കൈയെത്തും ദൂരെ നിന്നും
തെന്നിയകന്നു പോകുന്ന
ചുവന്ന വെളിച്ചത്തിൽ
പ്ലാറ്റുഫോം 97.
സമർപ്പിക്കേണ്ട അവസാന ദിനം പോലെ
പിടി തരാതെ
അകന്നു പോകുന്ന തീവണ്ടി.
ചിലപ്പോൾ രതിയുടെ ചുവപ്പു നിറം പൂശി
മറ്റു ചിലപ്പോൾ മരണത്തിന്റെ കറുത്ത നിറം പൂശി
തോട്ടിലെ വരാലുപോലെ
വഴുതിപ്പോകുന്ന തീവണ്ടി.
ഇനിയെന്ത്?
മഴ പെയ്താലും ഇല്ലങ്കിലും,
അതു ചിത്രമാക്കി
ചുവരിൽ തൂക്കുന്ന ഗാലറിയിലേക്ക്.
ചിത്രത്തിലെ തീന്മേശയിൽ നിന്നും
മൊരിച്ചെടുത്ത റൊട്ടി,
പഴക്കൂടയിൽ നിന്നും ആപ്പിൾ,
പിന്നെ
ലാൻഡ് സ്കേപ്പിലെ അരുവിയിൽ നിന്നും
അൽപ്പം വെള്ളം,
പതിനെട്ടാം നൂറ്റാണ്ടിലെ
എണ്ണച്ചിത്രത്തിലെ മരക്കുരിശിൽ
അല്ലെങ്കിൽ
അപ്പോൾ കമിതാക്കളുപേക്ഷിച്ച ചുളിഞ്ഞ മെത്തയിൽ
ചെറിയ മയക്കം.
പുലരിയിലുടെ മഞ്ഞ വരകളിലൂടെ
വീണ്ടും
പ്ലാറ്റുഫോം 97 ലേക്ക്.
---------------
18.02.2019