മരവിച്ച വിളക്കു കാൽ.
ചുവട്ടിൽ ഇടറി വീഴുന്ന പീത വർണ്ണം.
നിഴലിനു മുകളിൽ ഇഴയുന്ന നിഴലുകൾ.
കുപ്പായങ്ങളുടെ അടരുകളിലൂടെ അരിച്ചെത്തുന്ന ശൈത്യം.
കാറ്റിനു ലഹരിയുടെ ഗന്ധം.
ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും
ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.
ചുവന്ന നിറം ചാർത്തിയ ശകടങ്ങൾ.
ആലിംഗനം ചെയ്തു യാത്ര പിരിയുന്നവർ.
മൂകരായി ബസിറങ്ങുന്നവർ.
ഒന്നുകൂടി പുകയെടുത്തിട്ട് കയറുന്ന മറ്റൊരാൾ.
വശ്യമായി ചിരിച്ചു കടന്നു പോകുന്ന പെൺകുട്ടി.
ഒരിക്കലും വരാത്ത ബസിനായി കാത്തിരിക്കുന്ന ഒരു യാത്രക്കാരൻ.
ഇവിടം മറ്റൊരിടം പോലെ മാത്രം.
അപരിചിതത്വത്തിന്റെ സൗകര്യമുളള ഏതോ ഒരിടം.
പണ്ടൊരശ്വത്ഥം* പോലും തളിർത്തതു നിൻ ശിലാ- ഖണ്ഡങ്ങളൊരുക്കിയ ഗേഹത്തിൽ നിന്നാണല്ലോ! ഇന്നു ഞാൻ തിരയുന്നു പേടിച്ചു വിറപൂണ്ടൊ- രുണ്ണിതൻ കാൽപ്പാടുകൾ പതിഞ്ഞ പലകകൾ. മാത്രകൾ പിറകോട്ടു യാത്രയാകുമ്പോൾ മുന്നിൽ മൂർത്തമായ് തെളിയുന്നു വിസ്‌മൃതനിമേഷങ്ങൾ കാറ്റു വീശുന്നു, യക്ഷിപ്പാല പൂത്തുലയുന്നു** തോറ്റമായെത്തിടുന്നു ദാവണിക്കിനാവുകൾ***
വിദ്രുമസന്ധ്യാമ്പരരാഗലേപം നീ തൊട്ടു നെറ്റിയിലണിഞ്ഞന്നു സേതുവിലുലാത്തവേ മുഗ്‌ദ്ധകാമനയുടെ ചിറ്റോളമുകുളങ്ങൾ ചുറ്റിലും വിരിഞ്ഞിഷ്ടഗന്ധങ്ങളണഞ്ഞെന്നിൽ. അന്നൊരു സായന്തന സുന്ദരലഹരിയിൽ നിന്നെ നേടുവാൻ പാലം കടന്നു വന്നേൻ സഖീ. നീട്ടിയെൻ കരങ്ങളിൽ പുളകം വിതച്ചു നീ നീട്ടിയ കരാംഗുലിസ്പർശനവസന്തങ്ങൾ. സാക്ഷിയായ് പാലം, രമ്യതീരങ്ങളുണർന്നല്ലോ തീക്ഷ്ണാനുരാഗത്തിന്റെ ഓളങ്ങളുഴിഞ്ഞപ്പോൾ. ഉന്നതകമാനങ്ങൾക്കരികിൽ കരംകോർത്തു പിന്നെ നാം നിരന്തരം നടന്നീ വഴികളിൽ.
പിഞ്ചു കൈവിരലുകൾ കവർന്നു നടന്നു നാം സഞ്ചിതവേഗത്തോടെ കാലം കുതിച്ചീടവേ പിന്നെ സൗഹൃദത്തിന്റെ പാലങ്ങൾ പണിഞ്ഞേറെ- ക്കണ്ണുനീർക്കയങ്ങൾക്കു കുറുകെ നിരന്തരം.
എത്ര ജീവനമൊഴുകിക്കടന്നുപോയ്, മീതെ എത്ര കാലടിപ്പാടിൻ ചിത്രങ്ങൾ പതിഞ്ഞുപോയ്, എത്ര നീരദപാളികൾ വർഷഹാരം ചാർത്തി, എത്ര കപോതമിഥുനങ്ങൾ ചേക്കേറി രാവിൽ! സ്പർദ്ധതൻ, വൈരാഗ്യത്തിൻ മാലിന്യക്കിടങ്ങുകൾ വ്യർത്ഥമായൊഴുകിപ്പോം വെറുപ്പിൻ തടിനികൾ, എത്രയോ കണ്ടു നമ്മൾ തപ്തരായെത്തി വീണ്ടും എത്രമേലറിയുമീ സൗഹൃദപുളിനത്തിൽ. വിണ്ടുകീറിയപാളം, നീണ്ട കണ്ണികൾ, താഴെ തണ്ടുലഞ്ഞൊഴുകുന്ന കാമിനി കല്ലോലിനി. ഒട്ടുമേ അറിയാത്ത ദേവഗംഗയെക്കാളും തൊട്ടുഴിഞ്ഞൊഴുകും നീ എത്രയും മനസ്വിനി.
------- * പാലത്തിന്റെ ഒരു കമാനത്തിനു മുകളിൽ ചെറിയ ഒരു ആൽ വൃക്ഷം കുറെ നാൾ ഉണ്ടായിരുന്നു. ** പാലത്തോടു ചേർന്നു, KSRTC ഗാരേജിനരികിൽ സന്ധ്യകളിൽ സുഗന്ധം വിതറിയിരുന്ന ഏഴിലംപാല. *** ദേവീക്ഷേത്രത്തിലെ തോറ്റംപാട്ട്
റേഡിയോ പാടുന്നു
ജനാലയ്ക്കപ്പുറം മഞ്ഞു പെയ്യുന്നു
നിരത്തിലൂടെ വാഹനങ്ങൾ നിരങ്ങുന്നു.
ഇവിടെ ഏകാന്തതയിൽ
ഞാനാരെയോ കാത്തിരിക്കുന്നു.
പഴുതുകളിലൂടെ പക അരിച്ചെത്തുന്നു
ശൈത്യമായി അതെല്ലിലേക്കു കുടിയേറുന്നു
കൊച്ചു കൊച്ചു ശരികൾ കൊണ്ടു വലിയ തെറ്റുണ്ടാക്കുന്നതാരോ?
മുറിഞ്ഞു പോയ ശിഖരമായി
ഞാനീ ഏകാന്തതയിൽ
ആരെയോ കാത്തിരിക്കുന്നു.
നെരിപ്പോടണയുന്നു
ചില്ലുകൾ തണുത്തുടയുന്നു
പകയുടെ അമൂർത്ത രൂപങ്ങൾ ജനാലയിൽ മുട്ടുന്നു
വെളുത്ത പല്ലുകാട്ടി അവ ചിരിക്കുന്നു
എറിയാൻ കല്ലു തരുന്നു.
ഒരു മുഷിഞ്ഞ കടലാസായി
ഞാനാരെയോ കാത്തിരിക്കുന്നു.
-------------
10.08.2018
എത്ര മേഘച്ചാർത്തു കുടപിടി -
ച്ചെത്ര ചാമരം വീശീ മാമരം
എത്ര മന്ദാരങ്ങൾ, നിശാഗന്ധി
എത്ര മുക്കുറ്റി പൂവിടർത്തിയും
എത്ര കോകില ഗാനനിർഝരി
എത്ര പൂർണേന്ദുവിൻ നിലാവൊളി
എത്ര അമാവാസി നക്ഷത്രങ്ങൾ
എത്ര സിന്ദൂര സന്ധ്യാമ്പരം
എത്രയോ ആറിയപ്പെടാത്തവർ.
എത്ര സർഗ്ഗപാണികളദൃശ്യമായ്
സ്വച്ഛ രഥ്യകളൊരുക്കുന്നു
ദുഷ്കരമനന്ത ചലനങ്ങളി-
ലെത്ര പാണികൾ താങ്ങീടുന്നു.
സ്വപ്നത്തിൽ വിരിഞ്ഞൊരു ഹിമവൽ ശൃംഗങ്ങളിൽ
മറ്റൊരു മന്ദാകിനി നിസ്ത്രപം പിറക്കുന്നു,
മുഗ്ദ്ധമിക്കല്ലോല മുകുളങ്ങൾ കരം കൂപ്പി
എത്ര ചൊല്ലീടേണ്ടു കൃതജ്ഞത നിശ്ശബ്ദമായ്!
----------
29.05.2018
എന്നുമുള്ള കാഴ്ചയാണ്, കുട്ടികളെ റോഡു മുറിച്ചു കടക്കാൻ സഹായിക്കുന്ന സ്ത്രീ. എങ്കിലും ഒരിക്കൽ, അപകടത്തിലേക്കു കാൽ വച്ച കുട്ടിയെ വ്യഗ്രതയോടെ ഒരമ്മയെപ്പോലെ അവർ തടയുന്നതു കണ്ടു. ആരോടൊക്കെയാണ് നാം കടപ്പെട്ടിരിക്കുന്നത്?