Wednesday, 16 October 2024

വിരുദ്ധവിഷാദം



ഉണരുന്നുയരുന്നരുണൻ സദയം
ഉണരുന്നു നിശാംബര വീഥിയിൽ നി-
ന്നുണരുന്നു സഹസ്ര ദളങ്ങളുമാ-
യുണരുന്നിള ഭാസുര വീചികളിൽ.

ഉണരുന്നു തൃണങ്ങൾ, തരുക്കളിൽ നി-
ന്നുണരുന്നു കിശോര ദലങ്ങൾ മുതൽ
ഉണരുന്നിളകുന്നിളവല്ലി വരെ
ഉണരുന്നു സുഗന്ധസുമം കുളിരിൽ.

ഉണരുന്നചലങ്ങളഹം പൊരുളിൽ
ഉണരുന്ന മരുത്തുലയുന്നിരുളിൽ
ഉണരുന്നു പ്രചണ്ഡ പ്രഭാകിരണൻ
ഉണരുന്നു ചിദംബരമായാഖിലം.

ഉണരു ഉയരു നിജ മാനസമെ
ഉണരു തമസാവൃത സീമയിൽ നി-
ന്നുണരു പുരുഷാന്തര സൗഹൃദമാ-
യുണരു സുഖ സംചലനങ്ങളിൽ നീ.

ഉണരു ദൃഢ ഹൈമനിലങ്ങളിൽ നി-
ന്നുണരു ഒഴുകാതെയുറഞ്ഞരുവി,
ഉണരു സരസീരുഹമഞ്ചിതമാ-
യുണരു മനപങ്കജമെ വിടരു.

------------

13.10.2024

Friday, 16 August 2024

എന്തിനണഞ്ഞു നീ



എന്തിനണഞ്ഞു നീ സ്വപ്നങ്ങളിൽ വീണ്ടു-
മെന്തിനെൻ ശയ്യാഗരത്തിൽ വീണ്ടും?
മന്ദസ്‌മിതാലക്ത്തികാഭയിലായിര-
മിന്ദീവരങ്ങൾ വിടർത്തി വീണ്ടും?

സന്ധ്യ ചേക്കേറുമെന്നന്തരാത്മാവിന്റെ   
വന്ധ്യതരുക്കളിൽ പൂ വിടർത്താൻ
എന്തിനു വീണ്ടുമണഞ്ഞു സുഷുപ്തിയിൽ
മന്ദ കിശോരപക്ഷങ്ങൾ വീശി?

ഉൽഭുല്ലമാകുമുഷസ്സിൻ ദളങ്ങളിൽ
സൽ സുര നീഹാരമിക്കിളിതൻ
സപ്ത തരംഗമുണർത്തവേ മൂകമാ-
യെത്തിയതെന്തിനീ കമ്പളത്തിൽ?

എന്നോ കൊഴിഞ്ഞ വാഗ്‌ദാനപുഷ്‌പം കൊരു-
ത്തെന്തിനീ സങ്കല്പ മാല്യവുമായ്
മെല്ലെ തുറന്നെഴുന്നെള്ളി മനസ്സിന്റെ 
യുള്ളിൽ വിമൂകാനിലൻ കണക്കെ.  

നിദ്രതന്നാഴത്തിൽ നീന്തും കിനാക്കളെ
വിസ്മയാകാരവികാരങ്ങളെ,
മന്മനോകൈവർത്തകൻ കാത്തിരിക്കുന്നു
തന്മയത്വത്തിൻ വലയുമായി.


-----------

മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്.
"മോഷ്ടിക്കുമ്പോൾ 
വള്ളി പുള്ളി വിടാതെ മോഷ്ടിക്കണം. ദയവായി അക്ഷരത്തെറ്റു വരുത്തരുതേ..."

16.08.2024

Tuesday, 16 April 2024

ജലസ്മരണകൾ


ജലമൊഴിഞ്ഞേറെയും വറ്റി വരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചകോരങ്ങൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
നയനസൂപങ്ങളിൽ കാമം തുളുമ്പുന്നു.

സജല, സചഞ്ചല താരുണ്യ ഭംഗിയാ-
ളൊഴുകിയുണർത്തിയ മന്വന്തരങ്ങളിൽ 
ഖനിയിലൊളിപ്പിച്ച  കാമ്യമുഹൂർത്തങ്ങൾ    
വിമല വൈഡൂര്യസ്‌മൃതികളായ് മാറിയോ? 

ജലമുകുളങ്ങളിൽ ഇന്ദ്രനീലദ്യുതി
ചപലസൗന്ദര്യം നിറച്ചപകലുകൾ,

കനവിൻചിരാതുകൾ കത്തും മിഴികളിൽ
കരിനീല കാന്തമെഴുതിയ രാവുകൾ,  

വിരഹ വിവശയായ് കുഞ്ഞിളം തെന്നലിൽ
പ്രണയാഭിലാഷം കുറിച്ചിട്ട നാളുകൾ,

തിര ലാസ്യമാടി, തീരത്തിൻ നിഗൂഢമാം
മറുകിലൊരിക്കിളിപ്പൂ വിരിയിച്ചനാൾ,

നഖമുനപ്പാടിൻ വസന്തങ്ങളിൽ നേർത്ത
മധുരോപഹാരമായ് മോഹം കിനിഞ്ഞനാൾ,

പെരുമഴയെത്തിത്തുടിച്ചു മദിച്ചൊരീ
കരകളെ നക്കിത്തുടച്ചു രമിച്ചനാൾ,

മറുകരയൊന്നിച്ചു നീന്തിപ്പുലർച്ചതൻ
മണലിൽ തളർന്നു മയങ്ങിക്കിടന്നനാൾ,

സജലസമൃദ്ധമിക്കാട്ടുതേനോർമ്മകൾ
മധുരം നിറയ്ക്കുന്നു പാനപാത്രങ്ങളിൽ! 


തിര പോറലേല്പിച്ചുപേക്ഷിച്ചൊരായിരം
മുറിവുകൾ മണ്ണിൻ വിധുരഗീതങ്ങളായ്
പടരുന്നതിൻ മന്ദ്ര നാദോപധാരകൾ
മതിയുണർന്നീടുവാൻ നിന്നിലുണരുവാൻ.

ഒരു ചുംബനത്തിന്റെ ചാലകത്തിൽക്കൂടി
ഒഴുകിയെത്തുന്നോരീ വിദ്യുത് പ്രവാഹത്തിൽ
സുകൃതമിക്കാരിരുമ്പിന്ദ്രജാലം പോലെ
പുതുകാന്തവീചി ചുരത്തുന്നു ചുറ്റിലും!

നിറയുന്നു ശുഷ്കമീ ശാഖോപശാഖയിൽ
കുളിരുള്ള താപപുഷ്പങ്ങൾ, സഹസ്രങ്ങൾ.

കരതലത്തിൽ നീ മയങ്ങുന്നു പുഞ്ചിരി-
ക്കുമിളകളെന്നെപ്പൊതിയുന്നു നിർദ്ദയം. 

------------

26.08.2021



Monday, 19 February 2024

കനറി വാർഫിലെ തല


കെട്ടിയുയർത്തിയ ചില്ലു കൊട്ടാരങ്ങൾ
ചുറ്റിലും കോട്ടകൾ തീർത്തൊരു ചത്വര-
മദ്ധ്യേ ഉയർന്ന പീഢത്തിൽ നീ കണ്ടുവോ
വെട്ടി മുറിച്ചിട്ട മാതിരിയിത്തല?

പണ്ടു പായ്ക്കപ്പലും, ആവിയാനങ്ങളും 
കൊണ്ടു മുഖരിതമായിരുന്നീത്തുറ.
പണ്ടകശാലകൾ പട്ടും, പവിഴവും 
കൊണ്ടു നിറച്ചു മദിച്ച നൂറ്റാണ്ടുകൾ
കൈയിൽ കടിഞ്ഞാൺ പിടിച്ചു നിയന്ത്രിച്ചു 
കൈതവകണ്മഷ വാണിജ്യ വാജിയെ.
പിന്നെ പാതാറിന്റെ അസ്ഥിവാരത്തിൽ നി-
ന്നെന്നോ ഉയർന്നതാണീ  സുരമണ്ഡലം. 

ബന്ധുര ഭൂഗർഭ "മാളുകൾ", ജിമ്മുകൾ,
മുന്തിയ ഭോജനശാലകൾ, ബാറുകൾ,
സന്താപമില്ലാതെയാക്കുന്ന സത്രങ്ങൾ,
അന്തപ്പുരം പോലൊഴുകുന്ന  കാറുകൾ.

ലോക വണിക്കുകൾ വന്നു ചേക്കേറുന്ന 
മായിക മാസ്മര മണ്ഡലമെങ്കിലും
വെട്ടിയിടുന്ന ശിരസ്സുകൾ കൊണ്ടഭി-
ശപ്തമീ ലോക വാണിജ്യ യുദ്ധക്കളം.

ഭദ്രാസനങ്ങളിൽ പുഷ്പാഭിഷിക്തനായ്
നിത്യമിരുത്തില്ലൊരുവനെയും ദൃഢാ.

കൊണ്ടും കൊടുത്തും ചുരികാധരങ്ങൾക്കു
ചെഞ്ചോരയേകി തരംപോലെ മുങ്ങിയും,
സ്വന്തം നൃപേന്ദ്രനെ ഒറ്റി, നിലം പറ്റി
ബന്ധുവായ് ശത്രുപക്ഷത്തിൽ ചേക്കേറിയും,

കപ്പം കൊടുക്കാതിരിക്കാൻ ഗുമസ്തരെ
നിത്യമിരുത്തിയും, കുത്തിത്തിരിപ്പുകൾ
നിത്യം നടത്തി, അന്താരാഷ്ട്രയുദ്ധങ്ങൾ
മൊത്തമായ് പ്രായോജനം ചെയ്തു കൂടിയും,
എത്ര കഷ്ടപെട്ടു നേടിയതായിരു-
ന്നെത്ര മനോഹരമായ സിംഹാസനം!

"എത്ര ലാഭം?" എന്ന ഖഡ്ഗം ശിരോപരി
കുത്തനെ തൂങ്ങുന്ന സിംഹാസനങ്ങളിൽ
നിത്യ കല്യാണികളക്കങ്ങളാടുന്ന
മുഗ്ദ്ധമദാലസ നൃത്തങ്ങൾ കാണവെ,
പ്രശ്നോത്തരി പോലെ  ബാലൻസുഷീറ്റിലെ
കിട്ടാക്കടത്തിൽ തെറിച്ചതാണിത്തല.

------------------

18.02.2024

(Scupture by Polish artist Igor Mitoraj at Canary Wharf, London)

Thursday, 15 February 2024

മറന്നുപോയോ?

തുറന്നിട്ട ജാലകത്തിൻ വിരിപ്പിലൂടരിച്ചെത്തു-  
മുറങ്ങാത്ത മണിക്കാറ്റിന്നിലഞ്ഞിഗന്ധം 
ഉണർത്തുന്നു വികാരങ്ങൾ, നിറഞ്ഞ മാഞ്ചോട്ടിൽ വീണ 
കനികളോടൊപ്പം പോയ മധുരകാലം.

കുളിർ മഞ്ഞു പുലരിയിൽ കിളിച്ചുണ്ടൻ ചോട്ടിലെത്തി 
കലഹിച്ചു മധുരങ്ങൾ പകുത്തബാല്യം,  
വിരിഞ്ഞ കാർത്തികപ്പൂക്കൾ അടർത്തി കൈവിരൽത്താര്   
മുനയേറ്റു ചുവന്നതും മറന്നുപോയോ?

നിഴൽവീണ വിജനമാവഴിയിലന്നൊരുനാളിൽ 
കരളിലേക്കൊളിയമ്പു തൊടുത്തമോഹം
കരിമുകിൽ കാണെ പീലിനിരനീർത്തി കാമനകൾ 
ക്കുയിരു കൊളുത്തിയതും  മറന്നുപോയോ?

പ്രണയിനിക്കുടലിന്റെ പകുതി കൊടുത്ത മൂർത്തി
തനിയെയിരിക്കും കോവിൽ നടയിലെത്തി
ഇനിയില്ല, പകലോനുള്ളൊരുനാളും പിരിയില്ലെ
ന്നരുളി വേർപിരിഞ്ഞതും മറന്നുപോയോ?
--------------
24.10.2022

അഭയാർത്ഥികൾ





തലകുനിച്ചു നിൽക്കുന്നതാരീ രാജ-
ഗതിയിലജ്ഞാതരന്ധകാരം പോലെ,
നിഴലുപോലുമുപേക്ഷിച്ചു പോയവർ,
വ്രണിതമാനസരെൻ സഹചാരികൾ?


സമയ വേഗഹയത്തിൻ പുറത്തു നി-
ന്നിലകൾ പോലെയടർന്നു പതിച്ചവർ,
പതിവുതെറ്റിപ്പിറന്നവർ, ദുർഗ്രഹ
നിലകളിൽ പെട്ടുപോയ നിരാശ്രയർ.


വ്യധിത മൂകരായ് നിൽക്കുന്ന ധോമുഖ
ധരിതർ, ഉഷ്ണ നിശ്വാസങ്ങളിൽ നഷ്ട-
സുഭഗ സ്വപ്നങ്ങൾ വാറ്റിയെടുപ്പവർ,
കരുതിവയ്ക്കുവാനൊന്നുമില്ലാത്തവർ.


പിറവി കൈക്കൊണ്ട മണ്ണിൽ നിഷ്കാസിതർ
പലയിടങ്ങളിൽ ചിന്നിച്ചിതറിയോർ,
എവിടെ വാഗ്ദത്ത ഭൂമിയെന്നാരാഞ്ഞു
വഴി പകുതിയും പിന്നിട്ടു പോയവർ.


അമിതഭോഗസുഖാർത്തിയിലെൻ നീല
നയനമർദ്ധനിമീലിതമാകവേ
കരടുപോലഭിശപ്ത ദൃശ്യം തീർത്തു
തലകുനിച്ചവർ നിൽക്കുന്നു പിന്നെയും.

Friday, 9 February 2024

കേരളഗാനം


മലകളെ കൈവളയണിയിച്ച പുഴകൾക്കു
പനിനീരു പകരുന്ന ജലദങ്ങളെ,
മഴവില്ലിനിഴ കൊണ്ടു നെയ്തതാരീ ഇന്ദ്ര-
പുരികളെ വെല്ലുന്ന ഹരിതതീരം?
പകരങ്ങളില്ലാത്ത ലാവണ്യമേ, ഇന്ദു-
കല ചൂടി നിൽക്കുന്ന താരുണ്യമേ,
ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം. 

ഒരു കുഞ്ഞു കാറ്റിന്റെ ചിറകിൽ കളിച്ചെത്തു-
മഴകെഴും ബുദ്ധമയൂരങ്ങളെ,
മഴപോയ മേടത്തിനൊളിയിൽ കണിക്കൊന്ന
വിരിയുന്ന വാടിതൻ നവഭംഗിയിൽ,
മലമുഴക്കിക്കൊണ്ടു പാടുന്നതാരെന്റെ
ഹൃദയം കൊതിപ്പിച്ച  മധുരഗീതം.
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

പശയുള്ള മണ്ണിൽനിന്നിളനീർക്കുടങ്ങളെ
വിരിയിക്കുമജ്ഞാത വിരലുകളിൽ
ഋതുസംക്രമോജ്വലമംഗുലീയം ചാർത്തി
സവിതാവു വിണ്ണിൽ ചിരിച്ചു നിൽക്കെ,
ചകിത മത്സ്യങ്ങളെ തഴുകും സരോവര
നളിനങ്ങൾ മൂളുന്നതേതു ഗാനം?
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

ഹരിനീലകമ്പളം ചൂടി സഹ്യാചാല-
മെഴുതിയ സന്ദേശധാരയുമായ്
പെരിയാറു തുള്ളിക്കളിച്ചെത്തവെ നീല-
നയനങ്ങളിൽ പ്രേമദാഹവുമായ്,
കടലേറ്റു പാടുന്നൊരമരഗീതം ഏഴു
കരകളിൽ പുളകം വിരിച്ച ഗീതം;
"ഇതു കേരളം ഇളയ്ക്കഭിമാനമേകുന്ന
മധുരാനുഭുതിയാം മമ മന്ദിരം."

"ഇതു കേരളം മന്നിലിതു കേരളം ഇളയ് -
ക്കഭിമാനമേകുന്ന മണി മന്ദിരം."

Monday, 25 December 2023

ചരിഞ്ഞ ക്രിസ്തുമസ് ട്രീ


ഒട്ടു ചരിഞ്ഞു നിൽക്കുന്നു ഹേമന്തത്തി-
ലുൾപ്പുളകം ചാർത്തി ക്രിസ്തുമസ് ട്രീ.
മുത്തുകൾ, ഹേമഗോളങ്ങൾ, നിലയ്ക്കാതെ
കത്തിയണയും പ്രഭാങ്കുരങ്ങൾ, 
ദർപ്പണങ്ങൾ, താരതോരണങ്ങൾ, മോഹ-
വിസ്മയമേകും നിറകൂട്ടുകൾ,
കൊച്ചു സമ്മാനപ്പൊതികളലുക്കുക-
ളുച്ചിയിൽ കൈകൂപ്പി മാലാഖയും.
ഒക്കെ വഹിച്ചനുരാഗിണിയെപ്പോലെ
മുഗ്ദ്ധ നതാംഗിയാം ക്രിസ്തുമസ് ട്രീ,
ചുറ്റും പുരുഷാരമാർത്തലയ്‌ക്കെ രാവി-
ലക്ഷയദീപ പ്രഭയിൽ മുങ്ങി,
ചത്വര മദ്ധ്യാങ്കണത്തിലാഹ്ളാദത്തിൻ
തല്പമൊരുക്കി ധനുക്കുളിരിൽ.

കാറ്റു ചരിച്ചില്ലജങ്ങൾ വലിച്ചതി-
ല്ലൂറ്റത്തി, ലെന്തു സുപ്പർസ്റ്റാറു പോൽ,
അല്പമിടിഞ്ഞുള്ള തോളിന്റെ ശൈലിയിൽ
വിഖ്യാതമാം പിസാ ഗോപുരം പോൽ,
എത്രയോ അങ്കുശമിട്ടു  തിരിക്കിലും
കൃത്യമായ് ലംബത്തിലാക്കുകിലും
കഷ്ടമിതൊട്ടു ചരിയുന്നു പിന്നെയും
കുട്ടിക്കുറുമ്പുള്ളൊരാനെയെപ്പോൽ.

എത്തിയോരാരോ പറഞ്ഞു "മരം വാമ-
പക്ഷത്തിലേക്കു ചേക്കേറി".
പക്ഷെ, തിരുത്തി "വലത്തിലേക്കാണതു
നിശ്ചയ"മെന്നതിലാരോ.
"ഒട്ടു പഴഞ്ചനാണീമരം പിന്നിലേ
ക്കല്പം ചരിഞ്ഞ"തെന്നാരോ,
ക്ഷിപ്രം തിരുത്തി "പുരോഗമനത്തിന്റെ
സൽതരു മുന്നിലേക്കത്രെ!"
ചുറ്റുമണഞ്ഞവർ വീശും നിഗമന-
പക്ഷങ്ങളിൽ കുളിർ കോരി,
പൊട്ടിച്ചിരിച്ച തെക്കൻകാറ്റു ചൊല്ലിയോ,
"കഷ്ടം കഥയെത്ര ശുഷ്‌കം!"

ചൈത്ര സുരാംഗന പോലെ വിശുദ്ധിതൻ
കൊച്ചു പത്രങ്ങളൊതുക്കി
നിൽക്കുന്ന പാദപച്ചോട്ടിൽ  ചിരിച്ചാർത്തു
കുട്ടികളോടിക്കളിക്കെ, 
ചുറ്റും പരക്കുന്ന "ശാന്ത രാവിൻ" ഗാന
നിർഝരിയോളങ്ങൾ തീർക്കെ,
ഒട്ടുദൂരത്തെ കടത്തിണ്ണയിൽ ശാന്തി
എത്തിനോക്കാത്തൊരിടത്തിൽ
അത്തെരുവോരത്തിലാരോ ഉപേക്ഷിച്ച
വൃദ്ധനിരാലംബരൂപം,
ക്ഷുത്തിലും, കിട്ടിയൊരപ്പം പകുത്ത, ത-
ന്നൊപ്പമുറങ്ങുന്ന ശ്വാവിൻ
വറ്റിയ നാവിലേക്കിറ്റിച്ച കാരുണ്യ
ദുഗ്ദ്ധം മഹത്തായ ദൃശ്യം,
ഒട്ടു നേരം നോക്കി നിന്നതാണാമരം
പക്ഷെ ചരിഞ്ഞുപോയല്പം.
എപ്പോഴുമന്യനിലേക്കു നയിക്കുന്ന
ഹ്രസ്വ പുരാതന മന്ത്രം
ഹൃത്തിൽ മുഴങ്ങിയാലാർദ്രമായ് മാറാത്ത
നിസ്തുല ചേതനയുണ്ടോ?

-------------------------

ഇതിലെന്താണ് ഇത്ര വലിയ പ്രത്യകത എന്ന് പ്രത്യക്ഷത്തിൽ തോന്നാം. വളരെ ആകർഷകമാണ് ക്രിസ്തുമസ് ട്രീ. വർണ്ണ ഗോളങ്ങളും, നക്ഷത്രങ്ങളും, വെട്ടിത്തിളങ്ങുന്ന വൈദ്യുത ദീപങ്ങളും കൊണ്ട് മനോഹരമാക്കിയ ക്രിസ്തുമസ് ട്രീ കണ്ണിനൊരു ആഘോഷമാണ്. ലംബമായി നിൽക്കുമ്പോൾ അതിൽ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ അല്പം വളഞ്ഞാണ് അതു നിൽക്കുന്നത് എങ്കിലോ? വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറിനെപ്പോലെ, അല്ലെങ്കിൽ, വിഖ്യാതമായ പിസാഗോപുരം പോലെ, ഒരു പ്രത്യേക ദിശയിലേക്കു ചായുന്ന ഒരു ക്രിസ്തുമസ് ട്രീ ആയിരുന്നു ഈ കഴിഞ്ഞ ക്രിസ്തുമസ് കാലത്തു എന്റെ ശ്രദ്ധ ആകർഷിച്ചത്. ചത്വര മദ്ധ്യത്തെ, കുട്ടികളോടിക്കളിക്കുന്ന അങ്കണത്തിൽ, നതാംഗിയായ അനുരാഗിണിയെപ്പോലെ അല്പം ചരിഞ്ഞ ഒരു ക്രിസ്തുമസ് ട്രീ. 

എല്ലാ കാര്യങ്ങൾക്കും കാരണങ്ങൾ ഉണ്ടാകുമല്ലോ? എത്ര തവണ നേരെ നിറുത്താൽ ശ്രമിച്ചാലും, കൃത്യമായി ചരിയുന്നതിന്റെ കാരണം എന്തെന്ന് നമുക്കു നോക്കാം. 

24.12.2023


          

Saturday, 21 October 2023

ആത്മഗീതം


ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ. 

മുള്ളുകൾ കൊണ്ടു കൊണ്ടുള്ളം തഴമ്പിച്ചു
ചൊല്ലക കാരുണ്യ ഗാഥേ
എല്ലാ ഋതുക്കളും വർഷ ഗാന്ധാരമോ
എങ്ങു പോയ് വാസന്ത നാദം?

സത്യം കൃതജ്ഞത മാത്രം നിരാമയ
നിത്യ മീ സൗരയൂഥത്തിൻ
മുഗ്ദ്ധലാവണ്യാമൃതം നുകർന്നീടുവാൻ
കെൽപ്പു നീ നൽകിയതോർത്താൽ

എത്രയോ അക്ഷൗണി യുദ്ധങ്ങളേകിലും
പത്മവ്യൂഹത്തിലായാലും
പ്രത്യക്ഷഹീനമാകില്ല സമഷ്ടിയോ
ടിഷ്ടം വെളിവുള്ള നാളിൽ

ദുഃഖാസവത്തിനു പഥ്യം ചിദാനന്ദ
ദുഗ്ദ്ധം, സഹസ്രാരപത്മം
ബുദ്ധ്യേ വിടർത്തുന്ന സൂര്യാ ശമിക്കില്ല
മൽ ചാരിതാർത്ഥ്യം നിതാന്തം.

---------------------

02.10.2023

Wednesday, 2 August 2023

മമ മലയാളം

പുഴയൊഴുകും വഴി മഴ പൊഴിയും വഴി
മൊഴിയുന്നു മമ മലയാളം.


താവഴി തമിഴകമീറ്റില്ലങ്ങളിൽ
ദേവമുദിച്ചു മലയാളം.

ലാവണ്യോത്സവ മണികളിൽ വിദ്രുമ
രാശി പടർത്തിയ മലയാളം.

പാട്ടിൽ എതുകയണിഞ്ഞാപ്പടലകൾ
ഊട്ടി വളർത്തിയ മലയാളം.

ചീരാമാഖ്യ കൃതം ചരിതം നിജ
താരകമാക്കിയ മലയാളം.

ലീലാതിലകമണിഞ്ഞലലാടെ
ലോലമുഴിഞ്ഞഥ  മലയാളം.

ഭാരതമാല ധരിച്ചപി നിരണം
ഭാവന ചാർത്തിയ മലയാളം.

പ്രേമസമന്വയ സന്ദേശങ്ങൾ
പൂമഴയാക്കിയ മലയാളം.

രാസ മദാലസമരമണി ചമ്പുവി-
ലാഹിതമാക്കിയ മലയാളം.

ദേവാസുരയുദ്ധങ്ങൾ മിഴാവിൽ 
താളമുണർത്തിയ മലയാളം.

ഗാഥകൾ ചൊല്ലിയലഞ്ഞൊരു കാറ്റിൻ
പാദസരത്തിൽ മലയാളം.

കാവ്യരസാല വനത്തിൽ ശാരിക
പാടിയുണർത്തിയ മലയാളം.

ആതിര കുമ്മികളിച്ചൊരുരാവിൽ
കാതരയാകും മലയാളം.

ബാഹുകനാട്ടവിളക്കിൻ പ്രഭയിൽ 
മോഹമുണർത്തിയ മലയാളം.

ചായം തേച്ചു തരംഗിണി മുറ്റ-
ത്താടിഹസിച്ചതിൽ മലയാളം.

സാമാജ നടന്ന നതോന്നതയിൽ കേ-
വഞ്ചി തുഴഞ്ഞു മലയാളം.

കാമ്യ കളേബരമൊരു പൂ വീണതി
ലമരത്വത്തിൻ മലയാളം.

കാനന വേണുവുമായജപാലകർ
ഭാവമുണർത്തിയ മലയാളം.

മാമ്പഴമുണ്ടു, മുളങ്കാടുകളെ
മാദകമാക്കിയ മലയാളം. 

താരകളിൽ  തിരമാലകളിൽ  നവ-
ധാര നിറച്ചിഹ മലയാളം.

വാമൊഴിയായി വടക്കൻ പാട്ടുകൾ
വാളുറയൂരിയ മലയാളം.

പാടവരമ്പത്തമ്പിളിയരിവാൾ
തേടിയിറങ്ങിയ മലയാളം.

നാടൻശീലുകളോണപ്പാട്ടുകൾ
പാടിനടന്നപി മലയാളം.

നാണത്തിൻ നറു സുറുമയുമെഴുതി
ആനതയായെൻ  മലയാളം.

രാഗിത രാഗലയത്തിരശീലയിൽ
വീണമുഴക്കിയ  മലയാളം.


മമ മധുരോത്സവ മുദിതാഹാരം
മൃതസഞ്ജീവനി മലയാളം. 

പുഴയൊഴുകും വഴി മഴ പൊഴിയും വഴി
മൊഴിയുന്നു മമ മലയാളം.