Saturday, 9 March 2013

ഒമര്‍ഖയാം ചിരിക്കുമ്പോള്‍


ഇന്നലെ രാത്രിയില്‍ വന്നിരുന്നു ഒമര്‍
പുണ്യ പുരാതനന്‍ വന്ദ്യ വയോധികന്‍.
ജാമിതീയത്തിന്‍ ത്രികോണങ്ങളില്‍ തന്റെ
കോണക മൂരിവച്ചാര്‍ത്തുല്ലസിച്ചവന്‍.
കൈയിലാള്‍ജിബ്രയും തൂക്കി സമര്‍ഖണ്ടില്‍
നിന്നുമിറങ്ങി വന്നെന്നോടു ചോദിച്ചു.
"മൊട്ടത്തലയിലണക്കെട്ടുമായി നീ
നെട്ടോട്ടമോടുവ തെന്തിനൊ ഏതിനോ?” 
“മത്സരമല്ലഹോ ജാവിതം കേവല- 
മുത്സവം മാത്രമാണല്ലോ വിദൂഷകാ.
പൊട്ടും വളകളും കാണാന്‍ മറന്നുവോ?
കൊട്ടും കുരവയും കേള്‍ക്കാത്തതെന്തു നീ?
നഷ്ടമായ് തീരും നിമേഷങ്ങളില്‍ നിറ -
പ്പൊട്ടുകള്‍ തൂകാന്‍ മറന്നു നീ വത്സലാ."
"നാലായ് മടക്കിയ നേര്‍ രേഖയില്‍
തവ ജീവിതം വീര്‍പ്പു മുട്ടുന്ന നേരങ്ങളില്‍,
രാവും പകലും പിണഞ്ഞ ചതുരങ്ങളി -
ലാള്‍പ്പടയാളിയായ് മുട്ടി നില്‍ക്കുന്നേരം,
കെട്ടു പൊട്ടിച്ചൊരു പട്ടമായ്ത്തീരണം
കെട്ടുകളെല്ലാമറുത്തെറിഞ്ഞീടണം. 
കോട്ടും കളസവും ജാക്കറ്റു മൂരി നീ
കാറ്റിന്‍ കളേബരം പുൽകാനിറങ്ങണം.
ജീവിതം മുന്തിരിച്ചാറായ്, ലഹരിയായ്
ഓരോ ഞരമ്പിലും പെയ്തിറങ്ങീടണം.
ദൂരെ നിശീഥത്തിലാദ്യ നക്ഷത്രം പോലെ
നേരിന്‍ നിലാവായ് പടര്‍ന്നിറങ്ങീടണം.
താരങ്ങളില്‍ മിഴി നട്ടു നില്‍ക്കുമ്പോഴും
തോരാത്ത ഭൂമിയില്‍ കാലുറച്ചീടണം.
ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
ധൂമമായ് തീരേണ്ട സംയുക്തമാണു നീ.
ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
സായൂജ്യമല്ലോ അനാദിമദ്ധ്യാന്തങ്ങള്‍."
-----------------------------
ഒമര്‍ഖയാം - ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയില്‍ (ഇറാന്‍ ) ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍ , അദ്ധ്യാപകന്‍, തത്വ ചിന്തകന്‍, കവി. ജീവിതം ദുഖിക്കുവാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. Read Rubiyat of Omar Khayyam

 09.03.2013

Sunday, 17 February 2013

പറയാതെ പോയ കപോതങ്ങളെ...

ഇനിയും വസന്തങ്ങള്‍ ഇതളണിഞ്ഞെത്തുമോ
പറയാതെപോയ കപോതങ്ങളെ?
ഇതുവഴി എത്തുമോ ശ്യാമമേഘങ്ങളേ
പകലിന്റെ വറുതിയില്‍ പെയ്തിറങ്ങാന്‍ ?
ഒരുവേള നീപോയ വഴിയിലൂടെത്തുമോ
പറയാതെപോയ കപോതങ്ങളെ?

ഇതുവഴി എത്തുമോ തെന്നലേ നീയെന്റെ
പകലിന്നശാന്തിയില്‍ ഹിമകണമായ്?
പറയുമോ നീപോയ വഴികളിലിത്തിരി
കനിവിന്‍ കടമ്പുകള്‍ പൂത്തിരുന്നോ?

അകതാരിലായിരം കനലിന്റെ നാളങ്ങ-
ളറുതിയില്ലാതെ എരിഞ്ഞിടുമ്പോള്‍
ഒരു രാത്രിമഴയുടെ പദനിസ്വനങ്ങളും
കുളിരും കിനാക്കളും നീ തരില്ലേ?

ഇടിവീണൊരശ്വദ്ധ ശിഖരപഥങ്ങളില്‍
ചുടുനീഡമണയുവാന്‍ നീ വരുമോ?
ചിറകു കരിഞ്ഞൊരീ പക്ഷിതന്‍ നീഡത്തി-
ലിനിയും പിറക്കുമോ സാമഗാനം?

നിണമണിഞ്ഞെത്തുന്ന പഥികന്റെ നോവിലേ-
ക്കൊരുമഞ്ഞുതുള്ളിയായ് നീ വരില്ലേ?
കനിവിന്‍ പയോധരമിനിയും ചുരത്തുമൊ
രണനിണം വാര്‍ന്നുതപിച്ച മണ്ണില്‍?

ഇനിയുംപിറക്കാത്ത ഉണ്ണികളേ നിങ്ങ-
ളറിയുമോ പക്ഷിതന്‍ വേദനകള്‍?
അരുതേ പിറക്കല്ലേ ഗഗനമുപേക്ഷിച്ച
പറവകളായി പിറക്കരുതെ!

---------------
(21.07.2012)

Wednesday, 23 January 2013

കണ്ടുവോ നീ സോക്രട്ടീസേ

പാളയം പാതയില്‍ ഒരുപിടിച്ചൂട്ടുമായ്
ആരെ നീ തെരയുന്നു ഗ്രീക്കിലെ സോക്രട്ടീസേ?
ആളുന്ന പന്തത്തിന്റെ നാളത്തില്‍ തിളങ്ങുന്ന
നാസികത്തുമ്പു കൊണ്ടാരെ നീ മണക്കുന്നു?
വെളിച്ചം പോരെന്നുണ്ടോ? ഉച്ച വെയിലിൻ
തീക്ഷ്ണ പക്ഷങ്ങള്‍ തളര്‍ന്നുവോ? വിളക്കു പൊലിഞ്ഞുവൊ?
കാറ്റിലാടും കരിമ്പനച്ചാര്‍ത്തു പോലുല-
ഞ്ഞാര്‍ത്തനായ് തെരയുന്നു ഓരോ മുഖത്തിലും.
നോക്കി നീ ദേവാലയ സമക്ഷത്തില്‍
നേര്‍ച്ചകളര്‍പ്പിച്ചിറങ്ങും ഭക്തന്മാരെ,
പേപ്പറില്‍ തുല്യം ചാര്‍ത്തുവോര്‍, പരശതം
നോട്ടു മാലകളിട്ടു ക്ഷേമം വിളമ്പുവോര്‍,
പെരുക്കിക്കിഴിക്കുവോര്‍, കണക്കിലെ
കളികള്‍ക്ക് കപ്പം കൊടുക്കുവോര്‍,
ദൈവത്തെ മുറിച്ചു വില്‍ക്കുന്നവര്‍,
പഠിക്കുവോര്‍, പാഠങ്ങള്‍ ചൊല്ലി ക്കൊടുക്കുവോര്‍,
പിന്നെ പഠനം വില്‍ക്കുന്നവര്‍,
രോഗിയെ കക്കുന്നവര്‍, കള്ളനെ മുക്കുന്നവർ.
കണ്ടുവോ മഹാത്മാവേ നീ തേടുമാത്മാവിനെ?
ദണ്ഡകാരണ്യമല്ലോ പാളയം പെരുവഴി!
ആളുകള്‍ പുഴുക്കളായ് ഞുളഞ്ഞു മദിക്കുന്ന
പാതയില്‍ പഴത്തൊലി പോലെ നീ മരുവുന്നു.
മാനുഷ്യകത്തിന്റെ പൊരുളിലേക്കൊളിചിമ്മി
നോക്കിയ നയനങ്ങള്‍ കലങ്ങി മറിഞ്ഞുവോ?
നേര്‍ത്ത ഫാലത്തില്‍ കാലം തീര്‍ത്ത സീതങ്ങളില്‍
വേര്‍പ്പിന്റെ പെരുവെള്ള മലറിപ്പായുന്നല്ലോ.
'പ്ളേറ്റൊയും', 'ക്സിനഫോണും' വന്ദിച്ചൊരടികളില്‍
ചേറു പറ്റിയോ മുന്നം വിഴുപ്പിൻ തീരങ്ങളിൽ?
ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ടറിവിന്‍ നികുംഭില
ഭേദിച്ച നാവിന്‍ തുമ്പും ഉണങ്ങി വരണ്ടുവോ?
ഒടുവില്‍ രക്തസ്സാക്ഷി മണ്ഡപപ്പടികളില്‍
തണുപ്പു ബാധിച്ച കാലുമായിരിക്കവേ,
തരിപ്പു നാവിന്‍ തുമ്പിലെത്തും മുമ്പുരയ്ക്കുന്നു,
"കോഴിയെ കൊടുക്കണം; മർത്യനെ കണ്ടില്ലല്ലോ!"
-------------------
23.01.2013

അഹല്യ



സൂര്യ വംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീ വഴി.
ഘോരാര്‍ക്ക രശ്മി തന്നാതപം പൊള്ളിച്ചൊ-
രായിരം വര്‍ഷം കടന്നുപോമെന്‍ വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ 
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക. 
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ് മാറിയ 
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാള വഹ്നി പോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ല ഞാന്‍. 
മീട്ടാന്‍ മറന്നൊരു വീണയായ് പോയിനി, 
നാട്ടിലേക്കില്ല ഞാന്‍, കാടാണു മല്‍ ഗൃഹം.
കാടായി മാറിയ മര്‍ത്യ മനസ്സിനെ -
ക്കാളു മാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസ വാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍ നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ 
പാവാട തെന്നലി ലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍ 
മാമക മാനസമെയ്തു മുറിക്കവേ,
ആരോ വിളിച്ച പോലെന്‍ മനമുന്‍മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപ വച്ചസ്സിലുടക്കി ശിലയായി.
ആയിരം സംവത്സരങ്ങള്‍ തന്‍ ഭാരവും 
പേറി ആരണ്യ ഗര്‍ഭത്തിലുറങ്ങവെ,
മാറും ഋതു ക്കളില്‍ പൂക്കളും കായ്കളും 
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദന തിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെ പുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ദർശനം പോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ 
ചേതോ വികാര തരംഗമടവിയില്‍. 
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുര ശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂര ഭൂമിയിലൊക്കെയും. 
നാളെ നീയും ഭൂമി പുത്രിയെ കാഞ്ചന 
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോ യുഗത്തിലും കല്ലായി മാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ 
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍ 
രാവും പകലുമുറങ്ങട്ടെ ഗൌതമന്‍.
--------------
23.01.2013

Wednesday, 26 December 2012

കോട്ടു തുന്നുന്നവര്‍


നഗ്നനായിരിക്കുവാനെനിക്കിഷ്ടം
സമൃദ്ധമായ് ശുദ്ധ വായുവുമേറ്റ്,
വെളിച്ചത്തിൻ മുഗ്ദ്ധ രേണുക്കളിലിഴഞ്ഞും,
മലര്‍ന്നു കിടന്നുറക്കെത്തുപ്പിയും,
ഉണര്‍വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയിലമര്‍ത്തിക്കരഞ്ഞും….
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം.

ഇന്നലെ അച്ഛന്‍ ചൊല്ലി
"കുഞ്ഞു മോനിരിക്കട്ടെ കിന്നരി തുന്നിച്ചേര്‍ത്ത
കുപ്പായമതിലവന്‍ സിംഹമായ് വളരേണം"
പിന്നെ അമ്മാവന്‍ ചൊല്ലി
"പൊള്ളയായ് ചിരിച്ചീടാൻ, കള്ളങ്ങളുരച്ചീടാൻ,
വെള്ളക്കോട്ടിരിക്കട്ടെ, മന്ത്രിയായ് തിരിച്ചെത്തു"
പിന്നെ എന്നേട്ടന്‍ നല്‍കി
നേരു പാവിട്ടതിൽ ഊടിട്ട നുണതൻ നൂലാൽ
പാരിന്റെ പതിപ്പായി നെയ്തൊരു മഹാ വസ്ത്രം;
"ഗോളം പോൽ കറങ്ങുമ്പോൾ സൂര്യനായ് ഞാനുണ്ടാവും
ചൊല്ലുവതനുസരിച്ചീടേണം പൊന്നോമനെ"

മത്സരിക്കുവാനൊരു കോട്ടു നല്കിയെന്നമ്മ,
പോർക്കളങ്ങളിൽ ജയിച്ചെത്തുവാൻ പോർച്ചട്ടയായ്.
ധീരനായിരിക്കുവാനേകിയെന്‍ സതീർഥ്യനും,
ദാനശീലനായ് തീരാനേകിയെന്‍ നേര്‍ പെങ്ങളും.
നരച്ച കുപ്പയമൂരി ചൊല്ലിയെന്‍ ഗുരുനാഥന്‍
"വിളിച്ചു കൂവണം സത്യം, നിനക്കിതിരിക്കട്ടെ"

കിന്നരിച്ചിരിക്കുവാൻ കോട്ടു കാമുകി നൽകി,
സന്നിഭനാകാനെന്നും നാട്ടു മാമാരച്ചോട്ടില്‍.
"കറുത്ത കൊട്ടാണിതു രാത്രിയിലത്യുത്തമം,
മറിച്ചു ചൊല്ലീടേണ്ട" ചൊല്ലിയെന്നാപ്പീസറും.
കോട്ടുകളൊരുപാടു നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലിട്ടോണ്ടോരോ നേരവുമുലാത്തുവാന്‍.

കോട്ടുകൾ വേണം നാണം മറയ്ക്കാൻ, കാണും നേരിൻ
കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം, കാണും ലാവണ്യമുയർത്തീടാൻ
ചീട്ടുകൊട്ടാരം വീഴും കോട്ടുകളഴിക്കുമ്പോൾ.
----------------
26.12.2012

Tuesday, 8 May 2012

കാത്തിരിപ്പ്‌

അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിയ്ക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥമേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെപ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ് ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.
----------------
06.01.2011