തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.
വായനയിൽ മുഴുകിയ
അയാളുടെ കാലുകളിൽ
വളരെ മൃദുലമായി
നനുത്ത രോമക്കുപ്പായം ഉരച്ചുകൊണ്ടു
പൂച്ച എത്തിയതുമില്ല.
വസന്തത്തിന്റെ
വരവു നോക്കിക്കൊണ്ടു
ജനൽപ്പടിയിൽ പൂച്ച ഇല്ലായിരുന്നു.
പ്രതിമപോലെ
അനങ്ങാത്ത
ശരീരത്തിനു താഴെ
ഇടയ്ക്കിടെ
അങ്ങോട്ടുമിങ്ങോട്ടും
നിബിഡമായ വാൽ ചലിപ്പിക്കുന്ന
പൂച്ച ഇല്ലായിരുന്നു.
വിശക്കുമ്പോൾ
മന്ദ്രസ്ഥായിയിൽ 'മ്യാവു' വിളിക്കുന്ന
വെളുത്ത മീശയുള്ള
പൂച്ച ഇല്ലായിരുന്നു.
തടവുമ്പോൾ
അനുകൂലമായി നിന്നുതരുന്ന,
ലാളിച്ച വിരലുകളെ
സ്നേഹപൂർവ്വം നക്കുന്ന,
'ടോമി' എന്നോ 'ലില്ലി' എന്നോ പേരിടാവുന്ന
പൂച്ച ഇല്ലായിരുന്നു.
ഇന്ദ്രജാലം പോലെ
അപ്രത്യക്ഷമാവുന്ന
നരച്ച നഖരങ്ങളുള്ള പൂച്ച,
തലയിണയിൽ ചുരുണ്ടു കൂടി
കിടപ്പില്ലായിരുന്നു.
അങ്ങനെ സുന്ദരിയായ ഒരു പൂച്ച
അയാളുടെ വീട്ടിൽ
ഒരിക്കലുമില്ലായിരുന്നു.
അങ്ങനെ ഒരു പൂച്ച അയാളുടെ വീട്ടിൽ നിന്നും
പുറപ്പെട്ടു പോയിരുന്നില്ല.
അതിനെ തിരഞ്ഞയാൾ
തെരുവിലൂടെ അലഞ്ഞു നടന്നില്ല.
റയിൽപാതയ്ക്കരികിലുള്ള പൊന്തക്കാട്ടിൽ
എലികളുമായി ഒളിച്ചുകളിക്കുന്ന പൂച്ചയെ
അയാൾ കണ്ടിരുന്നില്ല.
നിങ്ങൾ കേട്ടുവോ
മന്ദ്രസ്ഥായിയിൽ ഒരു മദ്ധ്യമം?
-------
10.12.2021