Thursday, 16 July 2020

എങ്കിലും



എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.

ഞെട്ടറ്റുവീഴും മഴത്തുള്ളികൾ വൃഥാ  
തെറ്റെന്നു പേമാരിയായെങ്കിലും,
ചിട്ടവിട്ടൻപകന്നാർത്തലച്ചുഗ്രയായ്
മുറ്റും തടിനിനിറഞ്ഞെങ്കിലും,
ക്ഷിപ്രകോപിഷ്ടയീ ഭ്രാന്തി തൻതീരങ്ങൾ
തട്ടിയെടുത്തു ഭുജിച്ചെങ്കിലും,
എത്രയോ ഖാണ്ഡവം കത്തിച്ചു പാവക-
ചിത്തം മരുഭൂമി തീർത്തെങ്കിലും,
പൊട്ടിത്തെറിച്ചഗ്നികൂടം വിലപ്പെട്ട
തൊക്കെയും തട്ടിയെടുത്തെങ്കിലും,
വെട്ടിനിരത്തി മഹാവ്യാധികൾ മുദാ
പൊട്ടിച്ചിരിച്ചുല്ലസിച്ചെങ്കിലും,
ഹസ്തിപോൽ വന്നു കുലുക്കിക്കുടഞ്ഞെട്ടു
ദിക്കും തകകർത്തു കടന്നെങ്കിലും,
മുഗ്ദ്ധമിജ്ജീവിതം കജ്ജളത്തിൽ നിന്നു
പൊട്ടിച്ചിനയ്ക്കുന്ന പങ്കേരുഹം.

എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.



------------------
03.03.2020




Tuesday, 14 July 2020

എത്ര മനോഹരമാണ് ഈ നുണകൾ



കാലത്തൊരു ചായ കുടിക്കണം, 
ഇല്ലെങ്കിൽ തലവേദന. 
'ഉണ്ടെ'ങ്കിലും അതു മാറില്ല.
ലഞ്ചിനു മുൻപുള്ള 'ടി ബ്രേക്കിൽ'
മധുരമിട്ടൊരു കാപ്പി.

ചായക്കപ്പിലാണ് കാപ്പി വിളമ്പിയത്.
ഓരോ കവിൾ കുടിച്ചിറക്കുമ്പോഴും 
കപ്പു പറഞ്ഞു 
"ഞാൻ ചായയാണ്"
ഞാൻ പറഞ്ഞു 
"അതെ"
കപ്പിലെ ചൂടു ദ്രാവകം ചോദിച്ചു 
"ഞാനാരാണ്?"
ഞാൻ പറഞ്ഞു 
"നീ ഹാപ്പിയാണ്"

പിന്നെ
മുകിലുണ്ടെങ്കിലും കുടയെടുക്കാതെ പുറത്തിറങ്ങും.
മഴ പെയ്യുമ്പോൾ
തുള്ളികൾക്കിടയിലൂടെ നടക്കും.
ഒട്ടും നനയില്ല.
എത്ര മനോഹരമാണ് ഈ ലോകം!
--------
14.07.2020

Wednesday, 13 May 2020

ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ



പന്ത്രണ്ടിൽ നിശ്ചലമായ ബിഗ് ബെൻ.
വ്യോമയാനങ്ങൾ കീറിമുറിക്കാത്ത ആകാശം.
ഡിസംബറിൽ തിരിച്ചു 
മാർച്ചിലെത്തിയ മേഘപാളി. 
ചുവട്ടിൽ വീഴാൻ നിഴലുകളില്ലാതെ
അംബരചുംബികൾ.
അടഞ്ഞ ചില്ലു ജാലകത്തിനുള്ളിൽ
പൊടിയണിഞ്ഞ മാനിക്കനുകൾ.
ഒഴുക്കില്ലാത്ത റീജൻ സ്ട്രീറ്റ്.
പുരീഷമലങ്കരിച്ച നടപ്പാത.
കടന്നു വരുന്ന ഹിമവാതം.
മാർബിൾ ആർച്ചിൽ നിന്നും
പെരുച്ചാഴികളുടെ മാരത്തോൺ.
ബോണ്ട് സ്ട്രീറ്റിൽ നിന്നും
തകർന്ന കടപ്പത്രങ്ങളുടെ വിലാപയാത്ര.
ടോട്ടൻഹാം കോർട്ടിൽ കൊമ്പൊടിഞ്ഞ കാളത്തല.
നിശ്ചലമായ FTSE 100.
291 ഓക്സ്ഫോർഡ് സ്ട്രീറ്റിൽ
ആരും ഭുജിക്കാതെ 
അവസാനത്തെ അത്താഴം.

കല്ലുപാകിയ നടപ്പാതയിൽ
ഒരു പുല്ലു കിളിർക്കുന്നതും കാത്തു
ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ.
----------
ഓക്സ്ഫോർഡ് സ്ട്രീറ്റ് -ലണ്ടനിലെ ഏറ്റവും തിരക്കേറിയ പാത.
ബിഗ് ബെൻ - ലണ്ടനിലെ പ്രശസ്തമായ ഘടികാരം.
മാർബിൾ ആർച്ചു - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ബോണ്ട് സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ടോട്ടൻഹാം  കോർട്ട് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
റീജൻ സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിനു കുറുകെ പോകുന്ന തിരക്കുള്ള പാത.  

Saturday, 9 May 2020

മാർച്ചു 32



പേക്കിനാവിങ്കലിരുട്ടിനു സാക്ഷിനീ
വാക്കാലിരുൾകീറി മാപ്പുചോദിക്കുന്നു,
വീണ്ടും തുലാവർഷമായെത്തിനിൽക്കുന്നു,
കാണാവടുക്കളിൽ കണ്ണീർപൊഴിക്കുന്നു.

സന്തുലനത്തിന്റെ 'സീസാ' യുടറ്റത്തു
സന്ധ്യാംബരം പോലറുത്തിട്ട ബന്ധങ്ങൾ.
വാക്കുളികൊണ്ടുമുറിച്ചവർ, പോകുന്ന
പോക്കിൽ രസത്തിന്നു കല്ലെറിഞ്ഞീടുവോർ.
പുഞ്ചിരിപ്പാലാലുഴിഞ്ഞവർ, കന്ദർപ്പ
സുന്ദരശല്യം തൊടുത്തു മടങ്ങിയോർ.
പണ്ടു നോവിച്ചു കടന്നവർ, സാന്ത്വന
ബന്ധുരപ്രാലേയമേകിയണഞ്ഞവർ.
ഇന്ദുഗോപംപോലിരുട്ടിൽകുടഞ്ഞിട്ട
വെള്ളിക്കുടങ്ങൾക്കു നന്ദിചൊല്ലുന്നവർ.
കാണാമറയത്തിരുട്ടിൽ കരംനീട്ടി
വാരിയെടുത്തിട്ടു മിണ്ടാതെ പോയവർ.
വീത സുഖങ്ങൾ, ഗതാഗത ബന്ധങ്ങൾ,
നൂറു പകർന്ന നിശാപാഠശാലകൾ.
വിശ്രാന്തി തേടിയൊളിക്കുന്ന രാവുകൾ
വിശ്രമമെന്തെന്നറിയാ പകലുകൾ.
മൊത്തത്തിലെത്രയെന്നാരായുമീ നിശാ
നർത്തന വേദിയിലേകനായേകനായ്;
ചുറ്റും തകർന്നു പൊടിഞ്ഞശ്രുമേളിതം
സർഗാത്മകം ആസ്തിബാദ്ധ്യതപ്പട്ടിക.

വീട്ടാക്കടങ്ങൾ, കൊടുക്കലായ്, വാങ്ങലായ്,
മൗനമായ് മാറിയ കിട്ടാക്കടങ്ങളും,
കൂട്ടിക്കിഴിച്ചു നിരത്തി, അതിൻ ചോട്ടി-
ലേറ്റം നിരാലംബ ശൂന്യം കുറിച്ചിട്ടു
കാത്തിരിക്കുന്നു ഞാനെന്നെ ക്കളിപ്പിച്ചു
കൂട്ടാളിയോടൊത്തു പൊട്ടിച്ചിരിക്കുവാൻ.
-------------
09.05.2020

*see-saw: A long plank balanced in the middle on a fixed support, on each end of which children sit and swing up and down by pushing the ground alternately with their feet.

March 31: Account closing day in many countries
April 1: April Fool day

Sunday, 19 April 2020

വിഷമവൃത്തം



പൂക്കാതിരിക്കാൻ നിനക്കാവതില്ലെങ്കിൽ
നോക്കാതിരിക്കാൻ എനിക്കെങ്ങനായിടും?
നോക്കാതിരിക്കാൻ എനിക്കാവതില്ലെങ്കി-
ലോർക്കാതിരിക്കാൻ എനിക്കാവതില്ലഹോ!
ഓർക്കാതിരിക്കാൻ എനിക്കാവതില്ലെങ്കിൽ
പാട്ടായി മാറാതിരിക്കില്ല നിർണ്ണയം!
പാട്ടായി വന്നതു നിന്നെത്തലോടുകിൽ
പൂക്കാതിരിക്കാൻ കഴിയുമോ ഓമനേ?

*അയ്യപ്പ പ്പണിക്കരുടെ 'പൂക്കാതിരിക്കാനെനിക്കാവതില്ലേ...' എന്ന കവിത സ്മരിക്കുന്നു.

----------------
19.04.2021

Tuesday, 14 April 2020

അനിശം



ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കൊറോണയോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്‌നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ 'അനിശം' സമർപ്പിക്കുന്നു.

നീ കണ്ട സ്വപ്നമെന്തായിരുന്നു - അതിൽ
രാഗാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ - അതിൽ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?

ഇന്നലെ സന്ധ്യയ്‌ക്കുദിച്ചിരുന്നു - ശോണ
ചന്ദ്രൻ കിഴക്കെ മലഞ്ചരിവിൽ.
ഇന്ദ്രനീലക്കല്ലുപാകിയ വിണ്ണിന്റെ
നെഞ്ചിലൂടഗ്നിച്ചിറകുവീശി,
ഒത്തിരിയുൽക്കകൾ പാഞ്ഞുപോയി - കാറ്റു
പൊട്ടിക്കരഞ്ഞു പറന്നു പോയി.
ഏതോ വിഷാദരാഗത്തിൽ നിലവിളി-
'ച്ചാമ്പുലൻസൊ'ന്നു കടന്നുപോയി.
നീയതിൽ യുദ്ധം കഴിഞ്ഞുമടങ്ങവേ
ചോരപ്പതക്കങ്ങൾ നിൻ നെഞ്ചിലും,
പ്രാണമരുത്തു പിണങ്ങിയ നിൻ ശ്വാസ-
നാളത്തിലായിരം സ്വപ്നങ്ങളും.
താരകൾ മാറി വിതുമ്പി നിന്നു രാവ-
നാദിയുഷസ്സിനെക്കാത്തുനിന്നു.   

കാണാരിയോടു പടവെട്ടി നീ - രക്ത
സാക്ഷിയായ് മാറി ഞങ്ങൾക്കു വേണ്ടി.
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പേടിച്ചരണ്ടു നിൽക്കെ?
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പാടെ തരിച്ചു നിൽക്കെ?

വാണിജ്യ യുദ്ധം നയിക്കെ മറന്നു ഞാൻ
മാനുഷ്യകത്തിൻ പൊരുളറിയാൻ.
കൂരിരുൾക്കോട്ടകൾ  കെട്ടിയുയർത്തവേ
കാണാൻ മറന്നുഞാനീവസന്തം.
ഈ മഹാസൗന്ദര്യധാമമെൻചാരത്തു
ചാരുതയാർന്നുല്ലസിച്ചുനിൽക്കെ,
കാണാമറയത്തു തേടിയലഞ്ഞു ഞാൻ
ചേതോഹരാംഗിയാം ജീവിതത്തെ.
ഞാനറിയുന്നു, തിരിച്ചുപോകാൻ മറ്റൊ-
രേടില്ല നിൻ ജീവപുസ്തകത്തിൽ,
മാപ്പു നൽകു സഖേ, നിന്റെ സ്വപ്നങ്ങളെ
കാറ്റിൽപ്പറത്തിയതെന്റെയുദ്ധം.

------------
13.04.2020

മുഴക്കോൽ



കാറ്റിന്റെ വേഗമളക്കുവാനങ്ങേലെ
ചേട്ടൻ മുഴക്കോലുമായിവന്നു.

തേക്കിൽ കടഞ്ഞ മുഴക്കോലുമായയാൾ
കാറ്റിന്നുനേരെ തിരിഞ്ഞുനിന്നു.

പാട്ടിന്റെ ആഴമളക്കുവാൻ മറ്റൊരു
'ചോട്ടാ' മുഴക്കോലു നീട്ടിവച്ചു.

കേൾക്കാത്തപാതി മൊഴിഞ്ഞയാൾ "കാറ്റിന്നു
'തേർട്ടി' യിൽ താഴെയാണത്രെ താപം".

കാറ്റു ചിരിച്ചുപോയ്, താരകളമ്പര-
ന്നീറ്റ വനങ്ങൾ ചിരിയൊതുക്കി.

കാറ്റു മുളന്തണ്ടുമൂതി, ദിഗന്തങ്ങൾ
കേട്ടു പുളകിതരായി നിൽക്കെ,

ചേട്ടൻ മതിലകത്താവേശമോടിതാ
കാറ്റിനെക്കുറ്റം പറഞ്ഞിടുന്നു.

കോട്ട മതിലിൻ പുറത്താണു മാനവർ,
പാട്ടുകേട്ടാലവർ  നൃത്തമാടും.

ചേട്ടന്റെ നീട്ടമളക്കുവാൻ പോലുമീ
കാട്ടിൻ കുറുവടി കൊണ്ടെത്രയോ
പാട്ടിനെ തല്ലിക്കൊഴിച്ചു നീ കാട്ടാളാ,
പാട്ടു കേട്ടിട്ടു കിടന്നുറങ്ങു.

-------------------
13.04.2020

കണിക്കൊന്ന



എന്തിനു മറ്റൊരു മേടപ്പുലർക്കാഴ്ച
നീ കണിക്കൊന്നയായന്തികത്തിൽ?
എന്തിനു മറ്റൊരുഷസ്സന്ധ്യ കാതരേ
നീ പുഞ്ചിരിപ്പു വിഭാതമായി?
എന്തിനു സായന്തനത്തിന്റെ സാന്ത്വനം
തെന്നലായ് നീ വന്നു പുൽകിടുമ്പോൾ?
എന്തിനു രാവിൻ പരിരംഭണങ്ങളും
നിൻ കരവല്ലി പടർന്നിടുമ്പോൾ?

---------------
14.04.2020

Friday, 3 April 2020

മാഗധം



തംബുരു മീട്ടും കരാംഗുലീസ്പർശന
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.

സുന്ദരസ്വപ്ന മഗധയിൽ ഞാനൊരു
വെൺമേഘമായിട്ടലഞ്ഞീടവെ,
തെന്നലായ് നീ കപോലങ്ങളിൽ ചുംബിച്ചു,
സംഗീതമായിഞാൻ പെയ്തിറങ്ങി.

ആരോഹണങ്ങളിലാരോ കുതൂഹലം
തേരുതെളിച്ചു കടന്നുപോയി;
പാതിരാപ്പുള്ളുകൾ, താരകങ്ങൾ, നീല
രാവിലേകാന്ത മൃഗാങ്കബിംബം,
പാതിയുറങ്ങിയുണർന്ന മുളംകാടു,
പാടലീപുത്രരണാങ്കണങ്ങൾ.
ഏതോ പുരാതന സംഘസ്ഥലികളിൽ
തേരുതെളിച്ചു കടന്നുപോയി.

---------
03.04.2020

Tuesday, 31 March 2020

കൊടുങ്കാറ്റുണ്ടാകുന്നത്




ചില കൊടുങ്കാറ്റുകൾ അങ്ങനയാണ്.
ന്യൂനമർദം രൂപപ്പെടില്ല
(അഥവാ അതറിയിക്കില്ല)
കരിമേഘങ്ങൾ ഉരുണ്ടുകൂടില്ല
അതീന്ദ്രിയബോധമുള്ള തെരുവുനായ്ക്കൾ
ഓലിയിടില്ല.
അതു പൊടുന്നനെ ഉടുമുണ്ടഴിച്ചു നമ്മെ
നഗ്നരാക്കുന്നു.
വടവൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു.
വൈക്കോൽക്കൂനകൾ അപ്രത്യക്ഷമാകുന്നു.
ചുവരുകൾക്കു മുകളിൽ ആകാശം മാത്രമാകുന്നു.
പൊടുന്നനെ എല്ലാം ശാന്തമാകുന്നു.
നാം ആകസ്മികതയിൽ വോഡ്ക ചേർത്തു
നുണഞ്ഞിറക്കുന്നു.
-------------
31.03.2020