പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
"പൂഞ്ചിലെ" സ്വന്തം വീട്ടിൽ വെടിയുണ്ട ഏറ്റു മരിച്ച നിന്റെ മുത്തശ്ശിയെക്കുറിച്ചു നീ പറഞ്ഞു.
വിദേശത്തു നിന്നും തിരികെ വന്നു ഭയന്നു ജീവിക്കുന്ന
അമ്മാവനെപ്പറ്റി നീ പറഞ്ഞു.
അമ്മവീടു കാണാൻ പോയ നിന്റെ സാഹസിക യാത്രയെപ്പറ്റി പറഞ്ഞു.
തലയെടുപ്പുള്ള മലനിരകളും,
തണുപ്പു വീണ താഴ് വാരങ്ങളും,
എവിടെയൊക്കെയോ പതിയിരിക്കുന്ന ആപത്തുകളും നിറഞ്ഞ
ഭൂമിയിലെ സ്വർഗ്ഗത്തെപ്പറ്റി നീ പറഞ്ഞു.
മൂളി ക്കേൾക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നൊള്ളു.
ആരെയും പോലെ എന്റെ ജനനത്തിൽ എനിക്കൊരു പങ്കുമില്ലായിരുന്നു.
അതു കൊണ്ടു മാത്രം ആരോ തീരുമാനിച്ച അതിരിനപ്പുറമുള്ള നീ എന്റെ ശത്രു വാകുന്നതെങ്ങനെ?
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
നിന്റെ ദൈവത്തെപ്പോലെ എന്റെ ദൈവവും യുദ്ധക്കൊതിയനാണ്.
പ്രാർത്ഥിച്ചിട്ടു തന്നെയാണ് അവർ യുദ്ധത്തിനു പോയത്.
പ്രാർത്ഥിക്കുമ്പോഴായിരുന്നല്ലോ നിന്റെ മുത്തശ്ശിക്കു വെടിയേറ്റത്.
"ആരുടെ തോക്കിൽ നിന്ന് " എന്നു ഞാൻ ചോദിച്ചില്ല.
തോക്കിനു അപ്പുറം ആരായിരുന്നെങ്കിലും
ഇപ്പുറം നമ്മുടെ മുത്തശ്ശി ആയിരുന്നല്ലോ!
നിനക്കു ദു:ഖവും അമർഷവും ഉണ്ടെന്നറിയാം.
പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
എങ്കിലും അതെനിക്കു ആവർത്തിക്കേണ്ടിയിരിക്കുന്നു.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
------------------
28.02.2019