Tuesday 15 October 2019

ഹോങ്കോങ്ങിന്റെ പേറ്റുനോവ്



ഇനിയുമൊരു 'ടിയാൻമെൻ' പിറക്കാൻ നേരമായീറ്റു-
മുറവിളി ഉയർന്നു, പേറ്റു നോവായി ഹോങ്കോങ്ങ്.
തമസിജ പഡുക്കൾ ദണ്ഡകാരണ്യമദ്ധ്യേ,
തളിരിലകൾ നുള്ളാൻ യാത്രയാകുന്നു കഷ്ടം.

---------------
01.07.2019

Wednesday 11 September 2019

ഖാണ്ഡവം






അന്ത്യോദകത്തിനു  മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്. 

ജന്മാന്തരങ്ങൾക്കുമപ്പുറം കാതോർത്തു
ഖിന്നൻ പ്രപൗത്രൻ വിലപിപ്പു നിസ്ത്രപം,
"എന്തെൻ മരതകക്കാടുകൾ കത്തിച്ചു
വൻ ധ്രുവപ്രാലേയശൈലമുരുക്കി നീ..."

"മണ്മറഞ്ഞേറെ ഗണങ്ങൾ, വസിക്കുവാ-
നില്ലനുയോജ്യമല്ലീയുർവ്വി  ആകയാൽ.
ചേർച്ച വരുത്തുവാനാകാതെ ജന്തുക്കൾ
ചാർച്ചയുപേക്ഷിച്ചു പിന്മടങ്ങി ദ്രുതം "

"ചെന്താമരപ്പൂ വിരിഞ്ഞ  സരോവര
ബന്ധുര ഗേഹം വെടിഞ്ഞു മരാളങ്ങൾ,
സിന്ദൂര സന്ധ്യകൾ പോയ് മറഞ്ഞു, ഋതു
ബന്ധമഴിഞ്ഞു, തിര കവർന്നീക്കര."

നിൽപ്പു ഞങ്ങൾ വഴിവക്കിലധോമുഖ
ദുഃഖ ഭരിതരാം  ത്വൽ  പ്രപിതാമഹർ
ഒക്കെയും വെട്ടി നിരത്തി, വെണ്ണീറാക്കി
വക്ഷോജമൂറ്റിക്കുടിച്ചു തെഴുത്തവർ.

ഭൂമി ഉപേക്ഷിച്ചു പോകവേ, ആവാസ
സൗരയൂഥങ്ങൾ തിരഞ്ഞലഞ്ഞീടവെ,
നിന്നന്തരാത്മാവിനാഴങ്ങളിൽ പുക
ചിന്തും  വെറുപ്പായി മാറട്ടെ പൂര്‍വ്വികര്‍.

പോക നീ വത്സാ; ഉദകത്തിനിറ്റുനീർ
ശേഷിച്ചിടാത്തൊരനാവൃത്ത ഭൂമിയെ
ദൂരെ  ഉപേക്ഷിച്ചു പോകെ മറക്കൊല്ല
നേരുകൾ നൽകിയ പാഠമൊരിക്കലും.



---------------------
26.08.2019



Wednesday 17 July 2019

കൗതുകവാർത്തകൾ



വാർത്തകളുടെ ലോകം കീഴ്മേൽ മറിഞ്ഞുപോയി. സാങ്കേതികതയുടെ കുതിച്ചുചാട്ടത്തോടെ വാർത്തകളുടെ ഉറവിടവും, വ്യാപനവും, ഒഴുക്കും, ദിശയും ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. 'സത്യാനന്തര യുഗം' എന്നു പറയപ്പെടുന്ന ചുറ്റുപാട് എല്ലാക്കാലത്തുമുണ്ടായിരുന്നു. വാർത്തകൾ എല്ലാക്കാലത്തും വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും fake news  'യഥാർത്ഥ' വാർത്തയായി പരിണമിക്കുകയും, പല ആവർത്തി അവതരിക്കുകയും, അതു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വലിയ തോതിൽ മാറ്റി മറിക്കുകയും ചെയ്യന്ന ഭീകരമായ അവസ്ഥ, ഈ ദശകത്തിന്റെ പ്രതേകതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, മാധ്യമ ഉപഭോകതാക്കളെ അവരുടെ വരുതിയിൽ പിടിച്ചു നിറുത്തുവാനായി  കൗതുക-വൈകാരിക വാർത്തകളിൽ അഭയം തേടിയിരിക്കുന്നു എന്ന കേവല സത്യം നമ്മൾ തിരിച്ചറിയുന്നു.

വാർത്തയിൽ തട്ടി കമഴ്ന്നു വീണു ചില
നാട്ടു പ്രമാണിമാർ ഇന്നു പുലർച്ചയിൽ.

വാർത്ത വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
വാർത്താ വ്യവസായ ശാലയൊന്നിന്നലെ
കോർത്തു വിക്ഷേപിച്ച കൗതുകവാർത്തയിൽ
നാട്ടു പ്രമാണീസ് തകർന്നുപോയ് തൽക്ഷണം.

fake ആണതെന്നു വിലപിച്ചു കൊണ്ടവർ
fact നിരത്തിയെന്നാകിലും കേൾക്കുവാൻ
വാർത്തപ്പണിക്കാരണഞ്ഞില്ലണഞ്ഞവർ
പാർത്ത സത്യങ്ങൾ കെടുത്തിക്കളഞ്ഞുപോയ്.

സിംഹാസനങ്ങൾ കുലുക്കുവാൻ വാർത്തകൾ
തങ്കക്കിരീടം പണിയുവാൻ വാർത്തകൾ
ശൂന്യത്തിൽ നിന്നും മെനഞ്ഞിന്ദ്രജാലമായ്
target ചെയ്യുവാൻ കൗതുക വാർത്തകൾ.

data അരിച്ചു പെറുക്കി മസാലയും,
fat ഉം കടത്തിപ്പൊലിപ്പിച്ച വാർത്തകൾ
yeast മുളപ്പിച്ചു gas ആയ വാർത്തകൾ
തീറ്റയ്ക്കജീർണ്ണം ഉറപ്പായ വാർത്തകൾ.

നിർദ്ദോഷ സത്യം വളച്ചു നിറം ചേർത്തു
മസ്തിഷ്കമുറ്റിക്കുടിക്കുവാൻ വാർത്തകൾ,
നിസ്സംഗമായിച്ചിരിയിലൊളിപ്പിച്ച
പിച്ചാത്തിപോലെത്ര കൗതുകവാർത്തകൾ!

----------------
17.07.2019

Friday 24 May 2019

പിൻ ദർശിനി



മൂടുപടത്തിൻ ജനാലതന്നുള്ളിൽ നി  -
ന്നാരെയോ തേടിവരുന്നിന്ദ്രജാലമായ് 
ചേതോഹരം മിഴിപ്പൂക്കൾ, കിനാവുകൾ
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയിൽ.

ചാരെ ചരിക്കുമീ പിൻദർശിനിക്കുള്ളി-
ലാരോ കുലച്ചൊരീ ഇന്ദ്രധനുസ്സുകൾ
തേടുവതേതൊരു മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കും മരാള സ്വപ്നങ്ങളെ.

ദീപനാളങ്ങൾ പദങ്ങളാടുന്നൊരീ
ചാരു ശിലാ മണ്ഡപത്തിൽ നിശീഥിനി
കീറി മുറിക്കുന്ന നീലോല്പലങ്ങളെ-
ന്തോതുന്നു, കൂടണയാൻ തിടുക്കമോ? 

അവസാനത്തെ വണ്ടി



അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.


അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ 
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.

----------
27.09.2018

Wednesday 22 May 2019

മൗനമേഘങ്ങൾ



പെയ്യാതെ നിൽക്കും ഘനശ്യാമമൗനമേ
ചൊല്ലീടുമോ നിൻ പരിഭവങ്ങൾ?
ചൊല്ലാൻ മടിക്കുന്ന മൗനാധരങ്ങളെ
പെയ്യുമോ നിങ്ങൾ ഋതുവർഷമായ്

രാവു ചേക്കേറും ചികുരഭാരത്തിലെൻ
പാതി മുഖമൊളിപ്പിച്ചുനിൽക്കെ,
പാടാൻമറന്നൊരീറക്കുഴൽ ചാരത്തു
പ്രാണ മരുത്തിനെ കാത്തിരിക്കെ,
കാറ്റായുഴിഞ്ഞിടാം, മൗനം മറന്നെന്റെ
നീറ്റലിൽ നീ പെയ്തിറങ്ങീടുമോ?

പാതിമറഞ്ഞ പനിമതിതൻ നിഴൽ
വീണൊരീ മൗനസരോവരത്തിൽ,
തോണി തുഴഞ്ഞിരുൾ കീറി മറയുന്ന
പാതിരാഗ്രീഷ്മനിശ്വാസങ്ങളിൽ,
മൗനമുടഞ്ഞൊരാമന്ത്രണം സാഫല്യ-
പങ്കേരുഹമായ്‌ വിരിഞ്ഞിടട്ടെ.

എൻവിരൽകൊണ്ടൊന്നു തൊട്ടാലുടയുന്ന
മൺകുടം നിൻ മൗന മേഘങ്ങളിൽ
ഒന്നു ചുംബിക്കട്ടെ, നീ തുലാവർഷമായ്
എൻ നൊമ്പരങ്ങളിൽ പെയ്തിറങ്ങു.

------------
22.05.2019

Thursday 9 May 2019

ജന്മദിനം



പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു  ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"

താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"

കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?" 
-----------------
09.05.2019

Wednesday 24 April 2019

രണ്ടു ദ്വീപുകൾ


ന്യൂസിലാൻഡ് ചോദിച്ചു,
"അനുജത്തി, നിനക്കു സുഖമാണോ?"
ശ്രീലങ്ക പറഞ്ഞു "ഉം"
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്കു
മൗനത്തിന്റെ മഹാസമുദ്രമുണ്ടായിരുന്നു.

*15 മാർച്ച് 2019 - ന്യൂസിലാൻഡ്,  ക്രൈസ്റ്റ് ചർച്ചിലെ ആരാധനാലയങ്ങളിൽ നരഹത്യ നടന്നു. 
*21 ഏപ്രിൽ 2019 - ശ്രീലങ്ക, കൊളംബോയിലെ  ആരാധനാലയങ്ങളിൽ നരഹത്യ നടന്നു.
--------------
24.04.2019

Thursday 18 April 2019

തീവണ്ടികൾ സമരത്തിലാണ്



കിതച്ചെത്തിയ ഒരു തീവണ്ടി ചോദിച്ചു
"കൊല്ലത്തിൽ എല്ലാ ദിനവും
കൊല്ലത്തു നിന്നും തുടങ്ങി
കൊല്ലത്തു വന്നവസാനിക്കുന്നതിൽ
എന്താണൊരു ത്രില്ല് ?"
അവളുടെ ലോകം
കൊല്ലത്തു തുടങ്ങി
മധുരയിൽ അവസാനിക്കുന്നു.
ഒരിടവേളയ്ക്കു ശേഷം മധുരയിൽ തുടങ്ങി
കൊല്ലത്തവസാനിക്കുന്നു.
കാഞ്ചീപുരം അവൾക്കകലെയായിരുന്നു.
വാരണാസി എന്നും ഒരു സ്വപ്നമായിരുന്നു.
നിസാമുദീൻ ഒരു കേട്ടുകേഴ്വിയും.

ഒരിക്കലെങ്കിലും ഓടിയെത്തുമ്പോൾ
ഇരുമ്പു പാളങ്ങൾ ഒന്നിക്കുമെന്നവൾ കരുതി.
സമാന്തരങ്ങൾ ഒരുമിക്കുമെന്നു
ഓരോ യാത്രയിലും അവൾക്കുറപ്പുകിട്ടിയിരുന്നു.
ഹതാശരായി ഓടാൻ മാത്രം വിധിക്കപ്പെട്ട തീവണ്ടികൾ!
കിതച്ചു, പൊടിയേന്തി, വിതുമ്പി, കരിപിടിച്ച
എത്രയോ യാത്രകൾ!
അവരുടെ സ്വപ്നങ്ങളിൽ പാളങ്ങളില്ലാത്ത
സമതലങ്ങൾ ഉണ്ടായിരുന്നു.
ഇരുമ്പു പാളങ്ങളുടെ പ്രത്യക്ഷ നിയന്ത്രണങ്ങളും,
ടൈം ടേബിൾ ഗ്രന്ഥങ്ങളുടെ അദൃശ്യ നിയന്ത്രണങ്ങളും
ഇല്ലാത്ത ഒരു സമലോകം ഉണ്ടായിരുന്നു.

സമയം തെറ്റി ഓടുന്ന ഗാന്ധിദം എക്സ് പ്രസ്സുകൾ,
ഇഷ്ടമില്ലാത്തവരുമായി ഓടുന്ന കണ്ണൂർ എക്സ് പ്രസ്സുകൾ,
ആർക്കോ വേണ്ടി പൊങ്ങച്ചം കാട്ടാൻ വിധിക്കപ്പെട്ട
രാജധാനി എക്സ് പ്രസ്സുകൾ,
ഒരിക്കലെങ്കിലും കാലിയായി യാത്ര ചെയ്യാൻ കഴിയാത്ത
പാവം തീവണ്ടികൾ.
കാലത്തിനൊപ്പമെത്താനുള്ള നിരന്തരമായ
പരക്കം പാച്ചിലുകൾ...

തീവണ്ടികൾ സമരത്തിലാണ്...
നാളെ അവർ ഇരുമ്പു പാളങ്ങളിൽ നിന്നും പുറത്തുവരും.
അന്നവർ ഇഷ്ടമുള്ള ഇടങ്ങളിൽ
തനിയെ യാത്ര ചെയ്യും.
ആരെയും ഭയക്കാതെ,
അല്പം ധിക്കാരമായിട്ടു തന്നെ!
-------------------
16.04.2019

ഡിജിറ്റലിലേക്ക്*





കവിത വന്നെന്റെ ജാലകപ്പാളിതൻ
വെളിയിടത്തിലായ് നിൽക്കുന്നു, ശാന്തമീ
പുലരിയിൽ ചെറു വാകകൾ പൂക്കുന്ന
നറു സുഗന്ധത്തി ലെന്തോ മറന്നപോൽ.

കരുണയോലും മിഴിപ്പൂക്കൾ തേടുന്ന 
പുതു സമീക്ഷയീ ജാലകപ്പാളിക്കു
പുറകിലുത്സവ മേളം മുഴക്കുന്നു.
വരിക ധന്യ നീ സൗന്ദര്യധാമമെ!

പതിയെ ഞാൻ തുറന്നീടട്ടെ ജാലകം
പുളകമേകിയെൻ കൈകൾ കവർന്നിടു.
തരള കോമള കാമ്യ പാദങ്ങൾ വ-
ച്ചകമലരിൽ കടന്നു വന്നീടു നീ.

കണിശമായ് 'ഏക,ശൂന്യ'ങ്ങൾ മീട്ടുന്ന
മധുര മായാവിപഞ്ചികാ ഗാനത്തിൽ
കവന കന്യകേ കാൽച്ചിലമ്പിട്ടു നീ
 മഹിത, ലാസ്യ പദങ്ങളാടീടുക.

പഴമ മാറാല കെട്ടിയ താളിന്റെ
പടിയിറങ്ങിത്തിരിഞ്ഞു നോക്കാതെ നീ
മഷിപുരണ്ടിഷ്ടവസനമുപേക്ഷിച്ചു
ശമ്പള വാഗ്ദത്ത ഭൂമിക തേടുന്നു.

ഇവിടമാണു നീ തേടുന്നനശ്വര
പ്രണയ സാന്ത്വന ശ്രീരംഗമണ്ഡപം.
ഇവിടമാണു നീ തേടും വിപഞ്ചികാ
മധുര നാദം മുഴങ്ങും സഭാതലം.

കനക നൂപുരം ചാർത്തി, സുസ്മേരത്തി-
നൊളി പരത്തി നീ നർത്തനമാടവെ
മരണ സ്വപ്‌നങ്ങൾ കാണാ മരങ്ങളെ-
ത്തഴുകി തെന്നലെൻ കാതിൽ മന്ത്രിക്കുന്നു.

"തിരകൾ മാടി വിളിക്കുന്നു, പിന്നിൽ നി-
ന്നടവി 'കാത്തുനിൽക്കെന്നു' ചൊല്ലീടുന്നു,
ഇനി വിളംബമില്ലെത്രയോ ദൂരങ്ങൾ
കരുതി നിൽക്കുന്നു കാലാതിവർത്തിയായ്"


 ---------------------------
* 18.04.2019