തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.
മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.
ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്ക്രീനിൽ...)
-------------
19.02.2020