പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"
താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"
കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?"
കിതച്ചെത്തിയ ഒരു തീവണ്ടി ചോദിച്ചു
"കൊല്ലത്തിൽ എല്ലാ ദിനവും
കൊല്ലത്തു നിന്നും തുടങ്ങി
കൊല്ലത്തു വന്നവസാനിക്കുന്നതിൽ
എന്താണൊരു ത്രില്ല് ?"
അവളുടെ ലോകം
കൊല്ലത്തു തുടങ്ങി
മധുരയിൽ അവസാനിക്കുന്നു.
ഒരിടവേളയ്ക്കു ശേഷം മധുരയിൽ തുടങ്ങി
കൊല്ലത്തവസാനിക്കുന്നു.
കാഞ്ചീപുരം അവൾക്കകലെയായിരുന്നു.
വാരണാസി എന്നും ഒരു സ്വപ്നമായിരുന്നു.
നിസാമുദീൻ ഒരു കേട്ടുകേഴ്വിയും.
ഒരിക്കലെങ്കിലും ഓടിയെത്തുമ്പോൾ
ഇരുമ്പു പാളങ്ങൾ ഒന്നിക്കുമെന്നവൾ കരുതി.
സമാന്തരങ്ങൾ ഒരുമിക്കുമെന്നു
ഓരോ യാത്രയിലും അവൾക്കുറപ്പുകിട്ടിയിരുന്നു.
ഹതാശരായി ഓടാൻ മാത്രം വിധിക്കപ്പെട്ട തീവണ്ടികൾ!
കിതച്ചു, പൊടിയേന്തി, വിതുമ്പി, കരിപിടിച്ച
എത്രയോ യാത്രകൾ!
അവരുടെ സ്വപ്നങ്ങളിൽ പാളങ്ങളില്ലാത്ത
സമതലങ്ങൾ ഉണ്ടായിരുന്നു.
ഇരുമ്പു പാളങ്ങളുടെ പ്രത്യക്ഷ നിയന്ത്രണങ്ങളും,
ടൈം ടേബിൾ ഗ്രന്ഥങ്ങളുടെ അദൃശ്യ നിയന്ത്രണങ്ങളും
ഇല്ലാത്ത ഒരു സമലോകം ഉണ്ടായിരുന്നു.
സമയം തെറ്റി ഓടുന്ന ഗാന്ധിദം എക്സ് പ്രസ്സുകൾ,
ഇഷ്ടമില്ലാത്തവരുമായി ഓടുന്ന കണ്ണൂർ എക്സ് പ്രസ്സുകൾ,
ആർക്കോ വേണ്ടി പൊങ്ങച്ചം കാട്ടാൻ വിധിക്കപ്പെട്ട
രാജധാനി എക്സ് പ്രസ്സുകൾ,
ഒരിക്കലെങ്കിലും കാലിയായി യാത്ര ചെയ്യാൻ കഴിയാത്ത
പാവം തീവണ്ടികൾ.
കാലത്തിനൊപ്പമെത്താനുള്ള നിരന്തരമായ
പരക്കം പാച്ചിലുകൾ...
തീവണ്ടികൾ സമരത്തിലാണ്...
നാളെ അവർ ഇരുമ്പു പാളങ്ങളിൽ നിന്നും പുറത്തുവരും.
അന്നവർ ഇഷ്ടമുള്ള ഇടങ്ങളിൽ
തനിയെ യാത്ര ചെയ്യും.
ആരെയും ഭയക്കാതെ,
അല്പം ധിക്കാരമായിട്ടു തന്നെ!
-------------------
16.04.2019
(നീണ്ട കവിതകൾ ഞാനും വായിക്കില്ല. എന്നുകരുതി എഴുതാതിരിക്കാൻ കഴിയില്ലല്ലോ! തുടർച്ചയായ ആഭ്യന്തര കലാപത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോ, ദുരിതത്തിലേക്കു കൂപ്പുകുത്തി. ഭൂരിപക്ഷം പട്ടിണിയിൽ ആണെങ്കിലും സമ്പന്ന ഭവനങ്ങളിലെ ചരമങ്ങൾക്കു വിലപിക്കാൻ സ്ത്രീകളെ കൂലിക്കെടുക്കുന്നു. ഈ ഒരു പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ്. കൂലിയ്ക്കു വിലപിക്കുന്ന സുന്ദരി ഒരിക്കൽ തന്റെ ഗ്രാമത്തിൽ വച്ച് അപരിചിതനായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. അവളുടെ മനസ്സു കവർന്നുകൊണ്ടാണ് അവൻ അന്നു പോയത്. അടുത്ത ദിവസം ശവത്തിനു മുന്നിൽ വിലപിക്കാൻ പോയ അവൾക്ക് എന്തു സംഭവിച്ചു?)
ഇന്നും പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ
പോയവർക്കായിട്ടൊരുക്കും വിലാപത്തി-
ലാമോദമോടവൾ പങ്കുചേരും.
കാലം കഴിഞ്ഞ കളേബരത്തിന്നപ-
ദാനങ്ങൾ ചൊല്ലി ക്കരഞ്ഞീടുകിൽ
കൂലി അന്തിക്കു ലഭിക്കും, അതുകൊണ്ടു
പാതയോരത്തെ കുടിൽ പുകയും.
കാതരയാണവൾ, ഏകാവലംബമ-
ക്കൂരയിൽ പാർക്കും വയോധികർക്കും
കൂടപ്പിറപ്പായ കാലിച്ചെറുക്കനും,
കോലമായ് മാറിയ മാർജാരനും.
പണ്ടൊരു നാളിൽ, സമൃദ്ധിതൻ തീരത്തു
ചെമ്പനീർ പൂക്കൾ വിരിഞ്ഞ നാളിൽ,
വന്നു ഭവിച്ചോരശിനിപാതം പോക്കി
എല്ലാ സുരക്ഷയും ഗ്രാമങ്ങളിൽ.
സ്വാർഥ മോഹങ്ങൾക്കു കൂട്ടായിരിക്കുവാൻ
രാജ്യാഭിമാനം ഹനിച്ചീടുവോർ,
രാഷ്ട്ര വിധ്വംസനം ചെയ്തു സമ്പത്തിന്റെ
ശാശ്വത ഗേഹം പണിഞ്ഞിടുവോർ,
രാഷ്ട്രീയമെന്തെന്നറിയാത്തവർ, കക്ഷി
രാഷ്ട്രീയ ചേരിപ്പടയാളികൾ,
തീർത്തോരരക്ഷിത ദേശത്തിൽ നിത്യവും
കൂട്ടക്കുരുതിയും, പോർവിളിയും.
കർഷകരില്ലാനിലങ്ങൾ, ഉപേക്ഷിച്ച
നർത്തനശാലകൾ, ഫാക്ടറികൾ,
നട്ടം തിരിക്കും കവർച്ചകൾ, മാഫിയ
തട്ടിപ്പറിക്കും സ്വകാര്യതയും.
ചേരിതിരിഞ്ഞൊരാഭ്യന്തരയുദ്ധത്തിൽ
ചേരിയായ് മാറി ഗ്രാമാന്തരങ്ങൾ.
പട്ടിണി കൊണ്ടു പൊരിഞ്ഞീടവെ വയർ
കത്തിപ്പുകഞ്ഞുടൽ വാടിയനാൾ
കിട്ടിയവൾക്കൊരു ലാവണം, ഭാഗ്യമോ,
നിത്യം കരഞ്ഞിടാൻ ചാവുകളിൽ.
ദുഃഖം വിലയിട്ടെടുക്കും ധനാഢ്യർതൻ
സ്വപ്ന സമാനമാം സൗധങ്ങളിൽ
പട്ടിൽ പൊതിഞ്ഞു കിടത്തുന്നറിയാത്ത
നിശ്ചേഷ്ട ദേഹത്തെ നോക്കി നോക്കി
ഒട്ടും മടിക്കാതെ കേഴും, കരയുവാൻ
എത്രയോ കാരണം ഉണ്ടവൾക്ക്.
ജീവിച്ചിരിക്കെ പരിഗണിക്കപ്പെടാ
തൂഴിയിൽ സർവ്വം സഹിച്ചെങ്കിലും
പോയിക്കഴിഞ്ഞാലൊരുക്കും ചടങ്ങിനു
പോയിക്കരഞ്ഞവൾ മോദമോടെ.
ദുഷ്ടനെ സൽഗുണ സമ്പന്നനാക്കിടും
ലുബ്ധനെ ശിഷ്ടനായ് വാഴ്ത്തുമവൾ
ഇല്ലാ മഹത്വങ്ങൾ എണ്ണിപ്പറഞ്ഞിടും
പൊള്ള വചനങ്ങളർപ്പിച്ചിടും.
ഇന്നലെ സന്ധ്യക്കു പോകും വഴിക്കവൾ
കണ്ടു കവലയ്ക്കരികിലായി,
കോമള ഗാത്രനൊരുവൻ വഴി തെറ്റി
ദാഹ നീരിന്നു വലഞ്ഞിടുന്നു.
മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.
പാതിരാവായിക്കഴിഞ്ഞിട്ടുമോമലാൾ-
ക്കായില്ലുറങ്ങാൻ കഴിഞ്ഞതില്ല.
ആരെറിഞ്ഞീ മലർ ചെണ്ടു നിൻ മാനസ
നീല സരസ്സിന്റെ ആഴങ്ങളിൽ?
പ്രേമാഭിലാഷത്തിനോമൽ തരംഗങ്ങൾ
ഓളങ്ങൾ നിന്നെ പ്പൊതിഞ്ഞിടുമ്പോൾ
പേരറിയാത്തൊരു നൊമ്പരത്തിൻ മുഗ്ധ
ഭാവ ലയത്തിൽ മറന്നു പോയി.
ആരോ കിനാവിലെ രാജ മാർഗ്ഗങ്ങളിൽ
തേരു തെളിച്ചു കടന്നു പോയി?
ഇന്നും പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ.
തോഴികൾ വാവിട്ടു കേഴുന്നു, കാണികൾ
കേഴാതിരിക്കുവാൻ പാടുപെട്ടു.
ആദ്യമായായന്നവൾ കേഴുവാനാവാതെ
ആത്മഹർഷത്തിൽ കുരുങ്ങി നിന്നു.
ഉള്ളിൽ രമിക്കുമനുരാഗവീചികൾ
ചെല്ലച്ചെറു മന്ദഹാസമായി
മെല്ലെ പുറപ്പെട്ടു പോകവേ തോഴികൾ
തെല്ലമ്പരപ്പോടെ നോക്കിയപ്പോൾ,
ചുറ്റു മിരുന്നവർ, പൊട്ടിക്കരഞ്ഞവർ
ഇറ്റു കോപത്തോടെ നോക്കിയപ്പോൾ,
പട്ടിൽ പൊതിഞ്ഞു കിടത്തിയ ദാനവൻ
പെട്ടെന്നിമകൾ തുറന്നു നോക്കി!
ഭൗതിക ശാസ്ത്ര പ്പരീക്ഷയാണിന്നെനി-
ക്കൊന്നാമതെത്തണമല്ലോ.
കാണാ പഠിച്ചതും, കണ്ടെഴുതേണ്ടതും
കാഴ്ച വയ് ക്കേണമിന്നെല്ലാം.
പ്രാപഞ്ചികത്തിന്റെ ബാലപാഠങ്ങളിൽ
മുങ്ങി ക്കുളിച്ചു ഞാൻ മുന്നേ.
കാന്തിക-വൈദുത ബന്ധങ്ങൾ, വേഗത
ശബ്ദം, വെളിച്ചം, പ്രവേഗം,
ഒക്കെയും കാണാ പഠിച്ചു, ബലത്തിന്റെ
തത്വമെന്തെന്നും പഠിച്ചു.
ഊർജാവതാരങ്ങൾ എത്രയുണ്ടെങ്കിലും
ഒന്നാണതെന്നും പഠിച്ചു.
ക്വാണ്ടാം ഫിസിക്സ് എടുത്തമ്മാനമാടിഞാൻ
കാണാ തരംഗ മറിഞ്ഞു.
ദ്രവ്യവും, ഊർജവും ചങ്ങാതി മാരെന്നു
സാക്ഷ്യം പറഞ്ഞു ഞാൻ നിന്നു.
ന്യൂട്ടനെ, ഫ്രാങ്ക്‌ളിനെ, ഹോക്കിങ്ങിനെ, പിന്നെ
ചാൾസ് ബബേജങ്കിളെപ്പോലും,
ഹൃത്തിൽ നമിച്ചു പരീക്ഷയ്ക്കിറങ്ങവേ
ഇറ്റു ഭയത്തിൽ ഞാനാണ്ടു.
പിന്നോട്ടു നോക്കാതെ, പിൻവിളി കേൾക്കാതെ
നൽക്കണി കാണാൻ കൊതിച്ചു.
ഒക്കെ പരിഹരിക്കാനായി ഞാൻ രണ്ടു
കത്തും മെഴുതിരി നേർന്നു.
ഏതോ പുരാണം ഖബറിടത്തിൽ രണ്ടു
സൈക്കിൾ അഗർബത്തി നേർന്നു.
രാഹുകാലം കഴിഞ്ഞേറെ വൈകാതെ ഞാൻ
രാശികൾ നോക്കിനടന്നു.
എല്ലാം ശുഭത്തിൽ കലാശിക്കുവാൻ ശിരോ
മുണ്ഡനം ഞാനങ്ങു നേർന്നു.
തെല്ലു സമാധാനമായി, സിദ്ധാന്തങ്ങൾ
മുറ്റുമാവർത്തിച്ചു, പക്ഷെ.
പൂച്ച നിരത്തിൽ കുറുക്കു നടക്കുന്നു
ഷ്രോഡിങ്കറെ, നിന്റെ പൂച്ച!
വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി
വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്,
പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ്
പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല.
തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ
പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല.
മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു
മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു.
------------
16.03.2019
*ഹോമോ സെപിയൻസ് ഇവോൾവ് ചെയ്തു ഹോമോ പ്ലാസ്റ്റിയൻസ് ഉണ്ടാകുന്ന ഭാവി സന്ദർഭമാണ് പ്രമേയം.
പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
"പൂഞ്ചിലെ" സ്വന്തം വീട്ടിൽ വെടിയുണ്ട ഏറ്റു മരിച്ച നിന്റെ മുത്തശ്ശിയെക്കുറിച്ചു നീ പറഞ്ഞു.
വിദേശത്തു നിന്നും തിരികെ വന്നു ഭയന്നു ജീവിക്കുന്ന
അമ്മാവനെപ്പറ്റി നീ പറഞ്ഞു.
അമ്മവീടു കാണാൻ പോയ നിന്റെ സാഹസിക യാത്രയെപ്പറ്റി പറഞ്ഞു.
തലയെടുപ്പുള്ള മലനിരകളും,
തണുപ്പു വീണ താഴ് വാരങ്ങളും,
എവിടെയൊക്കെയോ പതിയിരിക്കുന്ന ആപത്തുകളും നിറഞ്ഞ
ഭൂമിയിലെ സ്വർഗ്ഗത്തെപ്പറ്റി നീ പറഞ്ഞു.
മൂളി ക്കേൾക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നൊള്ളു.
ആരെയും പോലെ എന്റെ ജനനത്തിൽ എനിക്കൊരു പങ്കുമില്ലായിരുന്നു.
അതു കൊണ്ടു മാത്രം ആരോ തീരുമാനിച്ച അതിരിനപ്പുറമുള്ള നീ എന്റെ ശത്രു വാകുന്നതെങ്ങനെ?
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
നിന്റെ ദൈവത്തെപ്പോലെ എന്റെ ദൈവവും യുദ്ധക്കൊതിയനാണ്.
പ്രാർത്ഥിച്ചിട്ടു തന്നെയാണ് അവർ യുദ്ധത്തിനു പോയത്.
പ്രാർത്ഥിക്കുമ്പോഴായിരുന്നല്ലോ നിന്റെ മുത്തശ്ശിക്കു വെടിയേറ്റത്.
"ആരുടെ തോക്കിൽ നിന്ന് " എന്നു ഞാൻ ചോദിച്ചില്ല.
തോക്കിനു അപ്പുറം ആരായിരുന്നെങ്കിലും
ഇപ്പുറം നമ്മുടെ മുത്തശ്ശി ആയിരുന്നല്ലോ!
നിനക്കു ദു:ഖവും അമർഷവും ഉണ്ടെന്നറിയാം.
പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
എങ്കിലും അതെനിക്കു ആവർത്തിക്കേണ്ടിയിരിക്കുന്നു.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
------------------
28.02.2019
വണ്ടിക്കു കല്ലെറിയുമ്പോൾ
ചില്ലിൽ മാത്രം എറിയുക.
കൊള്ളുമ്പോൾ മാത്രം കിട്ടുന്ന
ശ്രവണ സുഖം നുകരുക.
നാണിച്ചു വീഴുന്ന വജ്രക്കല്ലുകളിൽ
ഒരു കാമുകനെപ്പോലെ നോക്കുക.
ശ്യാമ മാർഗ്ഗത്തിൽ കാത്തു കിടക്കുന്ന
ചില്ലുകളിൽ നിണ ശോണിമ പകരുക.
ഉയരുന്ന ആർത്തനാദങ്ങളിൽ
ഒരു യതിയെപ്പോലെ നിസ്സംഗനാവുക.
ചൂണ്ടു വിരലുകൾക്കു മുന്നിൽ
തല ഉയർത്തി നടക്കുക.
കാറ്റു കയറിയിറങ്ങുന്ന ജാലകത്തിൽ
അലസമായി തിരിഞ്ഞു നോക്കുക.
നര വരും കാലത്തുള്ളിൽ കുരുക്കുന്ന
കാട്ടകാരയെ കണ്ടില്ലെന്നു നടിക്കുക.
സ്വസ്ഥമായി ഉറങ്ങുന്നു എന്നു നടിക്കുക.
അസ്വസ്ഥമായ സ്വപ്നങ്ങളിൽ
ആകുലപ്പെടാതിരിക്കുക.