Monday, 25 December 2023

ചരിഞ്ഞ ക്രിസ്തുമസ് ട്രീ


ഒട്ടു ചരിഞ്ഞു നിൽക്കുന്നു ഹേമന്തത്തി-
ലുൾപ്പുളകം ചാർത്തി ക്രിസ്തുമസ് ട്രീ.
മുത്തുകൾ, ഹേമഗോളങ്ങൾ, നിലയ്ക്കാതെ
കത്തിയണയും പ്രഭാങ്കുരങ്ങൾ, 
ദർപ്പണങ്ങൾ, താരതോരണങ്ങൾ, മോഹ-
വിസ്മയമേകും നിറകൂട്ടുകൾ,
കൊച്ചു സമ്മാനപ്പൊതികളലുക്കുക-
ളുച്ചിയിൽ കൈകൂപ്പി മാലാഖയും.
ഒക്കെ വഹിച്ചനുരാഗിണിയെപ്പോലെ
മുഗ്ദ്ധ നതാംഗിയാം ക്രിസ്തുമസ് ട്രീ,
ചുറ്റും പുരുഷാരമാർത്തലയ്‌ക്കെ രാവി-
ലക്ഷയദീപ പ്രഭയിൽ മുങ്ങി,
ചത്വര മദ്ധ്യാങ്കണത്തിലാഹ്ളാദത്തിൻ
തല്പമൊരുക്കി ധനുക്കുളിരിൽ.

കാറ്റു ചരിച്ചില്ലജങ്ങൾ വലിച്ചതി-
ല്ലൂറ്റത്തി, ലെന്തു സുപ്പർസ്റ്റാറു പോൽ,
അല്പമിടിഞ്ഞുള്ള തോളിന്റെ ശൈലിയിൽ
വിഖ്യാതമാം പിസാ ഗോപുരം പോൽ,
എത്രയോ അങ്കുശമിട്ടു  തിരിക്കിലും
കൃത്യമായ് ലംബത്തിലാക്കുകിലും
കഷ്ടമിതൊട്ടു ചരിയുന്നു പിന്നെയും
കുട്ടിക്കുറുമ്പുള്ളൊരാനെയെപ്പോൽ.

എത്തിയോരാരോ പറഞ്ഞു "മരം വാമ-
പക്ഷത്തിലേക്കു ചേക്കേറി".
പക്ഷെ, തിരുത്തി "വലത്തിലേക്കാണതു
നിശ്ചയ"മെന്നതിലാരോ.
"ഒട്ടു പഴഞ്ചനാണീമരം പിന്നിലേ
ക്കല്പം ചരിഞ്ഞ"തെന്നാരോ,
ക്ഷിപ്രം തിരുത്തി "പുരോഗമനത്തിന്റെ
സൽതരു മുന്നിലേക്കത്രെ!"
ചുറ്റുമണഞ്ഞവർ വീശും നിഗമന-
പക്ഷങ്ങളിൽ കുളിർ കോരി,
പൊട്ടിച്ചിരിച്ച തെക്കൻകാറ്റു ചൊല്ലിയോ,
"കഷ്ടം കഥയെത്ര ശുഷ്‌കം!"

ചൈത്ര സുരാംഗന പോലെ വിശുദ്ധിതൻ
കൊച്ചു പത്രങ്ങളൊതുക്കി
നിൽക്കുന്ന പാദപച്ചോട്ടിൽ  ചിരിച്ചാർത്തു
കുട്ടികളോടിക്കളിക്കെ, 
ചുറ്റും പരക്കുന്ന "ശാന്ത രാവിൻ" ഗാന
നിർഝരിയോളങ്ങൾ തീർക്കെ,
ഒട്ടുദൂരത്തെ കടത്തിണ്ണയിൽ ശാന്തി
എത്തിനോക്കാത്തൊരിടത്തിൽ
അത്തെരുവോരത്തിലാരോ ഉപേക്ഷിച്ച
വൃദ്ധനിരാലംബരൂപം,
ക്ഷുത്തിലും, കിട്ടിയൊരപ്പം പകുത്ത, ത-
ന്നൊപ്പമുറങ്ങുന്ന ശ്വാവിൻ
വറ്റിയ നാവിലേക്കിറ്റിച്ച കാരുണ്യ
ദുഗ്ദ്ധം മഹത്തായ ദൃശ്യം,
ഒട്ടു നേരം നോക്കി നിന്നതാണാമരം
പക്ഷെ ചരിഞ്ഞുപോയല്പം.
എപ്പോഴുമന്യനിലേക്കു നയിക്കുന്ന
ഹ്രസ്വ പുരാതന മന്ത്രം
ഹൃത്തിൽ മുഴങ്ങിയാലാർദ്രമായ് മാറാത്ത
നിസ്തുല ചേതനയുണ്ടോ?

-------------------------

ഇതിലെന്താണ് ഇത്ര വലിയ പ്രത്യകത എന്ന് പ്രത്യക്ഷത്തിൽ തോന്നാം. വളരെ ആകർഷകമാണ് ക്രിസ്തുമസ് ട്രീ. വർണ്ണ ഗോളങ്ങളും, നക്ഷത്രങ്ങളും, വെട്ടിത്തിളങ്ങുന്ന വൈദ്യുത ദീപങ്ങളും കൊണ്ട് മനോഹരമാക്കിയ ക്രിസ്തുമസ് ട്രീ കണ്ണിനൊരു ആഘോഷമാണ്. ലംബമായി നിൽക്കുമ്പോൾ അതിൽ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ അല്പം വളഞ്ഞാണ് അതു നിൽക്കുന്നത് എങ്കിലോ? വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറിനെപ്പോലെ, അല്ലെങ്കിൽ, വിഖ്യാതമായ പിസാഗോപുരം പോലെ, ഒരു പ്രത്യേക ദിശയിലേക്കു ചായുന്ന ഒരു ക്രിസ്തുമസ് ട്രീ ആയിരുന്നു ഈ കഴിഞ്ഞ ക്രിസ്തുമസ് കാലത്തു എന്റെ ശ്രദ്ധ ആകർഷിച്ചത്. ചത്വര മദ്ധ്യത്തെ, കുട്ടികളോടിക്കളിക്കുന്ന അങ്കണത്തിൽ, നതാംഗിയായ അനുരാഗിണിയെപ്പോലെ അല്പം ചരിഞ്ഞ ഒരു ക്രിസ്തുമസ് ട്രീ. 

എല്ലാ കാര്യങ്ങൾക്കും കാരണങ്ങൾ ഉണ്ടാകുമല്ലോ? എത്ര തവണ നേരെ നിറുത്താൽ ശ്രമിച്ചാലും, കൃത്യമായി ചരിയുന്നതിന്റെ കാരണം എന്തെന്ന് നമുക്കു നോക്കാം. 

24.12.2023


          

Saturday, 21 October 2023

ആത്മഗീതം


ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ. 

മുള്ളുകൾ കൊണ്ടു കൊണ്ടുള്ളം തഴമ്പിച്ചു
ചൊല്ലക കാരുണ്യ ഗാഥേ
എല്ലാ ഋതുക്കളും വർഷ ഗാന്ധാരമോ
എങ്ങു പോയ് വാസന്ത നാദം?

സത്യം കൃതജ്ഞത മാത്രം നിരാമയ
നിത്യ മീ സൗരയൂഥത്തിൻ
മുഗ്ദ്ധലാവണ്യാമൃതം നുകർന്നീടുവാൻ
കെൽപ്പു നീ നൽകിയതോർത്താൽ

എത്രയോ അക്ഷൗണി യുദ്ധങ്ങളേകിലും
പത്മവ്യൂഹത്തിലായാലും
പ്രത്യക്ഷഹീനമാകില്ല സമഷ്ടിയോ
ടിഷ്ടം വെളിവുള്ള നാളിൽ

ദുഃഖാസവത്തിനു പഥ്യം ചിദാനന്ദ
ദുഗ്ദ്ധം, സഹസ്രാരപത്മം
ബുദ്ധ്യേ വിടർത്തുന്ന സൂര്യാ ശമിക്കില്ല
മൽ ചാരിതാർത്ഥ്യം നിതാന്തം.

---------------------

02.10.2023

Wednesday, 2 August 2023

മമ മലയാളം

പുഴയൊഴുകും വഴി മഴ പൊഴിയും വഴി
മൊഴിയുന്നു മമ മലയാളം.


താവഴി തമിഴകമീറ്റില്ലങ്ങളിൽ
ദേവമുദിച്ചു മലയാളം.

ലാവണ്യോത്സവ മണികളിൽ വിദ്രുമ
രാശി പടർത്തിയ മലയാളം.

പാട്ടിൽ എതുകയണിഞ്ഞാപ്പടലകൾ
ഊട്ടി വളർത്തിയ മലയാളം.

ചീരാമാഖ്യ കൃതം ചരിതം നിജ
താരകമാക്കിയ മലയാളം.

ലീലാതിലകമണിഞ്ഞലലാടെ
ലോലമുഴിഞ്ഞഥ  മലയാളം.

ഭാരതമാല ധരിച്ചപി നിരണം
ഭാവന ചാർത്തിയ മലയാളം.

പ്രേമസമന്വയ സന്ദേശങ്ങൾ
പൂമഴയാക്കിയ മലയാളം.

രാസ മദാലസമരമണി ചമ്പുവി-
ലാഹിതമാക്കിയ മലയാളം.

ദേവാസുരയുദ്ധങ്ങൾ മിഴാവിൽ 
താളമുണർത്തിയ മലയാളം.

ഗാഥകൾ ചൊല്ലിയലഞ്ഞൊരു കാറ്റിൻ
പാദസരത്തിൽ മലയാളം.

കാവ്യരസാല വനത്തിൽ ശാരിക
പാടിയുണർത്തിയ മലയാളം.

ആതിര കുമ്മികളിച്ചൊരുരാവിൽ
കാതരയാകും മലയാളം.

ബാഹുകനാട്ടവിളക്കിൻ പ്രഭയിൽ 
മോഹമുണർത്തിയ മലയാളം.

ചായം തേച്ചു തരംഗിണി മുറ്റ-
ത്താടിഹസിച്ചതിൽ മലയാളം.

സാമാജ നടന്ന നതോന്നതയിൽ കേ-
വഞ്ചി തുഴഞ്ഞു മലയാളം.

കാമ്യ കളേബരമൊരു പൂ വീണതി
ലമരത്വത്തിൻ മലയാളം.

കാനന വേണുവുമായജപാലകർ
ഭാവമുണർത്തിയ മലയാളം.

മാമ്പഴമുണ്ടു, മുളങ്കാടുകളെ
മാദകമാക്കിയ മലയാളം. 

താരകളിൽ  തിരമാലകളിൽ  നവ-
ധാര നിറച്ചിഹ മലയാളം.

വാമൊഴിയായി വടക്കൻ പാട്ടുകൾ
വാളുറയൂരിയ മലയാളം.

പാടവരമ്പത്തമ്പിളിയരിവാൾ
തേടിയിറങ്ങിയ മലയാളം.

നാടൻശീലുകളോണപ്പാട്ടുകൾ
പാടിനടന്നപി മലയാളം.

നാണത്തിൻ നറു സുറുമയുമെഴുതി
ആനതയായെൻ  മലയാളം.

രാഗിത രാഗലയത്തിരശീലയിൽ
വീണമുഴക്കിയ  മലയാളം.


മമ മധുരോത്സവ മുദിതാഹാരം
മൃതസഞ്ജീവനി മലയാളം. 

പുഴയൊഴുകും വഴി മഴ പൊഴിയും വഴി
മൊഴിയുന്നു മമ മലയാളം.

Thursday, 6 April 2023

മതയാന


മദമിളകി മദമിളകി മതയാനയെത്തുന്നു,
മതഭരിതമസ്തകമിടഞ്ഞാശു നിൽക്കുന്നു,
കദളിവനരുചിരഭുവി വിറപൂണ്ടുനിൽക്കുന്നു,
മരണഭയ വക്രത വണിക്കായി നിൽക്കുന്നു.

മതമിളകി നിൽക്കുന്നു മതയാന കൊമ്പുര-
ണ്ടഴകിലതികൗശലം നരകവും നാകവും,
ചിറയിട്ട കാമനകളണപൊട്ടിയൊഴുകുന്നു,
പറുദീസ മോദത്തൊടരമനയിലെത്തുന്നു.

നുണഹേമകുമിളകളൊളിചിന്നിടും ഫാല-
മതിനുപരിയജ്ഞാത വെങ്കലാദ്ധ്യാത്മികം,
ദുരിതമഴ തടയാത്ത ചെമ്പട്ടുഛത്രപം,
വറുതിക്കു കുളിരൊട്ടുമേകാത്ത ചാമരം.

നടകളതിശക്തമാണമരമതിദുർഗ്രഹം,
ചടുല ചലനങ്ങളാലതിവിപതി നിശ്ചയം,
തരളതരമമങ്കുശം, രോധനം ദുർബ്ബലം,
മതകളഭരോഷം കലാപം നിരന്തരം.

സുരകാമജഘനത്തിലധിവസിക്കാൻ നിന്ദ്യ-
മൊരു സ്ഫോടനത്തിലൂടമരത്വമേറുവാൻ
ജളകുമ്പളങ്ങകൾ തോരണം പോലെ നിൻ
ജലതാരയിൽ കാത്തുനിൽക്കുന്നനാരതം.

നിബിഡ ജനസഞ്ചയം പൊട്ടിത്തെറിക്കുന്നു,
പലകുറി മുറിഞ്ഞിന്ദ്രിയങ്ങൾ,  തുടിപ്പറ്റ 
ഹൃദയങ്ങൾ, ശ്വാസകോശങ്ങൾ, ചവിട്ടി നീ
'ഹെവനി'ലേക്കാളെക്കയറ്റുന്നു പിന്നെയും.

കരിമരുന്നെരിയും കിഴക്കിന്റെ കോലായി-
ലൊരുപറ്റമൊഴിയുന്നു, കടലുകൾ താണ്ടുന്നു.
കരയിലൊരുപാദുകം തിരയുപേക്ഷിക്കുന്നു
തരളതാരുണ്യമോഹങ്ങൾ നിലയ്ക്കുന്നു!

രുധിരമഴ തോരാതെ പെയ്യുന്നു, വാപികൾ
നിറയുന്നു, കൂപത്തിലൊരു പിണം പൊന്തുന്നു.
കരുണാകടാക്ഷം ലഭിക്കാതെ കലികയൊ-
ന്നെരിതീയിൽ വേവുന്നടഞ്ഞ ശ്രീകോവിലിൽ.

മതകളഭമാഭയിലെഴുന്നെള്ളിടുന്നു ഹാ 
മനസരസിലുന്മാദനൃത്തം ചവിട്ടുന്നു,
ചെളിയിളകി മലിനതിര പുളിനം  പുതയ്ക്കുന്നു,
മഹിത  മത്തേഭമപി പിണ്ടം പൊഴിക്കുന്നു.

Tuesday, 4 April 2023

ആരുറങ്ങുന്നു

ആരുറങ്ങുന്നു നിതാന്തം, ഈ സന്ധ്യയിൽ
ചാരെ പോകുംവെയിൽ ചിത്രം വരയ്ക്കവേ,
നീളും നിഴലുകൾക്കൊപ്പമിരുൾ നീണ്ട-
കോലായിലേയ്ക്കു  പതുങ്ങിക്കയറവെ,
കൂട്ടിനിടങ്ങളിൽ യാത്രചോദിക്കാതെ
വീട്ടിന്റെ താപം പടിയിറങ്ങീടവേ.  

ചോരയൊഴിച്ചു കെടുത്തിയ സൂര്യന്റെ   
ശോണസ്വരൂപം നിമജ്ജനം ചെയ്യവേ,
ഓടിയൊളിച്ചു ചേക്കേറും വിഷാദാർദ്ര-
മൂകഖഗങ്ങൾ പരിക്ഷീണരാകവെ,
പാതിരാവിൻ കൊടിക്കൂറയായിക്കട-
വാവലുകൾ ജ്വരഭീതിയുണർത്തവേ,
ആരുറങ്ങുന്നനുസ്യൂതമൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?

ശ്രാദ്ധം കഴിഞ്ഞു മടങ്ങിയ കാറ്റിന്റെ
ഊർധ്വനിൽ ജീർണപത്രങ്ങൾ വിറയ്ക്കവേ,
താഴികഹേമകുടങ്ങൾ നിലംപതി-
ച്ചൂഴിയിലേക്കു മരിച്ചടങ്ങീടവേ,
ഭീതിയുണർത്തുമക്ഷങ്ങളിരുട്ടിന്റെ
ഗൂഢമാർഗ്ഗങ്ങളിൽ  തേരുവലിക്കവെ,
ലോഹമുരഞ്ഞുണർത്തുന്ന സീൽക്കാരത്തി-
നാരോഹണങ്ങളിലാരോ രസിക്കവെ,
രാത്രിതൻ നീല ഞരമ്പിലൊടുങ്ങാത്ത
സ്വാർത്ഥമോഹങ്ങൾ ത്രസിക്കവെ, പിന്നെയും
ആരുറങ്ങുന്നഭിശപ്ത മൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?

പാതികടന്നെത്രകാലം കഴിഞ്ഞുപോയ്‌!
പാതിരാവിന്നിരുൾ പോകാതെ തങ്ങവേ,
നേരിനെക്കാത്തു പുനർജ്ജനിക്കാതർക്ക-
ചേതോഹരാംഗൻ കിഴക്കലഞ്ഞീടവെ,
പേടിച്ചരണ്ടതാരങ്ങളൊളിപ്പിച്ച-
ധൂസരബിന്ദുക്കളക്കരെ നിൽക്കവെ,
ആരുറങ്ങുന്നു നിതാന്തമൗനത്തിന്റെ
ശാപം പുതച്ചുകൊണ്ടീച്ചെറുതിണ്ണയിൽ?

-----------

22.07.2020

Saturday, 25 March 2023

മണ്ണിന്റെ മക്കൾ

 


കർത്താവു മനുഷ്യനെ നിർമ്മിക്കാൻ പശമണ്ണു തിരയുന്ന കാലം.
ഫാക്ടറികളും, അറവുശാലകളും വരുന്നതിനു മുൻപ്.
കിട്ടിയ മണ്ണെല്ലാം മാലിന്യം ലവലേശമില്ലാത്ത പെർഫെക്റ്റ്.
അതുവച്ചു മനുഷ്യനെ ഉണ്ടാക്കിയാൽ
തന്റെ പണി പോകുമോ എന്നു കർത്താവു ഭയന്നു.
അതുകൊണ്ടു കർത്താവു അറവുശാലകളും, ഫാക്ടറികളും നിർമിച്ചു.
ഒഴുകിയിറങ്ങിയ മാലിന്യം പുഴകളായ പുഴകളെ മലിനീകരിച്ചു.
പുഴകളായ പുഴകൾ സ്നേഹത്തോടെ മാലിന്യം മണ്ണിനു പങ്കുവച്ചു. 
ചവിട്ടിച്ചുഴച്ചു പാകമാക്കിയ പശമണ്ണിനു ഓടയുടെ സന്ധമുണ്ടായിരുന്നു.
പുളിച്ചഴുകിയ മാംസത്തിന്റെ രുചിയുണ്ടായിരുന്നു.
രണ്ടാമതൊന്നു ആലോചിക്കും മുൻപ്
കർത്താവ് അതെടുത്തു പുരുഷനെ ഉണ്ടാക്കി.
ദുഃഖം തോന്നിയ കർത്താവ്
അവന്റെ കൊള്ളാവുന്ന ഒരേ ഒരു സാധനം ഊരി എടുത്തു.
പിന്നെ അതുവച്ചു പെണ്ണിനെ നിർമ്മിച്ചു. 

അന്തിക്കള്ള് ഒരു കോപ്പ കൂടുതൽ കഴിച്ച കർത്താവ്
അന്നുരാത്രി ദുഃസ്വപ്നങ്ങൾ ഇല്ലാതെ ഉറങ്ങി. 

---------------

25.03.2023

Monday, 12 December 2022

പ്രണയമേ

ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജത നൂപുര രാഗ മഞ്ജരി
തിരയുമേതു പുടങ്ങളെ?

വിജനമീ വനവീഥിയിൽ പ്രിയ
മുരളിയൂതിയലഞ്ഞിടും,
പ്രണയ ഗായക, നാദധാരകൾ   
ഒഴുകിയാരിലണഞ്ഞിടും?

പ്രണയമേ, രവമായി, നീരവ
നിശിത ശൂന്യ നിലങ്ങളിൽ,
വിരഹ താപമാണച്ചിടും സ്വര
മഴയിലേറിയണഞ്ഞിടു.

പ്രണയമേ, നവ മേഘരൂപികൾ
കരുണയോടെ പകർന്നിടും
അമൃത ധാരകളായി ഞങ്ങടെ
മരുനിലത്തിലണഞ്ഞിടു. 

പ്രണയമേ, ദ്വയമായൊടുങ്ങിയ
ശിഥിലബന്ധതമസ്സിലേ-
ക്കിരുളു നീക്കിവരും പ്രഭാകര
കിരണമായി നിറഞ്ഞിടു.

പ്രണയമേ, മധുരാന്നമാവുക
പശി നിറഞ്ഞുദരങ്ങളിൽ,
സിരകളിൽ രസബാന്ധവത്തിൻ
ലഹരി മെല്ലെ നിറയ്ക്കുക.

പ്രണയമേ, മധുരാക്ഷരങ്ങളിൽ
നിറയുമോമൽ കവിത നീ,
ഹൃദയ ഭാഷ പകർത്തിടാനൊരു
കനക തൂലിക നൽകുമോ?

------------------

09.08.2022

*കർണ്ണപുടം = ടിംപാനിക് മെംബ്രേൻ

നീരവ = നീ+രവ (No Rava) 



Saturday, 3 December 2022

പാടുന്ന പക്ഷി


പാടുന്ന പക്ഷി നിലയ്ക്കാതെ നീയെത്ര-
യോതുന്നു സുപ്രഭാതങ്ങൾ നിരന്തരം.
മാറുമൃതുക്കളിൽപ്പോലുമാകസ്മിക-
മായിമറന്നില്ല നീയോട്ടു പാടുവാൻ.

ഏതോ കിനാവിലെ ആരണ്യതാരായി- 
ലാരെയോ കാണാതലഞ്ഞാർത്താനാകവേ
തേടിയെത്തുന്നു നീ, പാട്ടിൻ പ്രകമ്പന
ത്തൂവലുമായിത്തലോടിയുണർത്തുവാൻ.

പാതി കഴിഞ്ഞ വസുന്ധര പ്രാലേയ
പീഠമുരുക്കിയുറങ്ങാതെ കേഴുന്നു.
പാടുന്ന പക്ഷി നിലയ്ക്കാത്ത പാട്ടുകൊ-
ണ്ടൂഴിയെ വീണ്ടുമുറക്കാൻ കഴിയുമോ?

---------------------

01.12.2022

Wednesday, 21 September 2022

സംസ്‌കൃത - മലയാള മാസങ്ങൾ

(Not a poem at all, but a trick to remember the months)

ചൈത്രമേടത്തിൽ വിഷുകഴിഞ്ഞാൽ  

വൈശാഖമെത്തും ഇടവമായി   

തെക്കു പടിഞ്ഞാറിൻ കാലവർഷം 

ജ്യേഷ്ഠമിഥുനത്തിലേക്കു പോകും.  

ആഷാഢകർക്കിടം പെയ്തെങ്കിലും 

ശ്രാവണചിങ്ങത്തിലോണമെത്തും 

ഭാദ്രപദത്തിന്റെ കന്നി വന്നാൽ 

ആശ്വിനത്തിൽ  തുലാമെത്തുമല്ലൊ. 

ഉത്തര പൂർവം  തുലാമഴകൾ 

കാർത്തിക വൃശ്ചികം തിന്തകതോം. 

മാർഗ്ഗ ശീർഷകത്തിൽ ധനു പിറന്നാൽ 

പൗഷമകരം വിറച്ചു നിൽക്കും 

മാഘകുംഭത്തിൽ നിറച്ച മാങ്ങ 

ഫാൽഗുനമീനത്തിൽ ചുട്ടെടുക്കാം 

---------

21.09.2022

Friday, 16 September 2022

ആകാശവിദ്യാലയം

//ഇനി ഞാനായിട്ട് അതു മുടക്കുന്നില്ല. ഇതാ എന്റെ നെല്ലിപ്പള്ളിക്കൂടം.// 

(ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ   
അരഭിത്തി ചാടിക്കടന്നു ശീലിച്ചവൻ
അലയാഴി താണ്ടിക്കടന്നെങ്കിലും, )

പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.   

ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കുടച്ചെറുതിണ്ണയിൽ നഗ്ന
പദമൂന്നി നിൽക്കുവാനുരിയമോഹം.

കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു
ത്തകവും പുറവും തിരിച്ച വാതിൽ,
ചുവരുകളാകാശചിത്രങ്ങൾ, നരവീണ 
ഫലകത്തിലക്ഷരപ്പടയാളികൾ.

പകലിലും താരകൾ മേൽക്കൂരയിൽ വന്നു 
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.  
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കൊഴിഞ്ഞുവീഴും.

മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങി നിൽക്കെ,  
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.

പെരുചേമ്പിലക്കുട ചൂടിത്തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.    

മറയില്ല, മുറികളായ് തിരിവില്ല, കാറ്റിന്നു     
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും കഥകളും പാട്ടും കരച്ചിലും 
ഒഴുകുന്നതെന്നലോടൊട്ടിനിൽക്കും.

കടുവറക്കുമ്പോൾ കടന്നുവരും കാറ്റു
'കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.

കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!

നിറമുള്ള സ്വപ്‌നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്രമഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം? 

-----------

* CARE www.care.org

15.09.2022