കെട്ടിയുയർത്തിയ ചില്ലു കൊട്ടാരങ്ങൾ
ചുറ്റിലും കോട്ടകൾ തീർത്തൊരു ചത്വര-
മദ്ധ്യേ ഉയർന്ന പീഢത്തിൽ നീ കണ്ടുവോ
വെട്ടി മുറിച്ചിട്ട മാതിരിയിത്തല?
പണ്ടു പായ്ക്കപ്പലും, ആവിയാനങ്ങളും
കൊണ്ടു മുഖരിതമായിരുന്നീത്തുറ.
പണ്ടകശാലകൾ പട്ടും, പവിഴവും
കൊണ്ടു നിറച്ചു മദിച്ച നൂറ്റാണ്ടുകൾ
കൈയിൽ കടിഞ്ഞാൺ പിടിച്ചു നിയന്ത്രിച്ചു
കൈതവകണ്മഷ വാണിജ്യ വാജിയെ.
പിന്നെ പാതാറിന്റെ അസ്ഥിവാരത്തിൽ നി-
ന്നെന്നോ ഉയർന്നതാണീ സുരമണ്ഡലം.
ബന്ധുര ഭൂഗർഭ "മാളുകൾ", ജിമ്മുകൾ,
മുന്തിയ ഭോജനശാലകൾ, ബാറുകൾ,
സന്താപമില്ലാതെയാക്കുന്ന സത്രങ്ങൾ,
അന്തപ്പുരം പോലൊഴുകുന്ന കാറുകൾ.
ലോക വണിക്കുകൾ വന്നു ചേക്കേറുന്ന
മായിക മാസ്മര മണ്ഡലമെങ്കിലും
വെട്ടിയിടുന്ന ശിരസ്സുകൾ കൊണ്ടഭി-
ശപ്തമീ ലോക വാണിജ്യ യുദ്ധക്കളം.
ഭദ്രാസനങ്ങളിൽ പുഷ്പാഭിഷിക്തനായ്
നിത്യമിരുത്തില്ലൊരുവനെയും ദൃഢാ.
കൊണ്ടും കൊടുത്തും ചുരികാധരങ്ങൾക്കു
ചെഞ്ചോരയേകി തരംപോലെ മുങ്ങിയും,
സ്വന്തം നൃപേന്ദ്രനെ ഒറ്റി, നിലം പറ്റി
ബന്ധുവായ് ശത്രുപക്ഷത്തിൽ ചേക്കേറിയും,
കപ്പം കൊടുക്കാതിരിക്കാൻ ഗുമസ്തരെ
നിത്യമിരുത്തിയും, കുത്തിത്തിരിപ്പുകൾ
നിത്യം നടത്തി, അന്താരാഷ്ട്രയുദ്ധങ്ങൾ
മൊത്തമായ് പ്രായോജനം ചെയ്തു കൂടിയും,
എത്ര കഷ്ടപെട്ടു നേടിയതായിരു-
ന്നെത്ര മനോഹരമായ സിംഹാസനം!
"എത്ര ലാഭം?" എന്ന ഖഡ്ഗം ശിരോപരി
കുത്തനെ തൂങ്ങുന്ന സിംഹാസനങ്ങളിൽ
നിത്യ കല്യാണികളക്കങ്ങളാടുന്ന
മുഗ്ദ്ധമദാലസ നൃത്തങ്ങൾ കാണവെ,
പ്രശ്നോത്തരി പോലെ ബാലൻസുഷീറ്റിലെ
കിട്ടാക്കടത്തിൽ തെറിച്ചതാണിത്തല.
------------------
18.02.2024
(Scupture by Polish artist Igor Mitoraj at Canary Wharf, London)