ങൾ
അരിഞ്ഞു തള്ളിയപ്പോൾ,
അറിവിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ,
ഭൂമിയുടെ ധൂസര വസന്തത്തിൽ ഇരുൾ പരന്നു.
നവ്യലോകത്തിന്റെ ഭാസുരസങ്കൽപ്പങ്ങളിൽ
അശിനിപാതമായി ഹിംസയുടെ, വേദനയുടെ, ദുരന്തങ്ങളുടെ
വസൂരി വിത്തുകൾ മുളച്ചു പൊന്തി.

വെളിച്ചം തല്ലി ക്കെടുത്തിയ മൗഢ്യമേ!
നീ പകരം തന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയായിരുന്നല്ലോ?
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ശാന്തപുളിനങ്ങളിൽ
നീ കോരിയിട്ടത് അസഹിഷ്ണുതയുടെ കനലുകളായിരുന്നുവല്ലോ?

കാലത്തെ പിന്നോക്കം നടത്തിയ മൗഢ്യമേ!
യാത്രയും ലക്ഷ്യവും വെളിച്ചമാണെന്ന സത്യം നീ അറിഞ്ഞില്ലയോ?
നിന്റെ അഗ്നിദാഹത്തിലെരിഞ്ഞമർന്നത്
പിറക്കാനിരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
നിന്റ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
കടിഞ്ഞാണില്ലാത്ത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം.
ശിക്ഷിക്കാത്ത ദൈവത്തിനും, പാപം ചെയ്യാത്ത മനുഷ്യനുമിടയിലുള്ള
ശുദ്ധമായ സ്വാതന്ത്ര്യം.
പച്ചവെള്ളം പോലെ, കരിയിലയെനോവിക്കാത്ത കാറ്റു പോലെ,
തപിച്ച മണ്ണിലൂടെ, നാരായവേരറ്റംവരെ കിനിഞ്ഞിറങ്ങുന്ന സ്വാതന്ത്ര്യം.

അഗ്നിരജസ്സുകളെ നിങ്ങളുയരുക.
വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന വിഹഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.
-------------
An ancient centre of higher learning ( 500 - 1197 AD ). The great library of Nalanda University was so vast that it is reported to have burned for three months after the invaders set fire to it. 
25.04.2014