ഒന്നാമനവലോകൻ ഷോക്കേസിലിടം തേടി
ഒന്നിച്ചുറങ്ങി മറ്റു കാഴ്ചവസ്തുക്കൾക്കൊപ്പം.
കണ്ണാടിച്ചില്ലിന്നുള്ളിൽ വെണ്ണക്കൽ തഥാഗതൻ
എണ്ണത്തിൽ മറ്റൊന്നായി കണ്ണിനുകുളിരേകി.
ജാലകപ്പടിമീതെ ധൂളിയാലലംകൃതൻ
ചാലകലോഹം തീർത്ത രണ്ടാമനവലോകൻ.
സാകൂതം വീക്ഷിക്കുന്നു നിത്യജീവിതത്തിലെ
സാകർമ്മ ഫലേച്ഛുവിൻ സമ്മർസാൾട്ടുകൾ നിത്യം.
കർമ്മബന്ധങ്ങൾ ക്ഷണഭംഗുരസുഖോന്മാദം
സ്വർണ്ണാർത്തിയൊടുങ്ങാത്ത മോഹതൃഷ്ണകളശ്വം
എങ്ങുപോവതെന്നൊട്ടുമറിയാത്തൊരുവീഥി
ബന്ധനസ്ഥനാമന്ധൻ, യാത്രികൻ നിരാലംബൻ.
ദുഃഖ കാണ്ഡത്തിൽ യുദ്ധകാണ്ഡത്തിനൊരുങ്ങുന്ന
മർത്യജീവിതത്തിന്റെ പൂജിത മഹാകാവ്യം,
പൊട്ടിയ കുത്തിക്കെട്ടാലിളകിയ പത്രങ്ങളെ
ചിട്ടയിലൊന്നിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോളെത്തി;
മൂന്നാമനാവലോകനദൃശ്യൻ നിരാമയൻ
മൂന്നാംപാത മുന്നമേ കണ്ടവനനാസക്തൻ
തേരിന്നു ചക്രംതീർത്തു, വാജിക്കു കടിഞ്ഞാണും,
ബോധരൂപനായുള്ളിൽ തെളിഞ്ഞു വിളങ്ങുന്നു.