Friday, 29 July 2016

സമതലങ്ങളിലെ ശലഭങ്ങൾ




(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം മനോരഥമണ്ഡലമുലയ്ക്കുന്ന 
പനിനീർ പുഷ്പത്തിന്റെ താരുണ്യലഹരിയിൽ,
ചുടുനിശ്വാസത്തിന്റെ ധാരപോൽ വസന്തത്തിൻ 
നിറവും കടംവാങ്ങിയമരും ശലഭങ്ങൾ;
മറ്റൊരു വസന്തമായിളകിക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരുവേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതുപൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ ജീവന്റെസമസ്യയ്ക്കു പൊരുൾതേടി
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾകീറി നെയ്തമൗനത്തിൻ നേർത്ത
പുടവയ്ക്കുള്ളിൽനിന്നും വിണ്ണിലേയ്ക്കുയരവേ
നിറഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർമേനിയിൽപൂത്തു ഭാസുരവസന്തങ്ങൾ.

തളിർവെറ്റില കൂട്ടി മുറുക്കിച്ചുവപ്പിച്ച 
കനിവിൻകുടന്നകൾ മഞ്ചാടിമണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി- 
ച്ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹനപ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തു, പൂർണ്ണകുംഭങ്ങൾ തീരെ-
ത്തളരാതുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമമൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവിലുയരും വിശ്വതാളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്തപുഞ്ചിരി വിടരവേ,
അരിയപുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും 
തരളസൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരിശൃംഗത്തിൻ ശീതഗഹ്വരങ്ങളിൽ, ഘോര- 
തമസിന്നീറ്റില്ലമാം സാഗരഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ- 
കിരണം തിളപ്പിച്ച നിസ്തുലമണൽക്കാട്ടിൽ,
അണയാതിളകിത്തുടിക്കും ജീവനളിനം 
വിടർന്നേഴുനിറമായ് കാർമ്മുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചൊരിന്ദ്രജാലവുമായി.

18.05.2016 

Sunday, 10 July 2016

അപരാഹ്നം


ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ, 
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ 
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു, 
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും 
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു- 
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ 
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര- 
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ, 
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ 
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും, 
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും, 
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക- 
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ 
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും, 
ഒരുപിടിയോർമ്മതൻ ചില്ലിട്ടചിത്രത്തി- 
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ 
കവിളിൽ തലോടിക്കടന്നുപോയീടുന്നു, 
അകലത്തിലെ നാദവീചിയായ് നീ ഏതു 
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

---------- 16.06.2016

Saturday, 11 June 2016

മന്ദ സമീരണൻ

വെണ്മുകിലാട്ടിൻകിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതുദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാനൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
ഇത്തിരിവെട്ടം കൊളുത്തിക്കളിക്കുന്ന
കൊച്ചുകുമാരികൾ താരകങ്ങൾ,
ഇച്ചെറുമുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ-
ക്കെത്രമേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും, ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്രവനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവഗാനം.
പച്ചിലക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസമേളം മുഴക്കിടുന്നു.
ഇപ്പൊഴുമെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീനികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

-------------- 11.06.2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകിത്തിളച്ചു കലങ്ങിക്കലുഷിതം
ഇതു നിശായാമത്തിലെത്തിയ മാനസം.
ചലനംനിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിതമീപ്പന്തു നീട്ടിയടിച്ചതു
തിരകള്‍കടന്നു താരാഗണവീഥിയില്‍
എവിടെയോ ചെന്നുതറച്ചു മടങ്ങുന്നു,
ചിറകുള്ളൊരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക, മാത്രകള്‍-
ക്കിടയിലെ മൗനത്തിലൂർന്നനിനാദത്തി-
നലകളില്‍ നീരാടി, കാണാപ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാമൗനമായ് മാറുന്നു.

അതിരുകളില്ലാത്തലോകമേ എന്നശ്വ-
മിളകിക്കുതിയ്ക്കവേ നിന്റെതീരങ്ങളിൽ,
ഇടിമുഴക്കങ്ങളായ്മാറും കുളമ്പടി-
ക്കെതിരല്ല മാറാലകെട്ടിയോരോർമ്മകൾ.

പറവകൾക്കൊപ്പം പറന്നു വിഹായസ്സി-
നതിദൂര സൗരയൂഥങ്ങളിൽരാപാർത്തു
പതിയെ മടങ്ങുന്നൊരശ്വമേ, ആഴത്തി-
നൊടുവിലെ മൗക്തികാരാമത്തിലെത്തുക.

പവിഴപ്രസൂനങ്ങളായിപ്പിറക്കുന്ന
പകലിൻകിനാവുകൾ - ചന്ദ്രകാന്തപ്രഭാ-
വലയത്തിൽ, മാലേയഗന്ധം പൊഴിക്കുന്ന
മൃദുവേണുഗാനം - നിനക്കുള്ളതല്ലയൊ!

അനുപമ വിശ്വലാവണ്യമേ നിൻതുകിൽ
തഴുകിക്കടന്നുപോയീടവേ മൽപ്രാണ-
നൊഴുകിത്തുളുമ്പുന്നനല്പ സൗന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചുപോയീടുന്നു

02.06.2016

യാത്രികന്റെ നിലാവ്

അറിയപ്പെടാത്ത സഞ്ചാരി...
നിന്റെ സ്വപ്നങ്ങളിലെ ഭൂമിക്കു അതിരുകളുണ്ടോ?
നിലാവൊഴുകി വീഴുന്ന പുൽ മേടുകൾക്ക് അന്തമുണ്ടോ?
കോട വീഴുന്ന മകര സന്ധ്യകൾക്ക് അറുതിയുണ്ടോ?
ഉയർന്നു താഴുന്ന മലമടക്കുകൾക്ക് വിരാമമുണ്ടോ?
പൊടി പടർത്തി വീശുന്ന കാറ്റിനു മൗനമുണ്ടോ?
ഭൂമി തണുപ്പിക്കുന്ന വേനൽ മഴകൾക്ക്‌ ഇടർച്ചയുണ്ടോ?

അറിയാത്ത വഴിയിലൂടെ ,
അറിയാത്ത ജന പഥങ്ങളിലൂടെ,
അറിയാത്ത രുചിയും നുണഞ്ഞു,
അറിയാത്ത ഗാനത്തിൽ മുഴുകി
അലഞ്ഞു തിരിയുന്ന വസുക്കളുടെ കൂട്ടുകാരാ...
നിന്റെ ഭാണ്ഡത്തിലെ സ്വപ്‌നങ്ങൾ പങ്കിടുമോ?

(ഇല്ല!!!)

ഇലകൾ പറഞ്ഞത്

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു,
വേല ചെയ്തവർ ഒരുമിച്ചു പാടിയ പാട്ടുകളുണ്ടായിരുന്നു,
വഴി മുടന്തിപ്പോയവരുടെ തേങ്ങലുകൾ ഉണ്ടായിരുന്നു,
വിശന്നു തളർന്നവരുടെ കണ്ണുനീരുണ്ടായിരുന്നു,
നിറയ്ക്കാത്ത സമസ്യകളുമായി പലായനം ചെയ്തവരുടെ
നിശബ്ദ നിശ്വാസങ്ങൾ ഉണ്ടായിരുന്നു,
വഞ്ചിക്കപ്പെട്ട പ്രജകളുടെ അവിശ്വാസമുണ്ടായിരുന്നു,
നാട്ടുകൂട്ടങ്ങളുടെ നേരമ്പോക്കുകളിലെ പൊട്ടിച്ചിരി ഉണ്ടായിരുന്നു,
ഉറിയിൽ അവശേഷിച്ച വറ്റുകൾ കുഞ്ഞിനായി മാറ്റിവച്ച ഒരമ്മയുടെ
മന്ദഹാസവും ഉണ്ടായിരുന്നു.

പിന്നീടെപ്പൊഴോ സൂര്യ മുഖത്തേക്ക് ഒരില മടിച്ചു മടിച്ചു വിരിഞ്ഞു.
പിന്നെ പരശതം.
- അതൊരു വസന്തത്തിന്റെ തുടക്കമായിരുന്നു!!!

10.06.2016

Friday, 10 June 2016

നമ്മൾ



പുഴകൾ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ചണിവിരൽ കൊണ്ടൊരു തൊടുകുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിടങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ-
നിതുഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറുതിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടിവിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടിയലഞ്ഞില്ലേ നാം?

ജനിമൃതി ഓളംതല്ലും ജീവിത
ജലനിധി ഓമൽക്കുമ്പിളിലാക്കി
മധുരിമയോടെ നുകർന്നില്ലേ നാം?
തരുനിര തണലുവിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലിനടന്നില്ലേ നാം?
കരിയില പാറിനടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?

പുലരിവെളിച്ചം കാണാത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെപടവുകളെണ്ണിക്കയറി
അരിയരഹസ്യം ചെറുനാണത്തി-
ന്നിതളുകൾകൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർക്കുമിളകൾപോലെ പകർന്നതു,-
മതുകേട്ടൊരു കടലായീ രാക്ഷസ
നലകളിലാഹ്ളാദത്തിൻ നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?



11.05.2016

കടലിരമ്പുന്നു

കരിതരി നിറഞ്ഞന്തരീക്ഷമിരുളുന്നു.
കുടചൂടിനിന്ന വിൺപരിച തകരുന്നു.
ധ്രുവഹൈമശൃംഗങ്ങൾ ചടുലമുരുകുന്നു.
കലിപൂണ്ട സാഗരം കരയെ വളയുന്നു.

ഹരിതനിര വീഴുന്നു കാറ്റു കുറുകുന്നു.
മലനിരകൾ താഴുന്നു ആടി വരളുന്നു.
പുഴകൾ ചെറു നീർച്ചാലിൽ സ്വയമൊതുങ്ങുന്നു.
കടലിരമ്പുന്നമ്ലമഴയിൽ ഉരുകുന്നു.

മലിനജലഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
ലവണജലനാളികൾ പൊട്ടിയുണരുന്നു.
കൊടിയ വിഷയൗഗികം കൂപെ നിറയുന്നു.
കടലിരമ്പുന്നു പോർവിളികളുയരുന്നു.

വികിരണവസന്തത്തിൽ ഭൂമി നിറയുന്നു.
കൊടിയ വിഷപക്വമായ് ക്ഷോണി കനിയുന്നു.
ഉടലാകെ വൃശ്ചികക്കലിക ഉണരുന്നു.
കടലിരമ്പുന്നുള്ളിൽ പ്രളയമുണരുന്നു.
-----------
13.05.2016

ഇന്നലെകൾ

ആ നീലവാനിൻ കുടക്കീഴിലിന്നലെ
ഭാരം വഹിച്ചു പിപീലികാജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നതു ഞാനായിരുന്നില്ല!

നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി ഇരുട്ടിന്റെ
കോണിലുറക്കെച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യമൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസരാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽമെത്തയിലമ്പിളി
ത്താലത്തിലെക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടി അലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥവേണിയിലിന്ദുപുഷ്പംചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല,
പിന്നെച്ചിരാതിന്റെ കള്ളക്കടക്കണ്ണു
മെല്ലെപ്പൊതിഞ്ഞു തേൻതുള്ളി നുകർന്നതും,
കള്ളനെന്നോതി നീമാറിലമർന്നാശു
'ചെല്ലക്കിളി'യെന്നുചൊന്നതും ഞാനല്ല!
ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
കർമ്മപഥത്തിലെ ചില്ലുപാത്രങ്ങൾ, വീ-
ണെങ്ങോ ചിതറി ലയിക്കുന്നതിൽനിന്നു 
പിന്നെപ്പുനർജ്ജനിക്കുന്നൊരീ 'ഇന്നു'കൾ 
ഇന്നലെയില്ലായിരുന്നു ഞാനിന്നിന്റെ,
ഇന്നിന്റെ മാത്രമാഖ്യാനമാകുന്നു ഞാൻ.
പോയ തോയത്തിനൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കുംപോലെ,
നീരദപാളികളോരോ നിമിഷവും
മാറുവതെങ്കിലീ ഞാനുമേവം സദാ
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ.
--------------
07.04.2016

Sunday, 5 June 2016

നിർബോധനം

എവിടെ പുള്ളുവൻ പാട്ടിലിഴഞ്ഞെത്തി
ഋതു ചുരത്തുന്ന സപ്തവർണ്ണങ്ങളും;
പുലരിമഞ്ഞിൽ കുളിച്ചീറനണിയുന്ന
പലതരം വയൽപ്പൂക്കളും, തുമ്പിയും?

എവിടെ കാടിനെ കാത്തു സൂക്ഷിച്ചൊരു
വെളിവു, വയലിലെ കൂട്ടായ്മ, കായലി-
ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
തെളിമയോലുന്ന തണ്ണീർത്തടങ്ങളും?

എവിടെ ജൈവ വൈവിധ്യത്തിനറിവുകൾ?
പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
ഉടലുരുക്കാത്ത വൈദ്യശാസ്ത്രത്തിന്റെ
ഹരിതശോഭയിൽ പൂത്ത തോറ്റങ്ങളും?

സമയനാഗമഴിച്ചിട്ട ശൽക്കങ്ങൾ
സ്മൃതിപഥത്തിലെ ചെങ്കല്ലു പാതയിൽ;
ഉറയിലേക്കു പുനർജ്ജനിച്ചെത്തുന്നൊ
രഹി എഴുന്നെള്ളി നിൽക്കുന്നിതന്തികേ.

വസനമൊക്കെ അഴിച്ചു വച്ചീടട്ടെ
മൃദുലപാദുകം മാറ്റിവച്ചീടട്ടെ
വളരെ ആടിയ പൊയ്മുഖം നേരിന്റെ
കരിയിലത്തീയിൽ വെന്തെരിഞ്ഞീടട്ടെ.

വഴി ചുരുട്ടിയെടുക്കട്ടെ, പിന്നോട്ടു
പഴയദൂരം നടക്കട്ടെ, കാഴ്ചതൻ
പുതിയ ചിത്രങ്ങൾ മായിച്ചു, വീണ്ടുമാ
പുഴയിലെ കടവിങ്കൽ ഞാനെത്തട്ടെ.

അവിടെ നിന്നും തുടങ്ങട്ടെ ഓലയിൽ
പഴയ നാരായമെഴുതിയോരക്ഷരം
വിപണി ചൂഷണം ചെയ്തു വിൽക്കാത്തൊരു
വെളിവു കാത്തു സൂക്ഷിക്കുന്നൊരക്ഷരം.

---------------
05.05.2016