Sunday, 29 March 2020

നിലാവു മാത്രം




എന്നെ സ്നേഹിച്ചിരുന്ന ഒരാൾ കൂടി കടന്നു പോയി.
സാരമില്ല
ഞാൻ സ്നേഹിക്കുന്നവർ  ധാരാളമുണ്ടല്ലോ!
കൊടുക്കൽ വാങ്ങലുകൾ,
ക്രയ വിക്രയങ്ങൾ,
എന്താണിതൊക്കെ?

നിലാവുപോലെ പടർന്നിറങ്ങുന്ന സ്നേഹം
അതിലലിഞ്ഞു ചേർന്ന ഒരു ബിന്ദു
പിന്നെ എവിടെയാണ് കൊടുക്കൽ വാങ്ങലുകൾ?
എവിടെയാണ് ക്രയവിക്രയങ്ങൾ?
ആരും കൊടുക്കുന്നില്ല
ആരും വാങ്ങുന്നുമില്ല
പോയവർ ഇവിടെത്തന്നെ ഉണ്ടല്ലോ
വരാനുള്ളവരും.

നിലാവിൽ അലിഞ്ഞു ചേർന്നാൽ
എവിടെയാണു കൊടുക്കൽ വാങ്ങലുകൾ?
ഉള്ളതു നിലാവു മാത്രം.

----------
29.03.2020

മരണാനന്തരം



മരണാനന്തരം *ലീ വെന്‍ലിയാങ്ങ് (Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റും
സൂര്യൻ പിന്നെയും കറങ്ങുന്നു."
അടുത്തിരുന്ന **ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
--------
*കൊറോണ വ്യാധി ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ. സത്യം പറഞ്ഞതിനു ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്തു. പിന്നീടു് മരിച്ചതായി അറിഞ്ഞു.
**Giordano Bruno- സത്യം പറഞ്ഞതിനു ചുട്ടെരിക്കപ്പെട്ടു.

----------
29.03.2020

Thursday, 19 March 2020

എവിടേയ്ക്കാണ് കാലത്തെ?



എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

ഇരുപത്തി അഞ്ചിൽ കയറി എവിടെയോ ഇറങ്ങി
അവിടെ നിന്ന് മറ്റൊന്നിൽ കയറി മറ്റെവിടെയോ!
ഒടുവിൽ, ചെരുപ്പിൽ ചെളിയുമായി
തുടങ്ങിയ പടിപ്പുരയിൽ...

വഴിയിൽ കണ്ട പൂവിനോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
പൂവ് തിരികെ ചോദിച്ചു
"ആരോടു ചോദിച്ചാൽ ഉത്തരം കിട്ടുമെന്നറിയാമോ?"

മഴയോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
മഴ പറഞ്ഞു 
"പുഴയോടു ചോദിച്ചറിയാം."
പുഴ പറഞ്ഞു
"കടലിനോടു ചോദിച്ചറിയാം."
കടൽ പറഞ്ഞു 
"ആകാശത്തോടു ചോദിച്ചറിയാം."
ആകാശം പറഞ്ഞു
"മഴയോടു ചോദിച്ചറിയാം."

ഉത്തരിക്കില്ലെന്നറിയാം, എങ്കിലും ചോദിച്ചു പോവുകയാണ്
'അറിയുമോ നിങ്ങൾ എവിടേയ്ക്കാണു പോകുന്നതെന്ന്?'

എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

----------
19.03.2020

കാറ്റടങ്ങുന്നില്ല



കാറ്റടങ്ങുന്നില്ല കടലടങ്ങുന്നില്ല,
കാണാ മറയത്തൊരേകാന്ത താരകം,
കേട്ടു മറന്നോരനുപല്ലവിക്കായി
കാതോർത്തിരിക്കുന്നുവോ സഖീ രാത്രിയിൽ?

ഏതോ വിദൂര നഗരത്തിലെ ഇളം
പാതിരാക്കാറ്റിൻ കുളിരിൽ നീ ഏകയായ്‌
വേപഥു ആറ്റിത്തണു പ്പിച്ചുവോ, നിന്റെ
മൂകാനുരാഗ വിരഹതാപം സഖീ?

ഏതോ പുരാതന വീഥിയിൽ നീ മറ്റൊ -
രാളായലഞ്ഞു മറഞ്ഞിടും നേരത്തു
ഏഴാഴിയും കടന്നെത്തും നെടുവീർപ്പിൽ
ഏതു ഗന്ധം നീ തിരിച്ചറിഞ്ഞീടുന്നു?

----------
19.03.2020

Tuesday, 10 March 2020

വിഡ്ഢിപ്പൂക്കളെയും


ഹേ തോട്ടക്കാരാ
എത്ര മനോഹരമാണ് നിന്റെ ഈ മലർവാടി!
ഊത, പീത, പാടലാഭയിൽ,
പിന്നയും അനേക വർണ്ണങ്ങളിൽ
ഭിന്ന രൂപങ്ങളിൽ,  ഭിന്ന പരിമാണങ്ങളിൽ
അസാമ്യ ഭാവങ്ങളിൽ,
എത്ര പുഷ്പങ്ങൾ!

വെളുത്ത പൂക്കൾ മാത്രമാണെണു മനോഹരമെന്ന്
ആരാണു പറഞ്ഞത്?
മധുവുള്ളതു മാത്രമാണുപയോഗമുള്ളതെന്ന്
ഇന്നലെ ആരോ പറഞ്ഞു.
പ്രഭാതത്തിലുണരുന്നതു മാത്രമാണുത്തമമെന്ന് 
ഇന്നും ആരൊക്കൊയോ കരുതുന്നു.

പിച്ചകത്തിനില്ലാത്തതെന്തോ മന്ദാരത്തിനുണ്ടല്ലോ!
മന്ദാരത്തിനില്ലാത്തതു ചെമ്പകത്തിനും,
എരിക്കിനും, അരളിക്കും, തകരയ്ക്കും
ചൊറിയണത്തിനുപോലുമുണ്ടല്ലോ!

വസന്തപഞ്ചമി കാത്തിരുന്ന കണ്ണുകൾക്കു
വിരുന്നൊരുക്കിയ തോട്ടക്കാരാ!
ഈ വൈവിധ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ
എത്ര വിരസമായേനെ നിന്റെ ഈ പൂവാടി!
എല്ലാവരും അറിയേണ്ടത് അറിഞ്ഞിരുന്നെങ്കിൽ,
എത്ര വിരസമായേനെ നിന്റെ ഈ പുഷ്പവാടി!
വിഡ്ഢിമലരുകളെയും നട്ടുവളർത്തുന്ന തോട്ടക്കാരാ
എന്തെ നീ ഗൂഢമായി ചിരിക്കുന്നത്?



-------------
20.02.2020


Wednesday, 19 February 2020

ഇടയിൽപ്പെട്ടവർ


തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.

മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.

ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്‌ക്രീനിൽ...)

-------------
19.02.2020

Saturday, 15 February 2020

ഇന്നലെയ്ക്കു ശേഷം



ഒരു കുഞ്ഞു പൂവിതൾ നൽകീല, മധുരമാ-
യൊരു വാക്കു പോലു മുരച്ചീല, സ്വപ്‌നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടു നിന്നില്ല,
പവിഴാധരത്തിൽ പകർന്നില്ല ചുംബനം.

"മധുരമത്തേൻമൊഴി"  എന്നു മൊഴിഞ്ഞില്ല,
മധുകരനായിപ്പറന്നീല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ  ചൊല്ലിയോ?

പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും, 
പ്രണയമാണിപ്പൊഴും, പൊയ്‌പ്പോയ രാവിലും,
പ്രണമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും. 

നിറയുന്ന പ്രേമസംഗീതമിത്തന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതു മറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ  വിരിയുന്ന വേളയിൽ. 

അരികിൽ നിൻ നൂപുരധ്വനി ഉണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെ  ഓർക്കുന്നു നീ?

ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ
പ്രണയകല്ലോലത്തിൽ നീന്തി ത്തുടിച്ചു ഞാൻ
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.

*ഇന്നലെ ഫെബ്രുവരി 14 ആയിരുന്നു.
----------
15.02.2020

Friday, 31 January 2020

യൂട്യൂബിലെ ആമ




വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ, 
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.

വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം,  മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.

(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)

----------------
30.01.2020

Friday, 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.



Thursday, 19 December 2019

ധാക്ക റെയിൽ



ഇതൊരു വിഷമ വൃത്തമാണ്
തുടങ്ങിയ ഇടത്തു തിരിച്ചെത്തുന്ന ധാക്ക  റെയിൽ പോലെ
അല്ലെങ്കിൽ
വയറിളക്കം മാറാൻ ആവണക്കെണ്ണ കഴിച്ചപോലെ.

ദരിദ്രനായിരിക്കാൻ
അധികവില നൽകി
പാപ്പരാവുന്നവരെ പ്പോലെ,
പരിഹാരങ്ങൾ തേടി
പതനത്തിലേക്കു മാത്രം
യാത്ര ചെയ്യുന്നതെന്തിന്?

മതം...
അതൊരു പരിഹാരമല്ല
അതൊരു പതനമാണ്‌.
മനുഷ്യേതരരായിരിക്കാനുള്ള
പാഠ്യപദ്ധതിയാണ്.
അടിമത്തത്തിന്റെ സുവിശേഷമാണ്.
വെറുപ്പിന്റെ വചനമാണ്.
നുണയുടെ അദ്വൈതമാണ്.