(പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത പരിചയപ്പെട്ട ശേഷം ഇതു വായിക്കുക . Search in youtube)
ഓർക്കുന്നു ഞാനോ തീർത്ഥ യാത്രയാമിജ്‌ജീവിത
യാത്രയിലുടനീളം, എത്രയോ മധുരമായ്.
പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ
ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു.
ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക-
ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?
പണ്ടിരു പൂമ്പാറ്റകൾ ഇളകിക്കളിച്ചൊരാ
ചെമ്പകച്ചെറുമരച്ചോട്ടിലെ കളിവീട്ടിൽ
വാക പൂത്തുലഞ്ഞൊരാ പാതയോരത്തിൽ, സർഗ്ഗ
പാദുകമണിഞ്ഞെത്തും ഭൃംഗങ്ങൾ ലസിക്കുന്ന
വാസന്ത വനികളിൽ, ശാദ്വല തീരങ്ങളിൽ,
വാസരക്കിനാവുകൾ പങ്കിട്ട മധ്യാഹ്നത്തിൽ…
യാത്ര പോകാറുണ്ടു ഞാൻ, മാനസ രഥമേറി
മാത്രയിൽ, സ്മരണതൻ മാധവമണയുമ്പോൾ.
എന്തു നീ നീട്ടീല, വിടർത്തിയ കരങ്ങളീ
ബന്ധുര വനജ്യോത്സ്ന പടരാൻ കൊതിച്ചപ്പോൾ?
എന്തു നീ ക്ഷണിച്ചീല നീഡത്തിനിളം ചൂടിൽ
സ്വന്തമാക്കുവാൻ മാത്രം എത്രമേൽ കൊതിച്ചപ്പോൾ?
എന്തു നീ പറഞ്ഞീല ഹൃത്തിലെ വികാരങ്ങൾ
സന്തതം കേൾക്കാൻ മാത്രം കാതുകൾ കൊതിച്ചപ്പോൾ?
എന്തു നീ നിസ്സംഗനായ് കേവല നിരാലംബ
സന്താപ ഭരിതമായെന്നകം പിടഞ്ഞപ്പോൾ?
… എങ്കിലും മറക്കാനാവില്ല നീ വരച്ചിട്ട
തങ്ക രേഖകളുള്ളിൽ മായാതെ കിടക്കുമ്പോൾ.
… എങ്കിലും മറക്കുവാനാകില്ല നീ മീട്ടിയ
സുന്ദര രാഗങ്ങളീ മേനിയിലൊഴുകുമ്പോൾ.
യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".
ഓർമ്മകൾ - ഗതകാല മൗക്തികമണിയാതെ
പൂർണ്ണമാകുമോ എന്നും കാലത്തിൻ കളേബരം?
ഓർമ്മതൻ സൗഗന്ധിക സൂനങ്ങൾ വിടരാത്ത
വാടികൾ വെറു മൊരു വന്ധ്യമാം മണൽപ്പുറം.
മുറ്റത്തു കുസൃതിക്കുരുന്നുകൾ കളിക്കുന്നു
മറ്റൊരു മാകന്ദമിച്ചാരത്തു മരുവുന്നു.
അന്നു നീ മറന്നൊരാ മല്ലിക ലർവാടി
ഇന്നിതാ പുഷ്പിച്ചാകെ സൗരഭം പരത്തുന്നു.
ഭാസുര സമൃദ്ധമിജ്ജീവിത മെന്നാകിലും
ഭാരങ്ങളിറക്കുവാൻ അത്താണി ഉണ്ടെന്നാലും,
വേർപ്പു തുള്ളി പോലുള്ളിൽ പൊടിയും സ്മരണകൾ
വീർപ്പു മുട്ടലിന്നുഷ്ണ ധാരകളുതിർക്കുന്നു.
യാമങ്ങൾ തിഥികളായ് വർഷങ്ങളായെങ്കിലും
ജീവിതം സമാന്തര രേഖകളായെന്നാലും
താവക മിഴി ക്കോണിൽ തുളുമ്പും തീർഥത്തിന്റെ
സ്നാനഘട്ടത്തിലീറൻ മാറുവാൻ കൊതിപ്പൂ ഞാൻ.
വാക്കുകൾക്കതീതമീ മൗനത്തിൻ മണിയറ
ഓർക്കുവാൻ കരുതിയ പിഞ്ഛികാഗ്രത്താൽ ധന്യം.
യാത്രയിൽ കരുതിയ പാഥേയം സ്മരണകൾ,
പാത്രത്തിൽ മറ്റൊന്നില്ല, ശൂന്യമീ മനോമയം.
മാത്രകൾ ഋതുക്കളായ് മുന്നോട്ടു കുതിക്കുമ്പോൾ
രാത്രികൾ മന്ത്രിക്കുന്നു "ഓർക്കുക വല്ലപ്പോഴും".
ഓർക്കുവാൻ കഴിയാതിരിക്കുവാൻ കഴിയില്ല
കാറ്റു വന്നുണർത്തുന്നു, ഓർക്കുന്നു നിരന്തരം.
----------------20.08.2017