Thursday, 20 November 2014

വഴിയും കാല്പാടും

ഇനിഒളിക്കേണ്ടതെങ്ങുഞാൻ കാലമേ?
പകൽവെളിച്ചത്തിനുണർവ്വിലോ സ്വച്ഛന്ദ-
മിരുൾവിരിച്ചിട്ട ജ്യേഷ്ഠയാമത്തിലെ
സുഖസുഷുപ്തിതൻ നീലവിരിപ്പിലോ?
നിലകൾതെറ്റി ഉന്മാദം വിളമ്പിയ
നിറനിലാവിന്റെ താഴ്വരക്കാട്ടിലോ?

ഇനിഒളിക്കുവാൻ മാളങ്ങളില്ല വ-
ന്നടവിയും, ഗിരിശൃംഗവും, ആഴിയും
സകലതും കടന്നെത്തുന്നിതാ എന്റെ
നിലവറത്താഴു താനേതുറക്കുന്നു.

സുഖസമൃദ്ധിയും, ആഡംബരങ്ങളും
പെരുമയും, മഹാശക്തിയും, ധാടിയും
തനുവിനേകിയ സ്വാസ്ഥ്യത്തിലേക്കിതാ
വഴിയിലുപേക്ഷിച്ച കാല്പാടുകൾ വളർ -
ന്നഖിലവൈരിയായ് പിൻതുടർന്നീടുന്നു.
അഹികളാകുന്നു, ചിഹ്നം വിളിക്കുന്ന
മദനമോഹിത മത്തേഭമാകുന്നു.
നിമിഷജാലകച്ചില്ലിലെ സൗഖ്യത്തി-
ലൊടുവിലൂറിയ തുള്ളിയും നക്കുന്ന
കൊടിയ വഹ്നിയായ് ഭ്രാന്തമായാളുന്നു.

നിണമണിഞ്ഞ കാല്പാടുകളോർമ്മത-
ന്നകലതീരത്തിൽ നിന്നുമെത്തീടുന്നു.
അകതലത്തിലെ സൂക്ഷ്മതന്തുക്കളിൽ
വലവിരിക്കുന്നു, കാവലിരിക്കുന്നു.

സ്മ്യതിയുപേക്ഷിച്ച പൂർവകാണ്ഡങ്ങൾ വി-
ട്ടടരുകൾ, പുറംചട്ടകൾ കീറിയും,
പുതിയ താവളം - താളുകൾക്കുള്ളിലെ
മുദിതവാക്കിന്റെ മുക്തിയിൽ - പോലുമേ
തണുവിറപ്പിച്ച വിരലുമായെത്തുന്നു,
വഴിയിലെന്നോ ഉപേക്ഷിച്ച പാടുകൾ.
-------------
20.11.2014

ഇതു പ്രളയകാലം!



നീ എന്റ ആരുമല്ല;
എങ്കിലും നിന്നെ ശത്രുവായിക്കാണാൻ ആരോ പഠിപ്പിച്ചു.
നീ ഒരു ദ്രോഹവും ചെയ്തില്ല;
എങ്കിലും നിന്നെ കൊന്നൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റ പേരിൽ മുറിച്ചു മാറ്റപ്പെട്ട സഹോദരാ,
നിന്റെയും എന്റെയും പൊക്കിൾക്കൊടിയുടെ വേരുകൾ
ഉറച്ചിരുന്ന മണ്ണിനൊരേ നിറമായിരുന്നു.
അതിലുടെ മദിച്ചുല്ലസിചൊഴുകിയ നദികൾ
പാടിയത് ഒരേ ഗാനമായിരുന്നു.
ഉഴുതു മറിച്ച മണ്ണിൽ മുളച്ചു പൊന്തിയ
നാമ്പുകൾക്കൊരേ വീര്യമായിരുന്നു,
അതിൽ വിരിഞ്ഞാടിയ ഹരിത ദലങ്ങൾ
നുകർന്നത്‌ ഒരേ സൂര്യനെ ആയിരുന്നു,
പൊട്ടി വിടർന്ന പൂക്കൾക്കൊരേ ഗന്ധമായിരുന്നു.
ഋതുഭേദങ്ങളിലൂടെ ചിറകു വിരിച്ചു കടന്നു പോയ
കിളികൾക്കൊരേ ലക്ഷ്യമായിരുന്നു.
എങ്കിലും നീ ശത്രുവായി മാറി; ഞാൻ പോലുമറിയാതെ!
ഓർക്കുക, എനിക്കും നിനക്കും കിട്ടിയ സ്വാതന്ത്ര്യത്തിനു പകരം നൽകിയത്‌
നമ്മുടെ ശാന്തിയായിരുന്നു; സാഹോദര്യമായിരുന്നു.
തിരിച്ചറിവുകൾ ഇല്ലാതെപോയ കാലത്തിന്റെ ജ്വരസന്ധികളിൽ
മൂഢ സ്വപ്‌നങ്ങൾ നല്കി നമ്മുടെ സമാധാനം കവർന്നെടുത്തവരെ തിരിച്ചറിയുക.
ഇതു പ്രളയമാണ്; മനുഷ്യൻ തീർത്ത അതിർ വരമ്പുകളെ
പ്രകൃതി ധിക്കരിക്കുന്ന വിനോദകാലം;
ഒഴുകിയെത്തുന്ന ജഡങ്ങൾ അതിരുകൾ മാനിക്കാത്ത ദുരന്തകാലം.
ഈ പ്രളയത്തിന്റ എകതയിലൂടെ,
ആരൊക്കെയോ കവർന്നെടുത്ത
നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാം,
പണയം വെച്ച സമാധാനം തിരിച്ചെടുക്കാം.
ത്രസിക്കുന്ന മണ്ണിന്റ വ്രണിത സ്വപ്നങ്ങളിലൂടെ
നമുക്കു കൈ കോർത്തു നടക്കാം.
അവിടെ ഇറ്റു വീഴുന്ന സ്വേത ബിന്ദുക്കൾ
മണ്ണിന്റെ ശപ്തമായ മുറിവുകളിൽ സഞ്ജീവനി ആവട്ടെ.
ഗന്ധകം മണക്കാത്ത പകൽ വെളിച്ചത്തിൽ,
നിന്റെയും എന്റെയും കുഞ്ഞുങ്ങൾ
കൈ കോർത്തു നടക്കുമാറാകട്ടെ.
സഹോദരാ; എന്റെയും നിന്റെയും സ്വാതന്ത്ര്യം ഒടുങ്ങുന്നിടത്തു മാത്രമാണ്
നമ്മുടെ സ്വാതന്ത്ര്യം ഉറവ പൊട്ടുന്നത്.

22.09.2014

Monday, 23 June 2014

ഫാദേഴ്സ് ഡേ


അച്ഛനോടിന്നു ഞാൻ മിണ്ടില്ല
കെട്ടിപ്പിടിച്ചൊരു മുത്തവും നൽകില്ല.
പിച്ചനടത്തിയ കൈവിരൽത്തുമ്പിലെ
കൊച്ചു നഖങ്ങളിറുത്തു കൊടുക്കില്ല.
കേരളകൗമുദിത്താളിൽ രണ്ടീർക്കിലും
വാലും പിടിപ്പിച്ചു പട്ടമായ് മാറ്റിയ
താവക വേർപ്പു മണികളുമൊപ്പില്ല.
സർക്കാരു ശമ്പളാഘോഷപ്പുലരിയിൽ
അല്പമഹങ്കാരമായി നീ വാങ്ങിയ
മുച്ചാടുവാഹനത്തിന്നു പകരമായ്
കൊച്ചു സന്തോഷങ്ങളൊന്നുമേ നൽകില്ല.
ഒപ്പം നടത്തിത്തളർന്ന കാൽപാദത്തി-
ലല്പവും മുക്കൂട്ടു തേക്കില്ല, ചെയ്യില്ല.
ഉത്സവത്തിന്നു തിടമ്പായി നിൻ തോളി-
ലെത്രയോ നേരമിരുന്നോരിടങ്ങളിൽ
പറ്റു കുഴമ്പിന്റ സ്നേഹവും പിന്നെയോ -
രിറ്റു കരുണതൻ ചൂടും പകരില്ല.
ചൊല്ലു, പഴഞ്ചൊല്ലു, മുക്തകം, നാടോടി-
ഗാഥകൾ പിന്നെപ്പുരാണം, കടംകഥ
ഒക്കെക്കടങ്ങളാണൊന്നും മടക്കില്ല.
താതനു പത്രാസു മംഗള വാക്യങ്ങൾ
'ടെസ്കോ' യിൽ നിന്നു ഞാൻ വാങ്ങി ക്കൊടുക്കട്ടെ.
'ഫേസ് ബുക്ക് ' താളിൽ 'ഫിലോസഫി ' ചൊല്ലട്ടെ.
ചൂരലു ചുംബിച്ചുണർത്തിയ മേനിയിൽ
ഞാനറിയാതെൻ കരങ്ങളലഞ്ഞുവോ!!!
തേടുവതെന്തോ തിണർപ്പോ ഒരൊർമ്മതൻ
ചാരുതയാർന്ന മനോഹര ബാല്യമോ?

Friday, 25 April 2014

നളന്ദയിലെ മിന്നാമിനുങ്ങുകൾ


അഗ്നി വിഴുങ്ങിയ താളിയോലകളിൽ നിന്നും
ഇന്ദുഗോപങ്ങളുയരുകയായി.
അധിനിവേശമൗഢ്യത്തിൽ വെണ്ണീറായ അറിവിന്റ ശാരികങ്ങളെ,
അഗ്നിരജസ്സുകളായി നിങ്ങളുയരുക.
ശാസ്ത്രവും വ്യാകരണവും മാറ്റൊലിക്കൊണ്ട കൽമണ്ഡപങ്ങളിൽ,
കരണവും കാരണവും ചർച്ചചെയ്യപ്പെട്ട ഇടനാഴികകളിൽ,
കർമനാൾവഴിയിൽ വ്യാകുലപ്പെടാത്ത കളിത്തട്ടുകളിൽ,
ചന്ദ്ര-താരങ്ങൾ തൊഴുതുമടങ്ങിയ ഗോപുരങ്ങളിൽ,
ഇന്ദ്രഗോപങ്ങളെ നിങ്ങൾ വെളിച്ചമായിരുന്നു.
നഭസ്സിനെ പുളകമണിയിച്ച ഇന്ദ്രിയനൈർമ്മല്യമായിരുന്നു.

നീറിപ്പുകഞ്ഞു വെണ്ണീറായ താളിയോലകളും
ഇടിച്ചുനിരത്തിയ മഹാഗ്രന്ഥശാലയും
വെട്ടിനിരത്തിയ രസാലവനവും
മുറിവേറ്റു നിശബ്ദമാക്കപ്പെട്ട ആയിരംഗളങ്ങളും
നിന്റെ ഊർജ്ജമാണ്.
തമസ്സിന്റ മാറുപിളർന്നു നിങ്ങളുയരുമ്പോൾ
അറിവിന്റ രാജസൂയംനടത്തിയ നൂറ്റാണ്ടുകൾ
പുനർജ്ജനിക്കുന്നു.
അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
രസാലപക്വങ്ങളുണ്ണുവാൻ വിദൂരമേഘങ്ങൾ താണ്ടി
വാനമ്പാടികളെത്തിയിരുന്നു.
മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾചൊല്ലി
ദൂരങ്ങളെ പുല്കിയിരുന്നു.
അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
ആരോ പടപുറപ്പെടുകയായിരുന്നു.

അധിനിവേശത്തിന്റ വാളുകൾ അറിവിന്റെ ആയിരം ഗളങ്ങൾ
അരിഞ്ഞു തള്ളിയപ്പോൾ,
അറിവിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ,
ഭൂമിയുടെ ധൂസര വസന്തത്തിൽ ഇരുൾ പരന്നു.
നവ്യലോകത്തിന്റെ ഭാസുരസങ്കൽപ്പങ്ങളിൽ
അശിനിപാതമായി ഹിംസയുടെ, വേദനയുടെ, ദുരന്തങ്ങളുടെ
വസൂരി വിത്തുകൾ മുളച്ചു പൊന്തി.

വെളിച്ചം തല്ലി ക്കെടുത്തിയ മൗഢ്യമേ!
നീ പകരം തന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയായിരുന്നല്ലോ?
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ശാന്തപുളിനങ്ങളിൽ
നീ കോരിയിട്ടത് അസഹിഷ്ണുതയുടെ കനലുകളായിരുന്നുവല്ലോ?

കാലത്തെ പിന്നോക്കം നടത്തിയ മൗഢ്യമേ!
യാത്രയും ലക്ഷ്യവും വെളിച്ചമാണെന്ന സത്യം നീ അറിഞ്ഞില്ലയോ?
നിന്റെ അഗ്നിദാഹത്തിലെരിഞ്ഞമർന്നത്
പിറക്കാനിരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
നിന്റ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
കടിഞ്ഞാണില്ലാത്ത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം.
ശിക്ഷിക്കാത്ത ദൈവത്തിനും, പാപം ചെയ്യാത്ത മനുഷ്യനുമിടയിലുള്ള
ശുദ്ധമായ സ്വാതന്ത്ര്യം.
പച്ചവെള്ളം പോലെ, കരിയിലയെനോവിക്കാത്ത കാറ്റു പോലെ,
തപിച്ച മണ്ണിലൂടെ, നാരായവേരറ്റംവരെ കിനിഞ്ഞിറങ്ങുന്ന സ്വാതന്ത്ര്യം.

അഗ്നിരജസ്സുകളെ നിങ്ങളുയരുക.
വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന വിഹഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.
-------------
An ancient centre of higher learning ( 500 - 1197 AD ). The great library of Nalanda University was so vast that it is reported to have burned for three months after the invaders set fire to it. 
25.04.2014

Saturday, 1 March 2014

താതാത്മജം


താതാ തിരസ്കരിക്കൊല്ലീ യുവത്വമി-
ന്നേകുന്നു, പാരണവീട്ടട്ടെ സാദരം.

നീതന്നതാണീ കളേബരം മാമകം,
നീതന്നതാണീ മനോഹരമാനസം.
നീ ചൊന്നതാണീ സ്വരങ്ങളും വാക്കിന്റെ
മാസ്മര ഭാവതലങ്ങളും സർവ്വവും.

കാണാതെകണ്ടകഥകളും പാട്ടിന്റെ
തോറ്റവുമൂട്ടിനോടൊപ്പം പകർന്നനർമ്മങ്ങളും,
നീ തൊട്ടുണർത്തിയ ഭാവനാസാരസ
ജാലമല്ലോ രമിച്ചീടുന്നതുള്ളിലും.

രാജ്യതന്ത്രം ചൊല്ലി സായകം തന്നുനീ
ത്യാജ്യമെന്തെന്നു ചൊല്ലാതെ നീ കാട്ടിയും,
നീ തല്ലിനോവിച്ച ബാല്യവും, വാക്കിന്റെ
ചാട്ടവാറേറ്റു പൊലിഞ്ഞസ്വപ്നങ്ങളും,
കാറ്റുപോൽ വന്നുതലോടിയ സാന്ത്വന-
മേറ്റു നിഭൃതനായ് കുമ്പിട്ടുനിന്നതും.
ഓർക്കുന്നു ഞാൻ തിരമാറാസരിൽപ്പതി-
യാകുമീ സങ്കീർണ്ണ യൗവ്വനഭംഗിയിൽ.

നിന്റെ യുവത്വമെൻബാല്യത്തിലർപ്പിച്ചു
പൊൻപരാഗങ്ങലളുണർത്തി രസിക്കവേ.
താതനായ്, പുത്രനായ്‌, പുത്രാഭിരമ്യനായ്‌
താനേ മറന്നുപോയ്‌ നീ നിന്റെ യൗവ്വനം.

സ്വീകരിച്ചാലുമീ യൗവ്വനം മൽതാത
പാരം പകരംതരിക നിൻവാർദ്ധക്യം.
നീ തന്ന ജീവന്നിതാകില്ലമൂല്യമായ്
വേറില്ലനൽകുവാൻ നിസ്വനാണിന്നുഞാൻ.

പാതിമെയ് തന്ന പിതാവേ പകരമായ്
സ്വീകരിക്കു പൂർണ യൗവ്വനഭംഗികൾ.
നീർമാതളങ്ങൾ ഭുജിക്ക, മധുകര -
നായി പ്രസൂനങ്ങൾ ചുംബിച്ചുണർത്തുക.
കാമ്യമദാലസ യൗവ്വനമേറി നീ
പാരംമുദിതനായ് വാഴു മഹാരഥാ.
രേതസ്സു കാളിന്ദിയാകട്ടെ നീ കാമ-
കാളിയ മർദ്ദനമാടു സമൃദ്ധമായ്.
തേരിലജയ്യനായ്ത്തീരട്ടെ ഭൂമിത-
ന്നാദരമേറ്റു പ്രജാപതി വാഴുക.
-----------------------------------------
(പുരാണ കഥയോടു കടപ്പാട്)
01.03.2014 

Tuesday, 18 February 2014

സൂര്യനായ് , സൂര്യ പ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.

------------
ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

Sunday, 16 February 2014

പഴയ കുപ്പിയുണ്ടോ പുതിയ വീഞ്ഞു നിറയ്ക്കാൻ?


പഴയ കുപ്പിയുണ്ടോ  പുതിയ വീഞ്ഞു നിറയ്ക്കാൻ?

അർദ്ധദശ വത്സരാന്ത ത്തിലെ
ആഘോഷ ചര്യയിൽ  എന്നും നീ വിളമ്പിയ
പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങൾ ഉറങ്ങുകയായിരുന്നു.
ഉറങ്ങിയ ഞങ്ങളെ, നീ കവരുക യായിരുന്നു.
അധ്വാനത്തിന്റ വിയർപ്പു മണികൾ
നീ മോഷ്ടിക്ക യായിരുന്നു.
പുതിയ പുതിയ പളുങ്കു പാത്രങ്ങളിലെ  പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങളെ ഉറക്കി,
ഞങ്ങളുടെ വിയർപ്പു മണികൾ കൊണ്ട് നീ  മാളിക പണിയുകയായിരുന്നു.
നീ കീറിയിട്ട അഴുക്കു ചാലുകളിൽ
സ്വാതന്ത്ര്യത്തിന്റ സ്വപ്നവും കണ്ട് ഞങ്ങൾ തളർന്നുറങ്ങവെ,
നീ ഞങ്ങൾക്കുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു.
സ്വപ്നങ്ങൾക്ക് പകരമായി നീ കൊയ്തെടുത്ത ഞങ്ങളുടെ വേർപ്പു മണികൾ
അന്നവും വസ്ത്രവുമായി മാറവേ
വിശപ്പിന്റെ താഴ്വരകളിൽ നഗ്നരായി ഞങ്ങൾ തളർന്നുറങ്ങി.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞു ഞങ്ങൾക്ക് മടുത്തതു നീ അറിഞ്ഞുവോ?
മടുപ്പിന്റെ അഗ്നി കുംഭങ്ങളുമായി
നിന്റെ മണിയറയിലേക്ക് ഞങ്ങൾ വരികയാണ്.
പുതിയ കുപ്പിക്ക്‌  ചുവരെഴുത്തു നടത്തുന്ന കലാകാരന്മാരെ,
നിങ്ങൾ മറന്നു പോയ ഞങ്ങൾ വരികയാണ് !
നിങ്ങൾക്കെതിരെ രോഷത്തിന്റെ തീ ജ്വാലയുമായി
ഞങ്ങൾ വരികയാണ്.
ഗോപുരങ്ങൾ തകരുകയാണ് ,
മേടകൾ കത്തുകയാണ് ,
അരമനകൾ അമരുകയാണ് .
തകരുന്നതൊന്നും ഞങ്ങളുടേതായിരു ന്നില്ലല്ലോ ?
അജപാലകനായ നിന്റതായിരുന്നല്ലോ.
എന്നും വെർപ്പു മണികൾ മോഷ്ടിച്ച
നിന്റതു  മാത്ര മായിരുന്നല്ലൊ.

നൂറ്റാണ്ടു കളുടെ പശിമയുള്ള മണ്ണുകൊണ്ട്
വാർത്തെടുത്ത ആ പഴയ കുപ്പിയിൽ
പുതിയ വീഞ്ഞു ഞങ്ങൾ  നിറയ്ക്കും.
സംചലനത്തിന്റ കലപ്പകൾ
വിണ്ടുപോയ എന്റ മണ്ണിന്റ  നാഭിയിൽ
ജീവന്റ ചാലുകൾ കീറും.
അതിലൂടൊഴുകുന്ന സ്വപ്നങ്ങളിൽ
സ്വാതന്ത്ര്യത്തിന്റ മരാളങ്ങൾ
നീന്തി തുടിക്കും.
ഇടതും വലതും കുരുത്തു പൊന്തുന്ന ഹരിത
വർണങ്ങളിൽ വിശപ്പിന്റ ഒച്ചകൾ
അലിഞ്ഞില്ലാതെയാകും.
പകരം തരാനില്ലാത്ത സ്നേഹത്തിന്റ
താഴ്വാരങ്ങളിൽ വിരിയുന്ന
കുഞ്ഞു പൂക്കൾ സമത്വത്തിന്റ നറുമണം വിതറും.

വടക്കുനോക്കി യന്ത്രങ്ങളായ  പുതിയ കുപ്പികൾക്കു പകരം
പഴയ കുപ്പിയുണ്ടോ?
മാറ്റത്തിന്റ പുതിയ വീഞ്ഞു നിറയ്ക്കാൻ!

Saturday, 14 December 2013

ഗ്രാമാന്തരം



പെരുവിരലൂന്നി ഞാൻ നിൽക്കെ ഗ്രാമത്തിന്റ
നെറുകയിൽ പൂക്കൾ വിരിഞ്ഞു.
കവിളിണച്ചാർത്തിൽ വിരിഞ്ഞ നാണത്തിന്റ
നറുമണം മെല്ലെപ്പരക്കെ,
പുഴയിൽ കുളിച്ചീറനനലനെൻ കാതിൽ വ-
ന്നരുമായ് ചൊല്ലി സുമന്ത്രം,
"പ്രകൃതി മനോഹരി തവ മുഗ്ദ്ധ ലാവണ്യ -
മൃതുഭേദചാരുതയല്ലേ?"
അതുകേട്ടു കോരിത്തരിച്ചു നിൽക്കെ സൂര്യ-
നൊരുമാത്ര ഭൂമിയെ നോക്കി.
മൃദു മന്ദഹാസത്തിനലകളെൻ മേനിയിൽ
പുളകങ്ങളായിരം തീർത്തു.
ഒരുവേളകൊണ്ടു ഞാൻ സൗരയൂഥത്തിന്റ
വഴികളിൽ പിന്നോട്ടു പോയി.
അവിടെ മാകന്ദം മധുരംവിളമ്പിയ
വഴികളും ചോലയും കാറ്റും,
അരുവിയും നീരിലെപ്പരലും പതംഗവും
നിറദീപ്ത ചിത്രങ്ങൾ നെയ്തു.
കിളിമൊഴിക്കെതിർമൊഴി ചൊല്ലാൻ മറക്കാത്ത
പുലർകാല സുന്ദരബാല്യം
കനകംവിരിഞ്ഞ നെൽപ്പാടവരമ്പത്തു
ചകിതമാം തുമ്പിയായ് നിൽക്കെ,
വെയിൽകാഞ്ഞ പൈക്കളും പഥികരും
മാവിന്റ മധുരം നുകർന്നിറ്റു നിൽക്കെ,
പ്രകൃതി രജസ്വലയായി നീ വിണ്ണിന്റ
കനിവായി ചാരത്തു നിന്നു.

അകലങ്ങളിൽ വീർപ്പു മുട്ടലിൽ ജീവിത-
പ്പെരുവഴിയോരത്തു നിൽക്കെ
തിരികെവരാൻ, നിന്റ വരണമാല്യത്തിനു
പകരം തരാനും മറന്നു.

പകരമില്ലീ നിന്റ പൊന്മുളം തണ്ടിലെ
അമരഗാനതിനു തുല്യം
പകരം തരാനില്ല കവിതയായർപ്പിപ്പു
മമ ഹൃദന്തത്തിലെ ഹവ്യം.
---------------
14.12.2013

Sunday, 17 November 2013

ഇന്ദ്രജാലം



അനുഭവങ്ങളെ, അഗ്നിച്ചിറകുമായ്
നിണനിലങ്ങളിൽ താണുപറക്കുന്ന
നിബിഡ നീരദപാളീകദംബമേ;
അറിയുമോ നിങ്ങളീവഴിത്താരയിൽ
പകുതി പൊള്ളിച്ചുപേക്ഷിച്ച വിത്തുകൾ
ചിറകുകൾ വിരിച്ചാകാശവും കട-
ന്നഭയശാദ്വലഭൂമിക തേടുന്നു.


കഠിന വേനലിൽ പൊള്ളിച്ചു വിണ്ണിന്റ
കനിവു പേമാരി മുക്കിക്കുളിപ്പിച്ചു,
പടഹ ഗർജനം മേഘഗീതത്തിന്റ
ശ്രുതിയിൽ താരാട്ടു പാടി ഉറക്കിയും.
കദന പാഥേയമുട്ടി വിലക്കിന്റ
മരണവക്ത്രത്തിലൂടെ നടത്തിയും,
അനുഭവങ്ങളേ നിങ്ങൾ പകർന്നിട്ട
നിമിഷമേതും വിലപ്പെട്ടതല്ലയൊ ?

മൃദുലമീ നിന്റെ തൂവലിൻ തുമ്പു കൊ-
ണ്ടരികെ വന്നൊന്നു തൊട്ടുതലോടവേ,
മധുരമാസ്മരമിന്ദ്രജാലത്തിന്റ
കതകു താനേ തുറക്കുന്നു സത്വരം.
വിജനതീരത്തെ ശാദ്വലമാക്കുന്ന,
വിഷചഷകത്തെ വീഞ്ഞാക്കി മാറ്റുന്ന,
അനുഭവങ്ങളെ ഇന്ദ്രജാലങ്ങളെ
മധുരമല്ലോ വിലപ്പെട്ടജീവിതം!

പ്രണയ സന്ധ്യകൾ ദാഹം തുളുമ്പുന്ന
മിഴികള്ളിൽ നോക്കി ദാഹമകറ്റിയും;
മദനയാമങ്ങൾ ചുരമാന്തി ഉണരുന്ന
രജനി കന്ദർപ്പലീലകളാടിയും;
വിബുധ വിഹ്വല വിപ്രലംഭത്തിന്റ
നെടിയ നിശ്വാസധാര ഉണർത്തിയും;
അരികിലെത്താൻ കൊതിച്ചാലുമെത്താത്ത
അകലഭൂമിതന്നുപ്പായി മാറിയും;
കൊടിയ വേനലിന്നഗ്നി നാളങ്ങളിൽ
മരണദാഹജലത്തിനായ്‌ കേഴവേ
ഒരു തുലാവർഷമമൃതബിന്ദുക്കളായ്
നെറുകയിൽ സ്നേഹധാര ചൊരിഞ്ഞതും;
പ്രളയവാരിധി സർവ്വം വിഴുങ്ങവേ,
പനിമതിച്ചുണ്ടനോളങ്ങൾ താണ്ടി വ-
ന്നഭയമായി നീ കാവലിരുന്നതും;
അനുഭവങ്ങളെ അഗ്നിസ്ഫുലിംഗമെ
കനിവുമായി നീ കൈക്കുമ്പിൾ നീട്ടവേ
സ്മരണകൾ നിറ വെണ്ണിലാവാകുന്നു.
പകലുമില്ലാ ഇരുളുമില്ലാത്തൊരീ
പുതിയ ഭാസത്തെ അർദ്ധനിമീലിത
മിഴികളാൽ സ്തുതിച്ചീടട്ടെ ഉൾക്കാമ്പിൽ
മധുരഹാസം പൊഴിക്കട്ടെ നിശ്ചയം.

---------------
17.11.2013

Tuesday, 24 September 2013

മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ


ദൂരെ വനസ്ഥലീപ്രാന്തങ്ങളിൽ ശൈത്യ
നീഹാരകമ്പളം ചൂടി ഉറങ്ങവേ
ഭൂമി നീ ഏതോകിനാവിന്റ ഊഷ്മള
പീയൂഷധാരയിൽ നിർവൃതികൊള്ളവേ
ആരോവിളിച്ചപോലാദിവസന്തത്തി -
നാത്മാഭിലാഷം പുളകംവിതയ്ക്കുന്നു.

പേലവ പുഷ്പദലങ്ങൾ വിടർത്തി ഭൂ -
ആകാശഗംഗയിൽ നീന്താനിറങ്ങവേ,
കൂടെഇറങ്ങും മരാളങ്ങൾ നക്ഷത്ര
ധൂസരമുണ്ടു മദാശ്ലേഷരാകവേ,
വാസന്തരശ്മി ഒളിക്കണ്ണുകൾ നിന്റ
മേനിയിൽ ആദിത്യചിത്രം വരയ്ക്കുന്നു.
പൂവിളി കേൾക്കാത്തതെന്തേ? ഋതുപ്പക്ഷി
കാഹളമൂതാത്തതെന്തേ?

മാനസവാതിൽ തുറക്കാം നമുക്കിനി
വാസരഗന്ധങ്ങളാകാം.
കാറ്റിന്റ മർമ്മരത്തോണിയിൽ ചേക്കേറി
പാട്ടിനെ പുൽകാനിറങ്ങാം.
ദൂരങ്ങളിൽ, മഹാതീരങ്ങളിൽ ശുദ്ധ
സൂര്യകണങ്ങളുരുക്കി പകലൊളി
വീശുമിടങ്ങളിൽ പാർക്കാം, വിവസ്വാനു
കൂട്ടായ് നമുക്കിനിവാഴാം.

---------------
20.09.2013