Wednesday, 14 June 2017

തീരെ ചെറിയ ഉറുമ്പുകൾ.

അതുകൊണ്ടാവാം അവയെ ആരും കാണാതെപോകുന്നത്.
അതുകൊണ്ടു തന്നെ ആവാം അവയെ ആരും കേൾക്കാതെ പോകുന്നത്.
അതുകൊണ്ടു തന്നെയാണ് അവയെ ആരും അറിയാതെ പോകുന്നത്.
യഥാർത്ഥത്തിൽ അറിയാതെ പോകുന്നത് ഒരു നഷ്ടമല്ല.
അറിഞ്ഞതാണു നഷ്ടം!
തീരെച്ചെറിയ കാലുകൾ പരത്തി,
ആ വലിയ ഹൃദയം ഭൂമിയോടു ഏറ്റവും കൂടുതൽ ചേർത്തുകൊണ്ടവ
എല്ലാവരും തോൽപ്പിക്കുന്ന വേഗതയിൽ മുന്നോട്ട് പോകും.
ആരും തന്നെക്കാൾ ചെറുതാകാൻ അനുവദിക്കാതെ,
ആരെയും നിശ്ശബ്ദരാകാൻ അനുവദിക്കാതെ
അവ മണ്ണിന്റെ നനവു നുകരും.
പിന്നെ വളർന്നുവലുതാവുന്ന വടവൃക്ഷങ്ങളുടെ ചോട്ടിൽ 
തളർന്നുറങ്ങും.
അലറിവീശുന്ന തെക്കൻകാറ്റിനൊപ്പം
അവ മേഘങ്ങളെ ചുംബിച്ചു പറന്നുപോകും.
പ്രളയത്തിന്റെ ഏകതാനതയിൽ
ഒരു പൊങ്ങുതടിപോലെ ഒഴുകിഅലയും.
തന്നെക്കാൾ ചെറിയസ്വപ്നങ്ങളിൽ അവ രമിക്കും.
ചെന്നായയുടെ ഒരു നേരത്തെ
വിശപ്പടക്കാൻ പോലും കഴിയാത്ത
തന്റെ വലുപ്പത്തെ ഓർത്തു മാത്രം ദുഖിക്കും.
നിങ്ങൾ കണ്ടുവോ
കരഞ്ഞുകലങ്ങിയ കണ്ണുമായി
ഉഴറിയോടിയ
എന്റെ തീരെച്ചെറിയ ഉറുമ്പുകളെ?
------------14.06.2017

Wednesday, 7 June 2017

ഏണിയും പാമ്പും


കലണ്ടറിനിരുപുറം നാമിരുപേർ,
പൊട്ടുകൾ തൊട്ട ചതുരക്കട്ട,
യാദൃശ്ചികതയുടെ വാതായനങ്ങൾ,
ചാഞ്ഞുപെയ്യുന്ന മഴയിൽ അടർന്നുവീഴുന്ന ഇലകൾ പോലെ
ദിനരാത്രങ്ങൾ,
ഏണിയിലേറി ഭാവിയിലേക്ക്,
കാഴ്ചവറ്റിയ ഫണിയിലേറി ഭൂതത്തിലേക്ക്.
സഖീ... ഇത് ഏണിയും പാമ്പും.

നാട്ടുമാങ്ങയ്ക്കു നീ കൊതിക്കുന്നുവോ?
അഹിയിലേറി നമുക്കു പിന്നോട്ടു പോകാം.
ദിനരാത്രങ്ങളുടെ തിരകൾ മുറിച്ചു
മഴയിൽ കുതിർന്ന ഉർവ്വിയിൽ
ഒരു തൈ നടാം.
വേനലിന്റെ വറുതിയിൽ വെള്ളമൊഴിക്കാം,
ഏണിയിലേറി മുന്നോട്ടു പോയി
ആദ്യകനിയിൽ വാത്സല്യത്തിന്റെ നിലാവു പൊഴിക്കാം,
വീണ്ടും മുന്നോട്ടു പോയി
പടർന്ന ചൂതശാഖയിൽ ഊഞ്ഞാലാടാം.
ചാഞ്ഞുപെയ്യുന്ന മഴയിൽ
ഉതിർന്നു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുക്കാം.

കണ്ണടക്കാരൻ സുഹൃത്തു പറഞ്ഞതുപോലെ,
(ഏണിയിലേറി ) നൂറ്റാണ്ടു കഴിഞ്ഞു നമുക്കു ജനിക്കാം.
ചൊവ്വയിലെ അങ്കക* കുടീരങ്ങളിൽ ഉറങ്ങിയുണരാം,
ദൂരദർശിനിയിലൂടെ ഉർവ്വിയെ നോക്കിക്കാണാം,
ചാഞ്ഞു പെയ്യുന്ന അമ്ലമഴയിൽ അലിഞ്ഞില്ലാതാകുന്ന
ജൈവരൂപങ്ങളെ ഓർത്തു നെടുവീർപ്പിടാം.

സഖീ... യാദൃശ്ചികതയുടെ മറ്റൊരു വാതിൽ തുറക്കുന്നു.
നമുക്കു വർത്തമാനത്തിന്റെ ആകുലതകളിലേക്കു മടങ്ങാം.
കലണ്ടറിലെ അക്കങ്ങളിൽ നിസ്സംഗരാകാം.
ചാഞ്ഞു പെയ്യുന്ന ഈ മഴയുടെ കുസൃതിയിൽ
നമുക്കൊരു കുടക്കീഴിൽ നനയാം.
ചെളിവെള്ളം തെറ്റിച്ചു പൊട്ടിച്ചിരിക്കാം.
വെറുതെ വെറുതെ പൊട്ടിച്ചിരിക്കാം...

-------------------
07.06.2017

Tuesday, 6 June 2017

മുറ്റത്തു നിന്നൊരു ഗീതം


(independent translation of 'a song in the front yard'  by GWENDOLYN BROOKS)

എത്രയോ നാളായി ഞാനീ പൂമുഖമുറ്റത്തായിരുന്നു.
പരുപരുത്ത, ഉപേക്ഷിക്കപ്പെട്ട, പാഴ്ച്ചെടി വളരുന്ന
പിന്നാമ്പുറത്തേക്കു എനിക്കു പോകേണ്ടിയിരിക്കുന്നു.
ഈ പെൺകുട്ടി പനിനീർപ്പൂക്കളെ മടുത്തിരിക്കുന്നു.
നേരം പോക്കിനായി,
പിൻ നടപ്പാതയിലൂടെ,
അങ്ങാടിപ്പിള്ളേർ കളിക്കുന്ന 
പിന്നാമ്പുറത്തേക്കു എനിക്കു പോകേണ്ടിയിരിക്കുന്നു.
അവരടിച്ചു പൊളിക്കുന്നു.
അവരാർത്തുല്ലസിക്കുന്നു.
അമ്മ ഇതാ പുച്ഛത്തോടെ നോക്കുന്നു, പക്ഷെ സാരമില്ല.
നേരമിരുട്ടിയിട്ടും അവർക്കെവിടെയും പോകേണ്ടതില്ല.
'ജോണി മെ' ഒരു കുരുത്തം കെട്ടവളായി വളരുമെന്നു
അമ്മ പറയുന്നു.
(കഴിഞ്ഞ ശൈത്യത്തിൽ ഞങ്ങളുടെ പുറം ഗേറ്റ് ഇളക്കി വിറ്റതിനു)
'ജോർജ്' അഴിക്കുള്ളിലാകുമെന്ന്
'അമ്മ പറയുന്നു.
എന്നാൽ അതൊട്ടും സാരമില്ല.
എനിക്കും ഒരു കുരുത്തംകെട്ടവളായിത്തീരണം.
മുഖത്ത് ചായംപൂശി, കറുത്ത റേന്തയുള്ള
സ്റ്റോക്കിംഗ് ധരിച്ചുകൊണ്ട്, അങ്ങിനെ 
നിരത്തിലൂടെ തെറിച്ചു തെറിച്ചു പോകണം.

A song in the front yard
BY GWENDOLYN BROOKS
I’ve stayed in the front yard all my life.
I want a peek at the back
Where it’s rough and untended and hungry weed grows.
A girl gets sick of a rose.
I want to go in the back yard now
And maybe down the alley,
To where the charity children play.
I want a good time today.
They do some wonderful things.
They have some wonderful fun.
My mother sneers, but I say it’s fine
How they don’t have to go in at quarter to nine.
My mother, she tells me that Johnnie Mae
Will grow up to be a bad woman.
That George’ll be taken to Jail soon or late
(On account of last winter he sold our back gate).
But I say it’s fine. Honest, I do.
And I’d like to be a bad woman, too,
And wear the brave stockings of night-black lace
And strut down the streets with paint on my face.

GWENDOLYN BROOKS (1917–2000) - ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കാവ്യ ലോകത്തെ എണ്ണപ്പെട്ട കവി. പുലിറ്റ്‌സർ സമ്മാനിതയായ ആദ്യ കറുത്ത വംശജ. കറുത്ത വംശജരുടെ ജീവിതത്തെ വ്യത്യസ്ത കോണുകളിൽ നിന്നും  നോക്കി കാണുകയും, സാമൂഹ്യ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത ബ്രൂക്ക്സ്, തന്റെ പിൽക്കാല രചനകളിൽ, രാഷ്ട്രീയമായ നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്തു. 

Sunday, 5 February 2017

ഇരുൾ യാത്രകൾ


പഥികാ നീ എന്തിനു വഴി തടഞ്ഞു, ശീത-
മിരുൾമൂടി, വിജനമാവഴിയിടത്തിൽ?
ഇരുളിൽ നിന്നിരുൾപോലെ നീ അണഞ്ഞു, നേത്ര
പടലത്തിലിരുളിന്റെ കുടമുടഞ്ഞു.
ഉരുകിത്തിളച്ചുപോയ് അറിയാതെ ഞാൻ, കോപ
ജലധാരയുള്ളിൽ പതഞ്ഞുകേറി.
ഉരിയാടിയില്ല ഞാൻ, നീയുമേവം, പിന്നെ 
അപരാധിയെപ്പോലെ നീ മറഞ്ഞു.
ഒരുവേള നിന്നു, തിരിഞ്ഞു നോക്കി, നിന്റെ
മിഴി തടത്തിൽ തുലാമഴ ഇടിഞ്ഞോ?

ഇരുളിലേക്കാണ്ടു പോയ് നീയെങ്കിലും, എന്നിൽ
നിറയുന്നു നിൻ ദീന, വ്യഥിത രൂപം;
നിഴലായി പിന്തുടർന്നീടുന്നുവോ, ഉച്ച
വെയിലിലും, ശാന്തസായാഹ്നത്തിലും!

പഥികാ നീ എന്തിനു വഴി തടഞ്ഞു, ഗർവ്വ
മഹലിലേക്കുള്ളൊരെൻ രഥയാത്രയിൽ;
നിബിഢശിലാസ്ഥൂപമണ്ഡപങ്ങൾ, തല്ലി
ബഹുധൂളിയാക്കിക്കടന്നുപോകെ?
ഹിമ മേഘപാളികൾ കുടചൂടുമീ, ഘോര
കഠിനാന്ധകാരത്തുരുത്തിലേകൻ;
ഒരു ചോദ്യചിഹ്നപ്പൊരുൾ പോലെ നീ, എന്റെ
ഉടയാടകൾ ചീന്തിഎറിയുന്നുവോ?
പറയൂ നീ എന്തിനെൻ വഴി തടഞ്ഞു, ക്ഷിപ്ര-
മിരുൾയാത്രകൾക്കു നീ വില പറഞ്ഞു?
എവിടെ ഞാൻ ചൊല്ലിപ്പഠിച്ച പാഠം, എന്റെ
തുണയായി മാറാഞ്ഞതെന്തുകൊണ്ടോ?

പഥികാ നീ എന്തിനു വഴി തടഞ്ഞു, നിത്യ
ജഠരാഗ്നി കൊണ്ടോ, പിപാസ കൊണ്ടോ?
തലചായ്ക്കുവാനിടം തേടിയിട്ടോ, ബന്ധു
നിലയങ്ങളവിടെ തിരഞ്ഞുകൊണ്ടോ?
ശരണാർത്ഥി ആയിട്ടണഞ്ഞതാണോ, ദീന
കഥ പങ്കിടാൻ കൂട്ടുതേടിയാണോ?
നിലപോയി ജീവിതപ്പെരുവഴിയിൽ, മൂക
ബലിമൃഗമായിട്ടണഞ്ഞതാണോ?
അറിയാതെപോയി, ഷഡിന്ദ്രിയത്തിൽ, നിന്റെ
നിലയോ, നിലാവോ തെളിഞ്ഞതില്ല.
ഇനി ഏതുദിക്കിൽ നാം കണ്ടുമുട്ടും, നിന്നെ
ഒരു നോക്കു കൊണ്ടാടലാറ്റിടുവാൻ.
ഇനി ഏതു വഴിയമ്പലത്തിണ്ണയിൽ, നിന്റെ
വിറയാർന്ന കൈകൾ തലോടിടും ഞാൻ?
------------------
04.02.2017

Tuesday, 27 December 2016

ഉണർന്നപ്പോൾ


ഉറക്കത്തിലായിരുന്നു ഞാൻ.
ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു.
പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു.
അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു.
ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു
ഭൂമിയുടെ നഗ്നതയിലൂടെ നടന്നു.
വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു
മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു.
രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്
അവ മധ്യരേഖ കടന്നുപോയി.

എല്ലാം തിരിച്ചറിയാൻ ഭൂമി ഉണ്ടായിരുന്നു.
തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ
രക്ത ധമനികളിൽ തറച്ചു നിന്നു.
ചോരയുടെ നിറം തിരിച്ചറിയാതെ
അവർ പുരാതന ഗ്രന്ഥങ്ങളിൽ പരതി.
എന്നാൽ ആവിയായിപ്പോയ അക്ഷരങ്ങൾ
മഴക്കാറായി ഉയരങ്ങളിൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.
എല്ലാ നിറങ്ങളും കഴുകിക്കളയുവാൻ
പെരുമഴയ്ക്കുള്ള തയാറെടുപ്പിലായിരുന്നു
അക്ഷര മേഘങ്ങൾ.
അവയ്ക്കു ഇനിയും പെയ്യാതിരിക്കാൻ കഴിയില്ല!
---------------
01.12.2016

Friday, 16 December 2016

നഗരശില്പി



വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീതമേളം.
അംബരചുംബികൾക്കിടയിൽ
കരിധൂളിയുടെ കോടമഞ്ഞു.
റേന്തയിട്ട ജാലകവിരികളിൽ
കാർബൺ മോണോക്സൈഡിന്റെ കുളിർതെന്നൽ.
മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണചേരലിൽ
നൈട്രജൻ ഡൈഓക്സൈഡിന്റെ ജീവധാര.
കഴുകി വെടിപ്പാക്കാൻ
അമ്ലവാഹിനി പുതുമഴ.
നുണപറയുന്ന പരസ്യപ്പലകകൾ.
വഴിതെറ്റിക്കാൻ വിളക്കുകാലുകൾ.
സന്തോഷിക്കാൻ മാളുകൾ.
ഒളിച്ചിരിക്കാൻ ഭൂഗർഭനിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ.
വിയർക്കാൻ ജിമ്മുകൾ.
സ്നേഹിക്കാൻ രതിശാലകൾ.
രക്ഷപ്പെടാൻ സെമിത്തേരികൾ.
ഉറങ്ങാത്ത രാത്രിക്കു കൂട്ടായി
ഉറക്കംതൂങ്ങുന്ന പകലുകൾ.

യമപുരി പടുത്തുയർത്തിയ ശേഷം മയൻ
ദീർഘകാല അവധിയിൽ പ്രവേശിച്ചു.
സാനിട്ടോറിയത്തിനു മുന്നിലെത്തി
മുകളിലേക്കു നോക്കി.
താഴികക്കുടത്തിനു മുകളിലെ വിശാലമായ വിള്ളലിലേക്ക്.
----------
14.12.2016

Saturday, 19 November 2016

സഖാന്ദ്ര


സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കും
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).
കന്നിന്റെ കുടമണിയിൽ ഉണരുന്ന നിന്റെ പ്രഭാതങ്ങൾ,
വേനലിന്റെ വറുതിയിൽ വരണ്ടു പോകുന്ന അരുവികൾ,
മഴ കളിപ്പിച്ച വിത്തുകൾ,
വൈക്കോൽമണംപേറുന്ന സന്ധ്യകൾ,
നാട്ടുകൂട്ടത്തിനു തണലേകുന്ന മുത്തച്ഛൻപേരാൽ,
ജാമുൻപഴങ്ങളുടെ വയലറ്റിൽചിരിക്കുന്ന കുട്ടികൾ,
നിലാവുപരത്തുന്ന കർഷകർ,
വിശാലമായ കുളം, മൺപാതകൾ,
നേരത്തെയുറങ്ങുന്ന രാത്രികൾ,
കാലത്തിന്റെ പരിച്ഛേദമായി ഓർമയിൽ നീ എന്റെ പ്രിയ സഖാന്ദ്ര
സഖാന്ദ്ര - എന്റെ വരണ്ട പകലുകളിലെ പച്ചയാണ് നീ.
സഖാന്ദ്ര - എന്റെ നനഞ്ഞ വർഷങ്ങളിലെ വെയിലിന്റെ ചൂടാണു നീ.
സഖാന്ദ്ര - എന്റെ ഇരുണ്ട രാത്രികളിലെ നിലാവിന്റെ സാന്ത്വനമാണു നീ.
സഖാന്ദ്ര - എന്റെ തീ പിടിച്ച നിമിഷങ്ങളിലെ ആലസ്യമാണു നീ.
പ്രിയ സഖാന്ദ്ര - നിന്നിലേക്ക്‌ മടങ്ങാൻ മാത്രം എനിക്കാവില്ലല്ലോ!
ചെറുപ്പം വിട്ടുമാറാത്ത ഓർമ്മകൾ;
അവയ്ക്കു മുകളിൽ നിന്റെ പുതിയ ചിത്രങ്ങൾ
എനിക്കു വേദനയാണല്ലോ!
ഉറങ്ങാത്ത രാത്രികളും, മലിനമായ വഴിയോരങ്ങളും,
കർഷകരൊഴിഞ്ഞ മണ്ണുമായി,
ജാമുൻ മരങ്ങളില്ലാത്ത നാഗരികതയിലേക്കു
നീയും ചേക്കേറിയിരിക്കും.
പരിണാമം, അതെന്നെപ്പോലെ നിനക്കും ഒഴിവാക്കാനാവില്ലല്ലോ!
ഓർമ്മയിലെ സഖാന്ദ്ര യാണ് എനിക്കിപ്പോഴുമിഷ്ടം.
എന്നോടു നീ പൊറുക്കുക!

സഖാന്ദ്ര - ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമം.
20.04.2016

Monday, 17 October 2016

പച്ച



ചുവപ്പു വാരി വിതറിയ പോലെ മാമരങ്ങൾ.
നിശബ്ദമായി ഒഴുകുന്ന എന്റെ പുഴ.
പുഴയ്ക്കിരുപുറവുമായി
പരവതാനി വിരിച്ച പോലെ ചുവന്ന പുൽ മേടുകൾ.
കാറ്റിലൂടെ തെന്നി പറക്കുന്ന ചുവന്ന
പനം  തത്തകൾ.

സുഹൃത്തേ ചുവപ്പാണ് എന്റെ പച്ച
മഞ്ഞയാണ് മാത്യുവിന്റെ പച്ച
നീലയാണ് ഷംസുദീന്റെ പച്ച
കറുപ്പാണ് സീതയുടെ പച്ച
നിന്റെ പച്ച ഏതാണ്?

Saturday, 15 October 2016

സ്യമന്തകം



ആരു കവർന്നു സ്യമന്തകം, ചൈത്രമെൻ
മാനസ വാതിൽ തുറന്ന നേരം?
ആരു വിമൂകം കടന്നുപോയീവഴി
ആരു കവർന്നു സ്യമന്തകം?

ആകാശഗംഗയിലേക്കു തുറക്കുമീ
ജാലകച്ചോട്ടിൽ തനിച്ചുനിൽക്കേ,
തൂമഞ്ഞുനീരിന്റെ കുഞ്ഞലച്ചാർത്തുകൾ
സ്നേഹമായെന്നെ തലോടിനിൽക്കെ,
ഏതോ നിശാഗന്ധി കാറ്റിനുനൽകിയ
ഭാവമരന്ദം കടന്നുപോകെ,
ഏതോ കടങ്കഥപോൽ വിരൽപ്പാടുകൾ
ആരുപേക്ഷിച്ചു മനസ്സിനുള്ളിൽ?

താമരത്താരിതൾ പാദങ്ങളർപ്പിച്ച-
താരോ മനസ്സിന്നകത്തളത്തിൽ.
ശാരദാകാശമോ, താരങ്ങളോ, കുളിർ
ചാമരംവീശും മണിത്തെന്നലോ?
ആരു പറഞ്ഞിടുമെൻമണിച്ചെപ്പിൽ നി -
ന്നാരു കവർന്നു സ്യമന്തകം?

ദൂരെ നിശീഥത്തിലേക്കു പറന്നുപോം
ചാരുപതംഗങ്ങൾ കൂടണയേ,
പേരറിയാത്തൊരു നൊമ്പരപ്പൂക്കളിൽ
ഞാനറിയാതെ മറന്നു നിൽക്കെ,
ആരു കവർന്നെടുത്തെൻ മണിച്ചെപ്പിൽ നി -
ന്നേഴഴകുള്ള സ്യമന്തകം?
ഏഴഴകുള്ള സ്യമന്തകം?

-------------
05.10.2016

Friday, 29 July 2016

സമതലങ്ങളിലെ ശലഭങ്ങൾ




(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം മനോരഥമണ്ഡലമുലയ്ക്കുന്ന 
പനിനീർ പുഷ്പത്തിന്റെ താരുണ്യലഹരിയിൽ,
ചുടുനിശ്വാസത്തിന്റെ ധാരപോൽ വസന്തത്തിൻ 
നിറവും കടംവാങ്ങിയമരും ശലഭങ്ങൾ;
മറ്റൊരു വസന്തമായിളകിക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരുവേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതുപൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ ജീവന്റെസമസ്യയ്ക്കു പൊരുൾതേടി
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾകീറി നെയ്തമൗനത്തിൻ നേർത്ത
പുടവയ്ക്കുള്ളിൽനിന്നും വിണ്ണിലേയ്ക്കുയരവേ
നിറഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർമേനിയിൽപൂത്തു ഭാസുരവസന്തങ്ങൾ.

തളിർവെറ്റില കൂട്ടി മുറുക്കിച്ചുവപ്പിച്ച 
കനിവിൻകുടന്നകൾ മഞ്ചാടിമണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി- 
ച്ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹനപ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തു, പൂർണ്ണകുംഭങ്ങൾ തീരെ-
ത്തളരാതുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമമൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവിലുയരും വിശ്വതാളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്തപുഞ്ചിരി വിടരവേ,
അരിയപുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും 
തരളസൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരിശൃംഗത്തിൻ ശീതഗഹ്വരങ്ങളിൽ, ഘോര- 
തമസിന്നീറ്റില്ലമാം സാഗരഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ- 
കിരണം തിളപ്പിച്ച നിസ്തുലമണൽക്കാട്ടിൽ,
അണയാതിളകിത്തുടിക്കും ജീവനളിനം 
വിടർന്നേഴുനിറമായ് കാർമ്മുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചൊരിന്ദ്രജാലവുമായി.

18.05.2016