പഴയ കുപ്പിയുണ്ടോ പുതിയ വീഞ്ഞു നിറയ്ക്കാൻ?
അർദ്ധദശ വത്സരാന്ത ത്തിലെ
ആഘോഷ ചര്യയിൽ എന്നും നീ വിളമ്പിയ
പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങൾ ഉറങ്ങുകയായിരുന്നു.
ഉറങ്ങിയ ഞങ്ങളെ, നീ കവരുക യായിരുന്നു.
അധ്വാനത്തിന്റ വിയർപ്പു മണികൾ
നീ മോഷ്ടിക്ക യായിരുന്നു.
പുതിയ പുതിയ പളുങ്കു പാത്രങ്ങളിലെ പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങളെ ഉറക്കി,
ഞങ്ങളുടെ വിയർപ്പു മണികൾ കൊണ്ട് നീ മാളിക പണിയുകയായിരുന്നു.
നീ കീറിയിട്ട അഴുക്കു ചാലുകളിൽ
സ്വാതന്ത്ര്യത്തിന്റ സ്വപ്നവും കണ്ട് ഞങ്ങൾ തളർന്നുറങ്ങവെ,
നീ ഞങ്ങൾക്കുള്ള പുതിയ സ്വപ്നങ്ങൾ നെയ്യുകയായിരുന്നു.
സ്വപ്നങ്ങൾക്ക് പകരമായി നീ കൊയ്തെടുത്ത ഞങ്ങളുടെ വേർപ്പു മണികൾ
അന്നവും വസ്ത്രവുമായി മാറവേ
വിശപ്പിന്റെ താഴ്വരകളിൽ നഗ്നരായി ഞങ്ങൾ തളർന്നുറങ്ങി.
പുതിയ കുപ്പിയിലെ പഴയ വീഞ്ഞു ഞങ്ങൾക്ക് മടുത്തതു നീ അറിഞ്ഞുവോ?
മടുപ്പിന്റെ അഗ്നി കുംഭങ്ങളുമായി
നിന്റെ മണിയറയിലേക്ക് ഞങ്ങൾ വരികയാണ്.
പുതിയ കുപ്പിക്ക് ചുവരെഴുത്തു നടത്തുന്ന കലാകാരന്മാരെ,
നിങ്ങൾ മറന്നു പോയ ഞങ്ങൾ വരികയാണ് !
നിങ്ങൾക്കെതിരെ രോഷത്തിന്റെ തീ ജ്വാലയുമായി
ഞങ്ങൾ വരികയാണ്.
ഗോപുരങ്ങൾ തകരുകയാണ് ,
മേടകൾ കത്തുകയാണ് ,
അരമനകൾ അമരുകയാണ് .
തകരുന്നതൊന്നും ഞങ്ങളുടേതായിരു ന്നില്ലല്ലോ ?
അജപാലകനായ നിന്റതായിരുന്നല്ലോ.
എന്നും വെർപ്പു മണികൾ മോഷ്ടിച്ച
നിന്റതു മാത്ര മായിരുന്നല്ലൊ.
നൂറ്റാണ്ടു കളുടെ പശിമയുള്ള മണ്ണുകൊണ്ട്
വാർത്തെടുത്ത ആ പഴയ കുപ്പിയിൽ
പുതിയ വീഞ്ഞു ഞങ്ങൾ നിറയ്ക്കും.
സംചലനത്തിന്റ കലപ്പകൾ
വിണ്ടുപോയ എന്റ മണ്ണിന്റ നാഭിയിൽ
ജീവന്റ ചാലുകൾ കീറും.
അതിലൂടൊഴുകുന്ന സ്വപ്നങ്ങളിൽ
സ്വാതന്ത്ര്യത്തിന്റ മരാളങ്ങൾ
നീന്തി തുടിക്കും.
ഇടതും വലതും കുരുത്തു പൊന്തുന്ന ഹരിത
വർണങ്ങളിൽ വിശപ്പിന്റ ഒച്ചകൾ
അലിഞ്ഞില്ലാതെയാകും.
പകരം തരാനില്ലാത്ത സ്നേഹത്തിന്റ
താഴ്വാരങ്ങളിൽ വിരിയുന്ന
കുഞ്ഞു പൂക്കൾ സമത്വത്തിന്റ നറുമണം വിതറും.
വടക്കുനോക്കി യന്ത്രങ്ങളായ പുതിയ കുപ്പികൾക്കു പകരം
പഴയ കുപ്പിയുണ്ടോ?
മാറ്റത്തിന്റ പുതിയ വീഞ്ഞു നിറയ്ക്കാൻ!