മതമായിരുന്നു വിഭജനത്തിനു കാരണം. അധിനിവേശ കാലം മുതൽ മതത്തിന്റെ പേരിൽ കൊന്നു കൂട്ടിയ മനുഷ്യലക്ഷങ്ങളുടെ ശവ കുടീരങ്ങൾ ഒരബദ്ധം പോലെ വളർന്നുവരികയാണ്. മതത്തിനുത്തരം മതമല്ല. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം മതമാണോ?
അപ്പോൾ നമുക്കിന്ത്യയഖണ്ഡമാക്കാം
പക്ഷങ്ങൾ ഛേദിച്ച മതം മറക്കാം
ശാസ്ത്രാഞ്ജന ചർച്ചിത ലോചനത്താൽ
നോക്കാം വിഭാതാംശു വിരിഞ്ഞ ഭൂവിൽ.
മുറിച്ച പാർശ്വാംഗയുഗങ്ങൾ വീണ്ടും
തിരിച്ചുചേർക്കാം മുറിവേറ്റ മെയ്യിൽ
അഖണ്ഡഗാത്രത്തിലജയ്യയായി
ചിരം ചരിക്കട്ടെ നവബ്രഹ്മപുത്ര.
പതഞ്ഞുപോകും ഹിമസിന്ധു വീണ്ടും
പറഞ്ഞിടട്ടെ 'കാർഷിക ഭൂവൊരിന്ത്യ;
മതാന്ധമർത്യന്നു വിഴുപ്പു തൂകാൻ
മണൽത്തരിക്കൊപ്പമിടമില്ല മേലിൽ'.
തിരിഞ്ഞു നോക്കേണ്ട, യുഗങ്ങളായി
യവം തളിർത്തോരു വരണ്ട മണ്ണിൽ
നിണം ഭുജിച്ചാഭയെഴും കുടീരം
വളർന്നുപൊന്തുന്നൊരബദ്ധമായി.
മടിച്ചുനിൽക്കേണ്ട വരേണ്യഗംഗേ,
മനുഷ്യരുണ്ടീ രണഭൂവിൽ വീണ്ടും
'അഹിംസ'യെന്നോതി നിവർന്നു നിൽക്കാൻ,
മറക്കു, മന്ദാകിനിയാക വീണ്ടും.